പതിനെട്ടാം പടിയിൽ പുറംതിരിഞ്ഞുനിന്ന് ഫോട്ടോഷൂട്ട്: ആചാരം ലംഘിച്ച പൊലീസുകാർക്ക് ശിക്ഷ നല്ലനടപ്പ് പരിശീലനം

Wednesday 27 November 2024 9:50 AM IST

തിരുവനന്തപുരം: ശ്രീകോവിൽപോലെ ഭക്തർ പവിത്രമായി കരുതുന്ന പതിനെട്ടാംപടിയിൽ പുറംതിരിഞ്ഞുനിന്നുകൊണ്ട് ഫോട്ടോഷൂട്ട് നടത്തിയ പൊലീസുകാർക്കെതിരെ നടപടി. ഫോട്ടോഷൂട്ടിൽ പങ്കെടുത്ത എസ്എപി ക്യാമ്പിലെ 23 പൊലീസുകാർക്ക് കണ്ണൂർ 'കെഎപി 4 'ക്യാമ്പിൽ നല്ല നടപ്പ് പരിശീലനത്തിന് എഡിജിപി എസ് ശ്രീജിത്ത് നിർദേശം നൽകി. തീവ്ര പരിശീലനം നൽകണമെന്നാണ് എഡിജിപിയുടെ കർശന നിർദേശം. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നാളെ റിപ്പോർട്ട് നൽകും.

പൊലീസുകാർ നടത്തിയത് ആചാര ലംഘനമാണെന്ന് ആരോപിച്ച് ഭക്തർക്ക് പുറമേ ഹിന്ദു ഐക്യവേദി, വിശ്വഹിന്ദു പരിഷത്ത് , ക്ഷേത്രസംരക്ഷണ സമിതി, ആചാര സംരക്ഷണ സമിതി എന്നിവരും രംഗത്തെത്തിയിരുന്നു. ഇതുസംബന്ധിച്ച് വിശ്വഹിന്ദു പരിഷത്ത് ഹൈക്കോടതിയിൽ ഹർജിയും നൽകി. പ്രതിഷേധം കനക്കുന്നതിനിടെയാണ് പൊലീസുകാർക്കെതിരെ നടപടിയെടുത്തത്. ഇവർക്കെതിരെ കൂടുതൽ നടപടികൾ ഉണ്ടാകുമോ എന്ന് വ്യക്തമല്ല.

പതിനെട്ടാം പടിയിൽ പുറം തിരിഞ്ഞുനിന്ന് എടുത്ത ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് വൻ വിവാദമായത്. തുടർന്ന് പൊലീസുകാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഒരു മണിക്ക് നടയടച്ചശേഷം പതിനെട്ടാംപടിയുടെ താഴെ മുതൽ മുകളിൽവരെ വരിവരിയായി നിന്നാണ് മുപ്പതോളം പൊലീസുകാർ ഫോട്ടോയെടുത്തത്. തിങ്കളാഴ്ച രാവിലെ ചുമതലയൊഴിഞ്ഞ സന്നിധാനത്തെ ആദ്യ പൊലീസ് ബാച്ചിൽപെട്ടവരാണ് ഇവർ. പതിനെട്ടാംപടി ഡ്യൂട്ടിക്കാണ് ഇവരെ നിയോഗിച്ചിരുന്നത്. മേൽശാന്തിയും തന്ത്രിയുമടക്കമുള്ള ആചാര്യന്മാർ പോലും പൂജകൾക്കടക്കം പുറംതിരിഞ്ഞ് ഇറങ്ങാറില്ല.

ഇരുമുടിക്കെട്ടില്ലാതെ ആരേയും പതിനെട്ടാംപടി ചവിട്ടാൻ അനുവദിക്കില്ല. ശ്രീകോവിൽപോലെ ഭക്തർ പവിത്രമായി കരുതുന്ന ഇടമാണ് പതിനെട്ടാംപടി. പന്തളം രാജപ്രതിനിധിക്ക് മാത്രമാണ് ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറാനുള്ള അവകാശം. തീർത്ഥാടകരെ പടികയറാൻ പടിയുടെ അരികിൽ നിന്നാണ് പൊലീസുകാർ സഹായിക്കുന്നത്. സന്നിധാനത്ത് ഫോട്ടോയെടുക്കുന്നതിന് നിരോധനമുണ്ട്. ഇത് അവഗണിച്ച് ചില തീർത്ഥാടകർ മൊബൈലിൽ ഫോട്ടോയെടുക്കാറുണ്ട്.