സുധീർ നമ്പൂതിരി ശബരിമല മേൽശാന്തി, മാളികപ്പുറത്ത് പരമേശ്വരൻ നമ്പൂതിരി

Sunday 18 August 2019 9:05 PM IST
ശബരിമല മേൽശാന്തി സുധീർ നമ്പൂതിരി

ശബരിമല: അടുത്ത മണ്ഡകാലം മുതൽ ഒരു വർഷം ശബരിമലയിൽ അയ്യപ്പപൂജ നടത്താൻ മലപ്പുറം തിരൂർ തിരുനാവായ അരീക്കര മഠത്തിൽ എ.കെ.സുധീർ നമ്പൂതിരി (42) ക്കും മാളികപ്പുറത്തമ്മയെ സേവിക്കാൻ ആലുവ പുളിയനം പാറക്കടവ് മാവന മഠത്തിൽ എം.എസ്.പരമേശ്വരൻ നമ്പൂതിരി (57) ക്കും ഭാഗ്യം ലഭിച്ചു. ഇന്നലെ സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലാണ് ഇരുവരെയും തിരഞ്ഞെടുത്തത്. തിരുനാവായ നാവാമുകന്ദ ക്ഷേത്രത്തിലെ മേൽശാന്തിയാണ് ഇപ്പോൾ സുധീർ നമ്പൂതിരി. ശബരിമലയിൽ മേൽശാന്തി പദത്തിനായി ഏഴ് പ്രാവശ്യം അപേക്ഷ നൽകിയിട്ടുണ്ട്. മൂന്ന് തവണ അന്തിമ ലിസ്റ്റിൽ ഇടംപിടിച്ചിരുന്നു.

നെടുമ്പാശേരി അത്താണി വീരഹനുമാൻ ക്ഷേത്രത്തിലെ മേൽശാന്തിയാണ് പരമേശ്വരൻ നമ്പൂതിരി. 18 വർഷമായി ശബരിമല മേൽശാന്തി പദത്തിനായി അപേക്ഷ നൽകുന്നു. ഇതാദ്യമാണ് മാളികപ്പുറത്തേക്കുകൂടി അപേക്ഷിച്ചത്. ശബരിമല ഉൾക്കഴകത്തിനെയും (കീഴ്ശാന്തി) നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. അഞ്ചൽ ദേവസ്വം പുനലൂർ ഗ്രൂപ്പിലെ എൻ.സന്തോഷ് കുമാറാണ് ഉൾക്കഴകം.