അക്ഷരം മ്യൂസിയം നാടിന് സമർപ്പിച്ചു രാജ്യത്തെ ഭാഷാ വൈവിദ്ധ്യങ്ങളെ ഇല്ലായ്മ ചെയ്യാൻ ശ്രമം : മുഖ്യമന്ത്രി

Wednesday 27 November 2024 12:35 AM IST

കോട്ടയം : മലയാളമടക്കമുള്ള ഭാഷകളെ ഇല്ലാതാക്കി രാജ്യത്തെ ഭാഷാ വൈവിദ്ധ്യങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്ന ഘട്ടമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന സഹകരണ വകുപ്പ് നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ ഭാഷ - സാഹിത്യ - സാംസ്‌കാരിക മ്യൂസിയമായ 'അക്ഷരം" കോട്ടയം മറിയപ്പള്ളി ഇന്ത്യാപ്രസ് പുരയിടത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരൊറ്റ ഭാഷ സംസാരിക്കുന്ന നാട് എന്ന നിലയിലേക്ക് രാജ്യത്തെ ചുരുക്കാൻ ചിലർ കിണഞ്ഞ് പരിശ്രമിക്കുമ്പോൾ അതിനെതിരെയുള്ള ചെറുത്തുനിൽപ്പായി മ്യൂസിയം മാറും. ഭാഷയ്ക്കും സാഹിത്യത്തിനുമായി മ്യൂസിയം എന്ന ആശയം നൂതനമാണ്. നമ്മുടെ ഭാഷയെയും സംസ്‌കാരത്തെയും സംരക്ഷിച്ച് വൈവിദ്ധ്യങ്ങളെ നിലനിറുത്തണമെന്ന സന്ദേശമാണ് മ്യൂസിയത്തിലൂടെ ലോകത്തിന് പകർന്നു നൽകുന്നത്.
15,000 ചതുരശ്രയടിയിൽ ഒരുക്കുന്ന മ്യൂസിയം പൂർണമാകുന്നതോടെ കേരളത്തിന്റെ സാംസ്‌കാരിക ഭാഷാ സാഹിത്യചരിത്രം എല്ലാം അടയാളപ്പെടുത്തും. സാങ്കേതിക വളർച്ച പുസ്തകവും വായനയും ഇല്ലാതാക്കുമെന്ന ആശങ്ക ഉയർന്നെങ്കിലും പുസ്തക വായന പുതിയ തലത്തിലേക്ക് വളരുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി വി.എൻ. വാസവൻ അദ്ധ്യക്ഷത വഹിച്ചു. അഞ്ചാമത് അക്ഷരപുരസ്‌കാരം എം. മുകുന്ദന് മുഖ്യമന്ത്രി സമർപ്പിച്ചു. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ജസ്റ്റിസ് കെ.ടി. തോമസ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, കളക്ടർ ജോൺ വി. സാമുവൽ, ടി.പദ്മനാഭൻ, എം.കെ. സാനു, എം. മുകുന്ദൻ, എൻ.എസ്. മാധവൻ, വി. മധുസൂദനൻ നായർ, ഏഴാച്ചേരി രാമചന്ദ്രൻ, ഡോ. എം. ആർ. രാഘവവാരിയർ, ഡോ. വീണ എൻ. മാധവൻ, അഡ്വ. പി.കെ. ഹരികുമാർ, ഡോ. ഡി. സജിത് ബാബു, ബിൻസി സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.