നവീൻ ബാബുവിന്റെ മരണം കേസ് ഡയറി തേടി ഹൈക്കോടതി
കൊച്ചി: എ.ഡി.എം നവീൻ ബാബുവിന്റെ ദുരൂഹമരണത്തിൽ പ്രത്യേക പൊലീസ് സംഘം നടത്തുന്ന അന്വേഷണത്തിന്റെ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം. അന്വേഷണ പുരോഗതി റിപ്പോർട്ടും സമർപ്പിക്കണം. കേസ് സി.ബി.ഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് നവീന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്. സി.ബി.ഐയ്ക്കടക്കം നോട്ടീസുമയച്ചു.
പൊലീസ്‌സംഘം അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അനുവദിച്ചില്ല. അന്വേഷണം തുടരട്ടെയെന്നും കുറ്റപത്രം സമർപ്പിച്ചാലും കോടതിക്ക് ഇടപെടാനുള്ള അധികാരമുണ്ടെന്നും പറഞ്ഞു. ഹർജി ഡിസംബർ ആറിന് വീണ്ടും പരിഗണിക്കും. കേസ് ഡയറി പരിശോധിച്ചശേഷം വിശദവാദം കേൾക്കും.
കണ്ണൂർ എ.ഡി.എമ്മായിരുന്ന പത്തനംതിട്ട സ്വദേശി നവീൻ ബാബുവിനെ ഒക്ടോബർ 15നാണ് ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മരണം കൊലപാതകമാണെന്ന സംശയമാണ് ഭാര്യ കോടതിയിൽ ഉന്നയിച്ചിരിക്കുന്നത്.
പ്രതിക്ക് ഉന്നത രാഷ്ട്രീയ സ്വാധീനം
സി.ബി.ഐ തന്നെ വേണമെന്ന് ഭാര്യ
ഹൈക്കോടതി: ഇതൊരു ആത്മഹത്യാക്കേസല്ലേ?
നവീനിന്റെ ഭാര്യ മഞ്ജുഷ: കൊലപാതകം സംശയിക്കുന്നുണ്ട്. അതിനുള്ള വസ്തുതകളുണ്ട്.
കോടതി: സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നത്?
മഞ്ജുഷ: പ്രതി പി.പി.ദിവ്യയ്ക്ക് ഉന്നത രാഷ്ട്രീയസ്വാധീനം ഉള്ളതിനാൽ. സി.പി.എം ജില്ലാ കമ്മിറ്റിയംഗമാണ്. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി, കണ്ണൂർ സർവകലാശാല സെനറ്റംഗം, ജില്ലാ ആസൂത്രണസമിതി ചെയർപേഴ്സൺ തുടങ്ങിയ പദവികളും വഹിക്കുന്നു. അതിനാൽ പൊലീസിൽ നിന്ന് നിഷ്പക്ഷത പ്രതീക്ഷിക്കുന്നില്ല.
കോടതി: അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചില്ലേ?
മഞ്ജുഷ: പ്രത്യേക സംഘം എന്ന് പേരുമാത്രമേ ഉള്ളൂ. ലോക്കൽ പൊലീസിലുള്ളവരാണ് പലരും. പ്രോട്ടോക്കോളിൽ പ്രതിയെക്കാൾ താഴെ നിൽക്കുന്ന ഇൻസ്പെക്ടറാണ് അന്വേഷണ ഉദ്യോഗസ്ഥൻ. പ്രതിയെ സംരക്ഷിക്കുംവിധം തെളിവുകൾ നിർമ്മിക്കപ്പെടുകയാണ്. സാക്ഷിയായ പ്രശാന്തന്റെ പേരും ഒപ്പും മാറിയിട്ടും നടപടിയുണ്ടായില്ല.
കോടതി: കേസ് ഡയറിയും അന്വേഷണ ഉദ്യോഗസ്ഥൻ പത്രികയും സമർപ്പിക്കട്ടെ. ശേഷം വിശദമായ വാദം കേൾക്കാം.
മഞ്ജുഷ: കേസ് തീർപ്പാകുന്നതുവരെ പൊലീസ് അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നത് സ്റ്റേ ചെയ്യണം
കോടതി: അത് അനിവാര്യമല്ല. അന്വേഷണം എത്രയുംവേഗം പൂർത്തിയാക്കി വസ്തുതകൾ അറിയണമെന്നാണ് പൊതുസമൂഹം ആവശ്യപ്പെടുന്നത്.
''നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബം കോടതിയിൽ പോകുന്നതിൽ തെറ്റില്ല. പാർട്ടി ഇക്കാര്യത്തിൽ ഇടപെടില്ല. എല്ലാ അന്വേഷണങ്ങളുടെയും അവസാന വാക്ക് സി.ബി.ഐ യാണെന്ന് തങ്ങൾക്ക് അഭിപ്രായമില്ല. സി.ബി.ഐ കൂട്ടിലടയ്ക്കപ്പെട്ട തത്തയാണെന്ന് സുപ്രീംകോടതി പോലും പറഞ്ഞിട്ടുണ്ട്. നവീൻബാബുവിന്റെ മരണത്തിൽ പാർട്ടിക്ക് കൃത്യമായ നിലപാടാണുളളത്
-എം.വി.ഗോവിന്ദൻ,
സി.പി.എം സംസ്ഥാന സെക്രട്ടറി