'ദേവസ്വങ്ങൾ  പിടിവാശി  ഉപേക്ഷിക്കണം'; ആന  എഴുന്നള്ളിപ്പിനെതിരെ  വീണ്ടും  നിലപാട്  കടുപ്പിച്ച്  ഹെെക്കോടതി

Wednesday 27 November 2024 5:48 PM IST

കൊച്ചി: ഉത്സവങ്ങൾക്കടക്കം ആന എഴുന്നള്ളിപ്പിനെതിരെ വീണ്ടും നിലപാട് കടുപ്പിച്ച് ഹെെക്കോടതി. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് അടുത്തിടെ പുറപ്പെടുവിച്ച മാർഗനിർദേശങ്ങളിൽ മാറ്റം വരുത്താനാകില്ലെന്നും ഇക്കാര്യത്തിൽ ദേവസ്വങ്ങൾ പിടിവാശി ഉപേക്ഷിക്കണമെന്നും ഹെെക്കോടതി പറഞ്ഞു. ജനങ്ങളുടെ സുരക്ഷയും ആനകളുടെ പരിപാലനവും കൂടി പരിഗണിച്ചാണ് കർശന മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്.

ഉത്സവങ്ങൾക്കുള്ള ആനയെ എഴുന്നള്ളിക്കുന്നത് ഒഴിവാക്കാനാകാത്ത മതാചാരമാണെന്ന് പറയാനാകില്ല. അകലപരിധി കുറയ്ക്കാൻ മതിയായ കാരണങ്ങൾ ഉണ്ടെങ്കിൽ അറിയിക്കാം. അഭിപ്രായ പ്രകടനങ്ങൾ പരിഗണിച്ച് മാർഗനിർദേശങ്ങളിൽ മാറ്റം വരുത്താനാകില്ലെന്നും ഡിവിഷൻ ബെഞ്ച് അറിയിച്ചു. ഒരു കാര്യം ഏറെ കാലമായി സംഭവിക്കുന്നത് കൊണ്ട് മാത്രം അനിവാര്യമായ മതാചാരമാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

രണ്ട് ആനകൾക്കിടയിൽ മൂന്ന് മീറ്റർ ദൂരം വേണമെന്നാണ് ഹൈക്കോടതി മാർഗരേഖയിൽ പറയുന്നത്. ജില്ലാ തല സമിതി സർട്ടിഫിക്കറ്റുകളും പരിശോധിച്ചായിരിക്കണം ആന എഴുന്നള്ളിപ്പിന് അനുമതി നൽകേണ്ടത്. തുടർച്ചയായി മൂന്ന് മണിക്കൂറിൽ കൂടുതൽ ആനയെ എഴുന്നള്ളത്തിൽ നിർത്തരുതെന്നത് ഉൾപ്പെടെ മറ്റ് നിരവധി മാർഗനിർദേശങ്ങളും ഹെെക്കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു. നല്ല ഭക്ഷണം, വിശ്രമം എഴുന്നള്ളിക്കാൻ ആവശ്യമായ സ്ഥലം, പൊതുജനങ്ങളിൽ നിന്ന് നിശ്ചിത ദൂരം എന്നിവ പരിശോധിച്ച് ഉറപ്പാക്കണമെന്നും മാർഗനിർദേശത്തിലുണ്ട്.

എന്നാൽ ഹെെക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ പൂരാഘോഷം ചുരുക്കേണ്ടിവരുമെന്ന് തിരുവമ്പാടി ദേവസ്വം പ്രതികരിച്ചു. ഒരാനപ്പുറത്ത് ശീവേലി പോലെ നടത്തേണ്ടി വരും. പുതിയ നിയന്ത്രണങ്ങൾ തടസങ്ങൾ സൃഷ്ടിക്കും. പൂരത്തിന്റെ ഭംഗിയും പ്രൗഢിയും ഇല്ലാതാവും. സർക്കാർ ഇടപെടൽ ഉണ്ടാകണമെന്നും തിരുവമ്പാടി ദേവസ്വം അറിയിച്ചു.