ഇന്ത്യൻ റോഡ് ഭരിക്കാൻ സ്മാ‌ർട്ട് കാറുകൾ

Monday 25 November 2024 12:48 AM IST

കൊച്ചി: സാങ്കേതികവിദ്യയുടെ സാദ്ധ്യതകൾ ഉപയോഗിച്ച് പുതിയ ഉയരങ്ങളിലേക്ക് ഇന്ത്യൻ കാർ വിപണി നീങ്ങുന്നു. അഞ്ചാം തലമുറ ടെലികോം സേവനങ്ങളും പുതിയ സാങ്കേതികവിദ്യകളും സാദ്ധ്യമാകുന്നതോടെ വിപ്ളവകരമായ മാറ്റങ്ങളാകും ഇന്ത്യൻ വാഹന വിപണിയിൽ ദൃശ്യമാകുന്നത്. അടുത്ത വർഷം അഞ്ചാം തലമുറ ആ‌‌ർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് നിയന്ത്രിക്കുന്ന കാറുകൾ ഇന്ത്യൻ റോഡുകൾ ഭരിക്കുമെന്ന് ടെക്കാർക്ക്സ് ഇന്ത്യ കണക്ടഡ് കൺസ്യുമ‌ർ റിപ്പോ‌ർട്ട്-2025ൽ പറയുന്നു. ഇന്ത്യയിലെ മെട്രോ ന​ഗരങ്ങളിത്തിൽ നടത്തിയ സർവേയിലാണ് ഇന്ത്യൻ വാഹന വിപണി അടിമുടി മാറുമെന്ന പ്രവചനം.

ഓട്ടോമോട്ടീവ് മേഖലയിൽ 5ജി സേവനങ്ങൾ വിപ്ളവങ്ങൾ സൃഷ്‌ടിക്കും. വണ്ടി വാങ്ങുന്നതിലുള്ള സഹായം മുതൽ സർവീസിലും പാർക്കിംഗിലും പരിപാലനത്തിലുമെല്ലാം സാങ്കേതികവിദ്യ സഹായമാകും.

കാറുകളിൽ വീടിന്റെ സൗകര്യം

അടുത്ത വർഷം ഇന്ത്യയിലെ പാസഞ്ചർ കാറുകളിൽ 5ജി മെഷീൻ ടു മെഷീൻ കണക്ടിവിറ്റി, ഓൺ ഡിവൈസ് ജെൻ എ.ഐ, ക്ലൗഡ് കണക്ടിവിറ്റി തുടങ്ങിയ അത്യാധുനിക ടെക്നോളജി ലഭ്യമാകും. ഡ്രൈവ‌ർമാ‌ർക്ക് ആവശ്യമായ പിന്തുണ ഇതിലൂടെ ലഭിക്കും. 20 ലക്ഷമോ അതിന് മുകളിലോ വില വരുന്ന കാറുകളിൽ ഈ ടെക്നോളജികൾ അടിസ്ഥാന സൗകര്യങ്ങളായി ലഭ്യമായേക്കും.

ഈ ടെക്നോളജിയുടെ വരവോടെ ഓഡിയോ/വീഡിയോ കോൺഫറൻസിംഗ്, ഒ.ടി.ടി വിനോദ ആപ്പുകൾ, മ്യൂസിക് സ്ട്രീമിംഗ്, പോഡ്‌കാസ്റ്റുകൾ, ഓൺലൈൻ ഷോപ്പിംഗ്, വാഹന അറ്റകുറ്റപ്പണികൾ, സേവനങ്ങൾ എന്നിവയുടെ കമ്മ്യൂണിക്കേഷൻ ആപ്പുകളും ഡ്രൈവിംഗ് സമയത്ത് ഉപഭോക്താക്കൾക്ക് ഉപയോഗിക്കാനാകും.

മാറുന്ന വാഹന വിപണി

ഡ്രൈവർമാർക്കും യാത്രക്കാർക്കും സുഖകരമായ യാത്ര, സുരക്ഷ എന്നിവയോടൊപ്പം വിനോദവും നൽകാൻ കഴിയുന്ന ഈ പുത്തൻ സാങ്കേതികവിദ്യകളാകും ഓട്ടോമൊബൈൽ മേഖലയുടെ ഭാവി നിർണയിക്കുക.

22 ഓട്ടോമൊബൈൽ നിർമ്മാതാക്കൾ ഇന്ത്യയിൽ പ്രതിവർഷം ഏകദേശം അൻപത് യാത്രാവാഹനങ്ങൾ നിർമ്മിക്കുന്നുണ്ട്. അടുത്ത കുറച്ച് വർഷത്തിനുള്ളിൽ ആഗോള 5ജി മെഷീൻ ടു മെഷീൻ വിപണിയിൽ രാജ്യം ഒന്നാംസ്ഥാനത്തായിരിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.