'ബാലുവിനെ കൊന്നവരെല്ലാം വലിയ പിടിപാടുള്ളവരാണ്'; സിബിഐയെ പോലും സ്വാധീനിച്ചെന്ന് ബാലഭാസ്‌കറിന്റെ അച്ഛൻ

Friday 29 November 2024 12:04 PM IST

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഡ്രൈവറായിരുന്ന അർജുനെ സ്വർണക്കവർച്ച കേസിൽ പൊലീസ് അറസ്റ്റ് ചെയ്‌തതിന് പിന്നാലെ ഗുരുതര ആരോപണവുമായി ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണി. തന്റെ മകനെ കൊലപ്പെടുത്തിയതാണെന്ന് ഉറപ്പാണെന്നും സിബിഐ ഉൾപ്പെടെ അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബാലഭാസ്‌കറിന്റെ പിതാവ് പറഞ്ഞത്:

'അർജുൻ മുമ്പ് ഒരു എടിഎം കവർച്ച കേസിലും മോഷണക്കേസിലും പ്രതിയായിരുന്നു. ബാലഭാസ്‌കറിന്റെ മരണശേഷമാണ് ഇത് ഞങ്ങളറിയുന്നത്. ബാലഭാസ്‌കർ മരിച്ച സമയത്ത് വാഹനമോടിച്ചിരുന്നത് താനല്ലെന്നും അതിനാൽ, ഒരു കോടി രൂപ നഷ്‌ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് അർജുൻ എംഎസിടിയിൽ (മോട്ടോർ ആക്‌സിഡന്റ് ക്ലെയിം ട്രൈബ്യൂണൽ) കേസ് കൊടുത്തിരുന്നു.

മരണത്തിൽ സിബിഐ അന്വേഷണം നടത്തിയെന്നാണ് പറയുന്നത്. ഞങ്ങൾക്ക് ഇത് സംബന്ധിച്ച് കേട്ടുകേൾവി മാത്രമാണുള്ളത്. എവിടെയും തൊടാത്ത റിപ്പോർട്ടാണ് സിബിഐ കോടതിയിൽ നൽകിയതെന്നാണ് അറിഞ്ഞത്. കള്ളക്കടത്ത് സംഘത്തെ സംരക്ഷിക്കാനാണ് അന്വേഷണ സംഘങ്ങൾ ശ്രമിക്കുന്നത്. സിബിഐ പോലും അവരുടെ സ്വാധീനത്തിന് വഴങ്ങി.

സ്വർണക്കടത്ത് സംഘമാണ് ബാലഭാസ്‌കറിനെ കൊലപ്പെടുത്തിയത്. വിഷ്‌ണു, തമ്പി തുടങ്ങിയ ആളുകളാണ് ഇതിന് പിന്നിൽ. കുറച്ചുകാലം ഇവർ ജയിലിലായിരുന്നു. പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി. രാമൻ പിള്ളയാണ് ഇവർക്കുവേണ്ടി കേസ് നടത്തുന്നത്. സ്വര്‍ണക്കടത്ത് പോലുള്ള സംഭവങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഇവരെല്ലാം വലിയ പിടിപാടുള്ള ആളുകളാണ്. '

കഴിഞ്ഞ വ്യാഴാഴ്‌ചയാണ് വീട്ടിലേക്ക് പോവുകയായിരുന്ന ജുവലറി ഉടമകളെ പെരിന്തൽമണ്ണയിൽ വച്ച് ആക്രമിച്ച് മൂന്നര കിലോ സ്വർണം അർജുൻ ഉൾപ്പെടെയുള്ള പ്രതികൾ കവർന്നത്. ആസൂത്രിതമായി നടന്ന വൻ കവർച്ചയിൽ നേരത്തേ 13 പ്രതികളെ പൊലീസ് പിടികൂടിയിരുന്നു.