വിജയം ഗോവ കൊണ്ടുപോയി
കൊച്ചി: കോട്ടകെട്ടി പ്രതിരോധിച്ച ഗോവ എഫ്.സിയുടെ ചടുലനീക്കങ്ങൾക്ക് മുന്നിൽ വീറുറ്റ പോരാട്ടം കാഴ്ചവച്ചെങ്കിലും കേരള ബ്ളാസ്റ്റേഴ്സ് അടിയറവ് പറഞ്ഞു. കൊച്ചിയിൽ നടന്ന ഐ.എസ്.എൽ ഫുട്ബാൾ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ഗോവ വിജയിച്ചു. സ്വന്തം കളത്തിലെ തോൽവി ബ്ളാസ്റ്റേഴ്സിന് കനത്ത ആഘാതമായി.
നാൽപ്പതാം മിനിട്ടിലാണ് ബ്ളാസ്റ്റേഴ്സ് ഗോളി സച്ചിൻ സുരേഷിന്റെ പിഴവിലൂടെ ഗോവ ഗോൾ നേടിയത്. ഗോൾ പോസ്റ്റിന് വലതുഭാഗത്ത് ലഭിച്ച പന്ത് ഗോവയുടെ ബോറിസ് സിംഗ് തംഗ്ജാം അടിച്ചത് സുരേഷ് കെെകൊണ്ട് തടഞ്ഞെങ്കിലും ഉൗർന്നുപോയി വലയിലേയ്ക്ക് ഉരുണ്ടു പതിക്കുകയായിരുന്നു.
തുടക്കം മുതൽ ആരംഭിച്ച മുന്നേറ്റശ്രമവും ഗോൾ നേടാനുള്ള ശ്രമങ്ങളും വിജയത്തിൽ എത്തിക്കാൻ ബ്ളാസ്റ്റേഴ്സിന് കഴിഞ്ഞില്ല. തുടക്കത്തിൽ നോഹ് വെയിലിന് ലഭിച്ച പന്ത് വിപിൻ മോഹൻ പാസ് ചെയ്തു. വിപിൻ ഗോൾവലയ്ക്ക് മുന്നിലേയ്ക്ക് നൽകിയ പന്ത് ലൂണ അടിച്ചെങ്കിലും ഗോളാക്കാൻ കഴിഞ്ഞില്ല.
ബ്ളാസ്റ്റേഴ്സിന്റെ മുന്നേറ്റം തടയുകയെന്ന തന്ത്രമാണ് തുടക്കം മുതൽ ഗോവ എഫ്.സി സ്വീകരിച്ചത്. ഗോവൻ പ്രതിരോധത്തെ തുരന്നുകയറാൻ ബ്ളാസ്റ്റേഴ്സ് നടത്തിയ ശ്രമങ്ങൾ മഞ്ഞപ്പട ആരാധകർക്ക് ആവേശം പകർന്നു. നോഹ്, ലൂണ, നവോച്ച, ജിമ്മൻസ് എന്നിവരാണ് മുന്നേറ്റങ്ങൾക്ക് കരുത്തായ പ്രകടനങ്ങൾ കാഴ്ചവച്ചത്. 19 ാം മിനിട്ടിൽ ബ്ളാസ്റ്റേഴ്സിനെ വിറപ്പിക്കുന്ന പ്രകടനം ഗോവ നടത്തി. ദ്രാസിക് തൊടുത്തുവിട്ട പന്ത് ഗോൾബാറിന്റെ വലത്ത് തട്ടി തിരികെ കളത്തിൽ വീണത് ഒരു ഗോൾ അവസരം ഗോവയ്ക്ക് നഷ്ടമാക്കി.
രണ്ടാം പകുതിയിൽ മൂന്നു താരങ്ങളെ മാറ്റിപ്പരീക്ഷിക്കാൻ കോച്ച് സന്നദ്ധനായി. പ്രീതം കോട്ടാൽ, രാഹുൽ കെ.പി., ജിമ്മൻസ് എന്നിവരെ പുറത്തിറക്കി കൊറു സിംഗ്, ക്വാമേ പെപ്ര, സന്ദീപ് എന്നിവർ കളത്തിലിറങ്ങി.
ഗോവയുടെ ഡ്രാസിക് ഉൾപ്പെടെ ബ്ളാസ്റ്റേഴ്സിനെ വിരട്ടുന്ന പ്രകടനമാണ് പുറത്തെടുത്തത്. നേടിയ ലീഡിൽ വിട്ടുവീഴ്ചയില്ലെന്ന പ്രകടനമാണ് ഗോവൻ താരങ്ങൾ തെളിയിച്ചത്. ഡ്രാസിക് ഗോൾ മുഖത്ത് നടത്തിയ മിന്നും പ്രകടനങ്ങൾ തടഞ്ഞത് ബ്ളാസ്റ്റേഴ്സ് ഗോൾ കീപ്പർ സച്ചിൻ സുരേഷാണ്.
രണ്ടാംപകുതിയിൽ ഗോളടിച്ച് ഗോവയുടെ മുൻതൂക്കം തടയാൻ ബ്ളാസ്റ്റേഴ്സ് കഠിനശ്രമം നടത്തി. 61 ാം മിനിറ്റിൽ ഗോൾ വീഴ്‌ത്തുമെന്ന പ്രതീതിയിൽ നോവ് ഗോൾ മുഖത്ത് നടത്തിയ മുന്നേറ്റവും ഗോവൻ പ്രതിരോധത്തിൽ വിഫലമായി. സന്ദീഷ് ജിംഗാന്റെ നേതൃത്വത്തിൽ ബ്ളാസ്റ്റേഴ്സിനെ പിടിച്ചുകെട്ടുന്നതാണ് കണ്ടത്.
82 ാം മിനിറ്റിൽ ഗോവയുടെ ഗോൾ മുഖത്ത് ലഭിച്ച ഫ്രീ കിക്കും മുതലാക്കാൻ ബ്ളാസ്റ്റേഴ്സിന് കഴിഞ്ഞില്ല. ലൂണ അടിച്ചുവിട്ട പന്ത് ഗോവയുടെ ഗോൾ കീപ്പർ ഹൃദ്വിക് സമർത്ഥമായി കെെയടക്കി. ഗോവയുടെ ആകാശ് സാംഗ്‌വാൻ, ബോറിസ് സിംഗ്, ദ്രാസിക്, സന്ദേശ് ജിംഗാൻ തുടങ്ങിയവർ നടത്തിയ മിന്നുന്ന പ്രകടനമാണ് ബ്ളാസ്റ്റേഴ്സിനെ തടഞ്ഞത്. ബ്ളാസ്റ്റേഴ്സിന്റെ ഓരോ നീക്കങ്ങളെയും കിറുകൃത്യമായി തടയുന്നതാണ് കണ്ടത്. മഞ്ഞപ്പട ആരാധകരെ അമ്പരപ്പിക്കുന്നതായിരുന്നു ഗോവയുടെ നീക്കങ്ങൾ.
സീസണിലെ 10 മത്സരങ്ങളിൽ ബ്ളാസ്റ്റേഴ്സിന്റെ അഞ്ചാം തോൽവിയാണിത്.മൂന്ന് ജയവും രണ്ട് സമനിലയും ഉൾപ്പടെ 11 പോയിന്റുള്ള ബ്ളാസ്റ്റേഴ്സ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്.ഒൻപത് മത്സരങ്ങളിൽ നാലാം ജയം നേടി 15 പോയിന്റിലെത്തിയ ഗോവ അഞ്ചാം സ്ഥാനത്താണ്.