ഗാഡ്ഗിൽ റിപ്പോർട്ട് ഗൗരവത്തിലെടുക്കണം: മുല്ലപ്പള്ളി

Saturday 17 August 2019 10:27 PM IST
mullappally

തിരുവനന്തപുരം: പശ്ചിമഘട്ട മലനിരകളിലെ പാരിസ്ഥിതിക ആഘാതത്തെക്കുറിച്ചും ജൈവവൈവിദ്ധ്യത്തെക്കുറിച്ചും പഠിച്ച് പ്രൊഫ. മാധവ് ഗാഡ്ഗിൽ സമർപ്പിച്ച റിപ്പോർട്ട് പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഗൗരവത്തോടെ പഠനവിധേയമാക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. ഇതേക്കുറിച്ച് ചർച്ചകളും സെമിനാറുകളും സംഘടിപ്പിച്ച് വരാൻ പോകുന്ന മഹാദുരന്തങ്ങളെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കണം. ഗാഡ്ഗിൽ റിപ്പോർട്ടിനെ വിമർശിക്കുന്നവർ ഒരു തവണയെങ്കിലും അത് വായിക്കാൻ തയ്യാറാകണം. വർഷങ്ങളായി മലയോര മേഖലകളിൽ താമസിക്കുന്ന പാവപ്പെട്ടവരെ കുടിയിറക്കരുതെന്ന ഉദ്ദേശത്തോടെയാണ് കഴിഞ്ഞ യു.ഡി.എഫ് സർക്കാർ നിലപാടെടുത്തിട്ടുള്ളത്. അനധികൃതമായി പ്രവർത്തിക്കുന്ന ക്വാറിമാഫിയയെയോ റിസോർട്ടുടമകളെയോ സഹായിക്കാനായിരുന്നില്ല. പശ്ചിമഘട്ട മലനിരകൾ നമ്മുടെ നാടിന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്.ഇത് തകർക്കാനും ചൂഷണം ചെയ്യാനും ആർക്കും അവകാശമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.