മത്സരത്തിനിടെ ശരീരവേദന, പിന്നാലെ ദേഹാസ്വാസ്ഥ്യം, യുവ ക്രിക്കറ്റ് താരം ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് മരിച്ചു

Friday 29 November 2024 12:08 PM IST

പൂനെ: ക്രിക്കറ്റ് മത്സരത്തിനിടെ ബാറ്റർ ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ് മരിച്ചു. പൂനെയിലെ ഗാർവാറെ സ്റ്റേഡിയത്തിൽ വ്യാഴാ‌ഴ്‌ചയായിരുന്നു സംഭവം. 35കാരനായ ഇമ്രാൻ സിക്കന്തർ പട്ടേൽ ആണ് മരിച്ചത്. പ്രാദേശിക ക്രിക്കറ്റ് മത്സരത്തിൽ ഓപ്പണറായി ബാറ്റ് ചെയ്യവെ ഇമ്രാന് നെഞ്ച് വേദനയും കൈകൾക്ക് വേദനയും അനുഭവപ്പെട്ടു. ആദ്യം അമ്പയർമാരെ ഇമ്രാൻ വിവരമറിയിച്ചു. തുടർന്ന് അമ്പയർമാർ അനുമതി നൽകിയതോടെ ഗ്രൗണ്ടിൽ നിന്നും മടങ്ങവെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങൾ പൂർണമായും ലൈവായി ടിവിയിൽ കാണുന്നുണ്ടായിരുന്നു. തനിക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായതായി ഇമ്രാൻ പറയുന്നതിന്റെയും അതിനെ മറികടക്കാൻ കഴിയാതി മടങ്ങുന്നതിന്റെയും ദൃശ്യങ്ങളുണ്ട്. ശേഷം ഇമ്രാൻ കുഴഞ്ഞുവീണതോടെ മറ്റ് കളിക്കാർ സഹായത്തിനായി ഓടിയെത്തുന്നതും കാണാം. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും യുവാവ് മരിച്ചിരുന്നു.

ശാരീരികമായ ഫിറ്റായിരുന്നിട്ടും ഇമ്രാന് ഹൃദയാഘാതം ഉണ്ടായത് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. മികച്ച ഓൾറൗണ്ടറായിരുന്നു ഇമ്രാൻ പട്ടേലെന്നാണ് വിവരം. ഹൃദ്രോഗം ഇമ്രാന് മുൻപ് ഉണ്ടായിട്ടേയില്ലെന്ന് മറ്റ് കളിക്കാർ പറയുന്നു. നാല് മാസം പ്രായമുള്ള മകളടക്കം മൂന്ന് മക്കളാണ് ഇമ്രാനുള്ളത്. സ്വന്തമായി ക്രിക്കറ്റ് ടീമുള്ളയാളാണ് ഇമ്രാൻ. റിയൽ എസ്‌റ്റേറ്റ് ബിസിനസിലും സജീവമാണ്. സെപ്‌തംബർ മാസത്തിലും ഹബീബ് എന്ന മറ്റൊരു കളിക്കാരൻ പൂനെയിൽ വച്ച് മത്സരത്തിനിടെ സമാനമായ രീതിയിൽ മരണമടഞ്ഞിരുന്നു. എന്നാൽ ഹബീബ് പ്രമേഹ രോഗിയായിരുന്നു എന്നാണ് വിവരം.