ശബരിമല: ഡിസം. 1 മുതൽ 6വരെ സുരക്ഷ ശക്തമാക്കും വീഡിയോ ചിത്രീകരണം നിയന്ത്രിക്കണം
കൊച്ചി: ശബരിമലയിൽ ഡിസംബർ ഒന്നു മുതൽ ആറുവരെ സുരക്ഷ ശക്തമാക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ഇതുസംബന്ധിച്ച് ശബരിമല ചീഫ് പൊലീസ് കോ-ഓർഡിനേറ്ററുടെ റിപ്പോർട്ട് മുദ്രവച്ച കവറിൽ സമർപ്പിക്കാൻ ജസ്റ്റിസ് അനിൽ കെ.നരേന്ദ്രനും ജസ്റ്റിസ് എസ്. മുരളീ കൃഷ്ണയും ഉൾപ്പെട്ട ദേവസ്വം ബെഞ്ച് നിർദ്ദേശിച്ചു. ഡിസംബർ ആറിന് ബാബറി മസ്ജിദ് ദിനവുമായി ബന്ധപ്പെട്ടാണ് സുരക്ഷ വർദ്ധിപ്പിക്കുന്നത്.
അതീവസുരക്ഷാ മേഖലയായ ശബരിമലയിൽ തിരുമുറ്റത്തും സോപാനത്തിന് മുന്നിലും മൊബൈൽ ഫോണിൽ ഭക്തർ വീഡിയോ ചിത്രീകരിക്കുന്നത് നിയന്ത്രിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഇതുസംബന്ധിച്ച് എക്സിക്യുട്ടീവ് ഓഫീസർ ഇന്ന് റിപ്പോർട്ട് സമർപ്പിക്കണം. ഫോണുകൾ കൊണ്ടുവരുന്നത് തടയാനാകില്ല.
സന്നിധാനത്ത് അയ്യപ്പ സേവാസംഘം ഒഴിഞ്ഞുകൊടുത്ത കെട്ടിടം വൃത്തിയാക്കി ദിവസവേതന തൊഴിലാളികൾക്ക് താമസത്തിന് നൽകിയതായി ദേവസ്വം ബോർഡ് അറിയിച്ചു. പമ്പയിലെ കെട്ടിടം താത്കാലിക ജീവനക്കാർക്കും തീർത്ഥാടകർക്കും സൗജന്യ താമസത്തിന് വിനിയോഗിക്കും. ഭക്തർക്കായി സ്ട്രെച്ചറും ഓക്സിജൻ പാർലറും ഒരുക്കാനുള്ള സേവാസംഘത്തിന്റെ അപേക്ഷയിൽ ഈയാഴ്ച തീരുമാനമെടുക്കുമെന്നും ബോർഡ് അറിയിച്ചു.
അമിതവില തടയണം
ശബരിമല, നിലയ്‌ക്കൽ, പമ്പ, തീർത്ഥാടനപാത എന്നിവിടങ്ങളിൽ കച്ചവടക്കാർ അമിതവില ഈടാക്കുകയോ മോശം ഭക്ഷണം നൽകുകയോ ചെയ്താൽ കർശന നടപടിയെടുക്കണമെന്ന് ഹൈക്കോടതി
എക്സിക്യുട്ടീവ് മജിസ്ട്രേട്ടും വിജിലൻസ് വിഭാഗവും തുടർച്ചയായ പരിശോധന നടത്തണം. നിഷ്കർഷിച്ച സ്ഥലത്ത് മാത്രമേ സ്റ്റാളുകൾ പാടുള്ളൂ
കരിക്കിന് 40 രൂപയാണ് നിശ്ചിതവില. ഇതിലേറെ ഈടാക്കുന്നതായി പരാതിയുണ്ട്
കച്ചവടക്കാരും ജീവനക്കാരും ഹെൽത്ത് കാർഡ് ഉള്ളവരാകണം. പൊലീസ് അനുവദിച്ച തിരിച്ചറിയൽ കാർഡ് ധരിക്കണം