അച്ഛന്റെ വേദന പാടി അകറ്റി കൃഷ്ണവേണി

Wednesday 27 November 2024 4:00 AM IST

നെയ്യാറ്റിൻകര: ജില്ലാ കലോത്സവ വേദിയിൽ മകൾ കൃഷ്ണവേണി വീണ വായിക്കുമ്പോൾ രാജീവിന്റെ മിഴികൾ നിറഞ്ഞൊഴുകി. ക്യാൻസർ കിടക്കയിൽ നിന്ന് രോഗമോചിതനായ അച്ഛൻ ആഗ്രഹിച്ചതുപോലെ അവൾക്ക് എ ഗ്രേഡോടെ ഒന്നാം സ്ഥാനം. അച്ഛനെ ചേർത്ത് പിടിച്ച് നെറ്റിയിൽ ചുംബിച്ചു. അമ്മ രജിതയുടെ കണ്ണുകളിലും നനവ് പടർന്നു.

നെയ്യാറ്റിൻകര ഗേൾസ് ജി.എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് കൃഷ്ണവേണി. നെയ്യാറ്റിൻകര രാമേശ്വരം 'തിരുവോണ'ത്തിൽ രാജീവ് ജി.നായർ ക്യാൻസർ ബാധിതനായി ബെഹ്റനിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തുമ്പോൾ, മകൾക്ക് നാലു വയസ്. ചികിത്സതുടരുമ്പോഴും മകളുടെ ആഗ്രഹം നിറവേറ്റാൻ സംഗീതം പഠിക്കാൻ കൊണ്ടുപോയി. രോഗം വർദ്ധിച്ചപ്പോഴും പിന്മാറിയില്ല. മകൾ പാടുന്ന പാട്ടുകളും കീർത്തനങ്ങളും രാജീവിന്റെ മനസ് നിറച്ചപ്പോൾ, അത് വേദനസംഹാരികളായി. ഒരു വർഷം മുമ്പ് രോഗമുക്തനായി. കഴുത്തിനും മുഖത്തിന്റെ ഒരു വശത്തും ബാധിച്ച രോഗം പൂർണമായും വിട്ടൊഴിഞ്ഞു. മുൻ വർഷങ്ങളിലും മകളെയും കൊണ്ട് സ്കൂൾ കലോൽസവങ്ങൾക്ക് എത്തിയിരുന്നു.അപ്പോഴെല്ലാം ശാസ്ത്രീയ സംഗീതത്തിലാണ് മത്സരിച്ചത്.

വീണ കൂടി പഠിക്കാൻ ഉപദേശിച്ചത് സ്‌കൂളിലെ സംഗീത അദ്ധ്യാപികയായ സരോജമായിരുന്നു. നാലുമാസം മുമ്പ് സുഹൃത്തായ കിഷോറിന്റെ കൂടി സഹായത്തോടെയാണ് 40,000 രൂപയ്ക്ക് വീണ വാങ്ങി മകൾക്ക് സമ്മാനിച്ചത്. സ്കൂളിൽ അദ്ധ്യാപികയായ സരോജവും പുറത്ത് അനിലും ഡോ. നിഷയും പരിശീലകരായി.

നാലുമാസം കൊണ്ടുപഠിച്ച പദ്മനാഭ പാഹി... എന്ന സ്വാതിതിരുനാൾ കീർത്തനം അവതരിപ്പിച്ചാണ് സംസ്ഥാനതല കലോത്സവത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്.

അമ്മ രജിത നെയ്യാറ്റിൻകര ഗേൾസ് ജി.എച്ച്.എസ്.എസിലെ താത്കാലിക അദ്ധ്യാപികയാണ്. നാലാം ക്ലാസ് വിദ്യാർത്ഥിയായ ശ്രീഹരി നായരാണ് സഹോദരൻ.