വഖഫ് ബോർഡിന്റെ കാലാവധി നീട്ടി

Friday 29 November 2024 1:19 AM IST

കൊച്ചി: സംസ്ഥാന വഖഫ് ബോർഡിന്റെ കാലാവധി ഹൈക്കോടതി താത്കാലികമായി നീട്ടി നൽകി. 12 അംഗ ബോർഡിന്റെ കാലാവധി ഡിസംബർ 17ന് അവസാനിക്കാനിരിക്കെയാണ് ജസ്റ്റിസുമാരായ അമിത് റാവൽ, എസ്. ഈശ്വരൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ നടപടി. വഖഫ് ബോർഡിനു മുന്നിലുള്ള നിരവധി കേസുകളിൽ തീരുമാനമാകാത്ത സാഹചര്യത്തിൽ, പുതിയ ബോർഡ് നിലവിൽ വരുന്നതുവരെയാണ് കാലാവധി നീട്ടിയത്.

പാലക്കാട് ഹൈദരിയ്യ മസ്ജിദ് ഭരണവുമായി ബന്ധപ്പെട്ട വിഷയം ഒരു വർഷത്തോളമായി വഖഫ് ബോർഡിന്റെ പരിഗണനയിലുണ്ട്. നിലവിലെ ബോർഡിന്റെ കാലാവധി അവസാനിക്കുന്നതിനു മുൻപ് ഈ വിഷയത്തിൽ തീരുമാനമെടുക്കാനിടയില്ലെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടിയിരുന്നു.

മസ്ജിദിന്റെ സ്വത്ത് കൈകാര്യം ചെയ്യാൻ ഭരണസമിതിയെ തിരഞ്ഞെടുക്കണം. ഇതിനായി വഖഫ് ബോർഡ് അടിയന്തര തീരുമാനമെടുക്കാൻ നിർദ്ദേശം നൽകണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.