'പാവങ്ങളുടെ പ്രസ്ഥാനമാണ്,രക്ഷിക്കണം', സേവ് സിപിഎം പ്ളക്കാർഡുമായി കൊല്ലത്ത് ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് പ്രതിഷേധം
കൊല്ലം: കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് പ്രകടനം നടത്തി ഒരു വിഭാഗം സിപിഎം പ്രവർത്തകർ. 'സേവ് സിപിഎം' എന്നെഴുതിയ പ്ളക്കാർഡേന്തി പാവങ്ങളുടെ പ്രസ്ഥാനമാണ് ഇതിനെ രക്ഷിക്കണം, പ്രസ്ഥാനമാണ് വലുത്, പാർട്ടിക്ക് കീഴിലാണ് എല്ലാവരും എന്ന് പറഞ്ഞാണ് ഒരുവിഭാഗം പ്രവർത്തകർ സിപിഎം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് പ്രതിഷേധപ്രകടനം നടത്തിയത്.
ജില്ലാക്കമ്മിറ്രിയംഗം പി.ആർ വസന്തനെതിരെ ആരോപണങ്ങൾ അടങ്ങിയ പോസ്‌റ്റർ ഓഫീസിന് മുന്നിലടക്കം പലയിടത്തും നേരത്തെ പതിച്ചിരുന്നു. സിപിഎം കുലശേഖരപുരം ലോക്കൽ നോർത്ത് ലോക്കൽ സമ്മേളനത്തിനിടെ കടുത്ത വിഭാഗീയത മൂലം കയ്യാങ്കളി നടന്നു. സംസ്ഥാന കമ്മിറ്റിയംഗങ്ങളെ അടക്കം ഇവിടെ മുറിയിൽ പൂട്ടിയിട്ടു. ബി.സോമപ്രസാദ്, കെ.രാജഗോപാൽ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം രാധാമണി എന്നിവരെയാണ് പൂട്ടിയിട്ടത്. ഏകപക്ഷീയമായി ലോക്കൽ സെക്രട്ടറിയെയടക്കം തീരുമാനിച്ചതിന് എതിരെയാണ് പ്രതിഷേധം ഉണ്ടായത്.
തൊടിയൂർ, കുലശേഖരപുരം വെസ്‌റ്റ്, കുലശേഖരപുരം നോർത്ത്, കല്ലേലി ഭാഗം എന്നിവിടങ്ങളിൽ നടന്ന നാല് സമ്മേളനങ്ങളിൽ വഴക്കും കയ്യാങ്കളിയും നടന്നു. ലോക്കൽ കമ്മിറ്റിയിലെ ബാർ മുതലാളി അനിയൻ ബാവ, ചേട്ടൻ ബാവ തുലയട്ടെയെന്ന് എഴുതിയ പോസ്റ്ററും പ്രതിഷേധത്തിന്റെ ഭാഗമായി പ്രത്യക്ഷപ്പെട്ടിരുന്നു.