ലോറി ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞുകയറി; ഉറങ്ങിക്കിടന്ന യുവതിക്ക് ദാരുണാന്ത്യം

Friday 29 November 2024 8:19 AM IST

പാലക്കാട്: ചിറ്റൂരിൽ നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി യുവതിക്ക് ദാരുണാന്ത്യം. മൈസൂർ സ്വദേശി പാർവതിയാണ് മരിച്ചത്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.

ലോറി ആദ്യം സമീപത്തെ ഒരു മരത്തിലിടിച്ചിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട് സമീപത്തെ കടയിലേക്കും തൊട്ടടുത്ത ബസ് സ്‌റ്റോപ്പിലേക്കും ഇടിച്ചുകയറുകയായിരുന്നുവെന്നാണ് വിവരം. ഈ സമയം പാർവതി അടക്കമുള്ള നാല് പേർ ബസ് സ്റ്റോപ്പിൽ ഉറങ്ങിക്കിടക്കുകയായിരുന്നു.

പാർവതിയുടെ ശരീരത്തിൽ ലോറി പാഞ്ഞുകയറി. സംഭവ സ്ഥലത്തുവച്ചുതന്നെ മരണം സംഭവിച്ചെന്നാണ് റിപ്പോർട്ടുകൾ. കൂടെയുണ്ടായിരുന്നവർ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

'ലോറി അമിത വേഗത്തിലായിരുന്നു. പാർവതി അടക്കമുള്ള നാടോടി സംഘം വന്നിട്ട് കുറച്ച് നാളായി. അവർ മുമ്പ് കുറച്ചകലെയായിരുന്നു താമസിച്ചിരുന്നത്. രണ്ട് ദിവസമായി ബസ് സ്റ്റോപ്പിലായിരുന്നു കിടന്നിരുന്നത്. ലോറി ഡ്രൈവർ മദ്യപിച്ചിട്ടൊന്നുമില്ല, സ്വാമിയാണ്. വണ്ടി അമിത വേഗതയിലായിരുന്നു.'_ നാട്ടുകാരൻ പറഞ്ഞു. ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പാർവതിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.