ഭൂരിഭാഗം പേർക്കും ഈ വിഷച്ചെടികളെ കുറിച്ച് അറിയില്ല,​ കൃഷിയും വില്പനയും വ്യാപകം,​ മരണത്തിന് വരെ കാരണമാകാം

Thursday 28 November 2024 1:33 AM IST

തൃശൂർ: അരളി ഉൾപ്പെടെയുള്ള വിഷച്ചെടികളുടെ കൃഷിയും വ്യാപാരവും പല വിദേശ രാജ്യങ്ങളിലടക്കം നിരോധിച്ചിട്ടും കേരളത്തിലെ നഴ്‌സറികളിൽ വിഷസസ്യ വിൽപ്പനയിൽ നടപടിയില്ല. അതിവേഗം വളരുകയും പെട്ടെന്ന് വാടാത്ത കടുംവർണ്ണങ്ങളുള്ള പുഷ്പങ്ങളുണ്ടാകുകയും ചെയ്യുന്ന ഇത്തരം സസ്യങ്ങൾ അപകടം അറിയാതെ വാങ്ങിക്കൂട്ടുന്നവരും ഏറെയാണ്. വിഷസസ്യങ്ങൾ തിരിച്ചറിയാത്ത നഴ്‌സറി ഉടമകളുമുണ്ട്.

അതേസമയം, ബോധവത്കരണത്തിന് വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് നഴ്‌സറി ഉടമകൾക്കായി ക്ലാസ് സംഘടിപ്പിക്കുന്നുണ്ട്. ഭൂരിഭാഗം നഴ്‌സറി ഉടമകൾക്കും വിഷസസ്യങ്ങളെക്കുറിച്ച് ധാരണയില്ലെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ആളുകൾ മരിക്കുമ്പോഴാണ് പല സസ്യങ്ങളെക്കുറിച്ചും പുറത്തറിയുന്നത്. ഇത്തരം ചെടികൾ അലർജിയും രോഗങ്ങളും ഭക്ഷ്യവിഷ ബാധയുമുണ്ടാക്കും.

കന്നുകാലികൾക്കും ഗുരുതരമായ അസ്വസ്ഥതകളുണ്ടാകുന്നുണ്ട്. കൊടുംവേനലിനെ പോലും ചെറുക്കുന്ന ഇവ മേച്ചിൽസ്ഥലങ്ങളിലും ധാരാളമായി വളരും. പരിസ്ഥിതി സന്തുലനത്തെയും പ്രതികൂലമായി ബാധിക്കും.


ഡോക്ടർമാരെയും പഠിപ്പിക്കും


വിഷസസ്യങ്ങൾ ഉള്ളിൽച്ചെന്ന് അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികളെ ചികിത്സിക്കാൻ എമർജൻസി മെഡിസിൻ വിഭാഗം ഡോക്ടർമാർക്ക് വനഗവേഷണ ഇൻസ്റ്റിറ്റിയൂട്ട് രണ്ട് ബോധവത്കരണ ക്ലാസ് നടത്തിയിരുന്നു. കൂടുതൽ ക്ലാസ് നടത്താനാണ് ശ്രമം. ഏത് സസ്യത്തിന്റെ ഫലമാണെന്ന് തിരിച്ചറിഞ്ഞാലേ ചികിത്സ ഉറപ്പാക്കാനാകൂ.

  • കേരളത്തിലെ വിദേശസസ്യങ്ങൾ: 880
  • അധിനിവേശ സസ്യങ്ങൾ: 81
  • ചെറിയ ചെടികൾ 38
  • കുറ്റിച്ചെടികൾ : 20
  • വള്ളിച്ചെടി: 15.
  • വൃക്ഷങ്ങൾ: എട്ട്
  • ആവാസ വ്യവസ്ഥയ്ക്ക് അപകടകരം: 10

(അവലംബം: കെ.എഫ്.ആർ.ഐയിലെ പഠനം)


അധിനിവേശ വിഷസസ്യങ്ങൾ


അരളി, കുന്നിക്കുരു, കൊങ്ങിണിപ്പൂ, മഞ്ഞക്കോളാമ്പി, ആനത്തൊട്ടാവാടി, സിംഗപ്പൂർ ഡെയ്‌സി, ബ്‌ളാക്ക് വാറ്റിൽ, വള്ളിപ്പയർ.


സസ്യങ്ങളെ പൂർണ്ണമായി നശിപ്പിക്കുകയോ നിരോധിക്കുകയോ ചെയ്യാതെ സുരക്ഷിതമായി പരിപാലിക്കാനാണ് ശ്രമം. ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുന്നവ നീക്കണം. ബോധവത്കരണം സജീവമാക്കി.


ഡോ.പി.സുജനപാൽ
സിൽവി കൾച്ചർ വകുപ്പ് മേധാവി
ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട്, പീച്ചി.