സിഎസ്‌കെ ആരാധകരെ ആവേശത്തിലാക്കി ഇതിഹാദ് എയർലൈൻസ്, പുത്തൻ എയർബസ് ലൈവറി ചിത്രങ്ങൾ പുറത്ത്

Friday 29 November 2024 5:37 PM IST

ചെന്നൈ: ഐപിഎൽ 2025 സീസൺ അടുത്തിരിക്കെ ആരാധകരെ ആവേശത്തിലാക്കി ഇതിഹാദ് എയർലൈൻസിന്റെ സർപ്രൈസ്. യുഎഇയുടെ ഔദ്യോഗിക വിമാനകമ്പനിയും ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ മുഖ്യ സ്‌പോൺസറുമായ ഇതിഹാദ് എയർലൈൻസ് അവരുടെ എ320നിയോ എയർബസിൽ സിഎസ്‌കെ സ്‌പൈഷ്യൽ ലൈവറി ഒരുക്കി ആരാധകരെ ത്രില്ലടിപ്പിച്ചിരിക്കുകയാണ്. ടീമിന്റെ ലോഗോയും തിളങ്ങുന്ന മഞ്ഞയും നീലയും നിറവുമുള്ള ലൈവറി ഇതിനകം ശ്രദ്ധ നേടിയിരിക്കുകയാണ്.

വിസിൽ പറക്കട്ടും, സിഎസ്‌കെ, ഇതിഹാദ് എന്നിങ്ങനെ ഹാഷ്‌ടാഗോടെയാണ് വിമാനത്തിന്റെ വീഡിയോ ഇതിഹാദ് പങ്കുവച്ചിരിക്കുന്നത്. വീഡിയോയ്‌ക്കും ചിത്രങ്ങൾക്കും ചെന്നൈ സൂപ്പർ കിംഗ്‌സ് ആരാധകർ വളരെ വൈകാരികമായാണ് പ്രതികരിച്ചത്. കൂൾ എന്നും ബുക്കിംഗ് ആരംഭിക്കാൻ കാത്തിരിക്കുന്നു എന്നുമെല്ലാം ആരാധകർ പറയുന്നു.

പുതിയ ലൈവറിയിലുള്ള ഫ്ളൈറ്റ് ഡിസംബർ മാസത്തിൽ യുഎഇയിൽ നിന്ന് സിഎസ്‌കെ ആസ്ഥാനമായ ചെന്നൈയിലേക്ക് ആകും പറക്കുക. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഇതിഹാദ് ഇന്ത്യയിൽ മികച്ചരീതിയിൽ സർവീസ് നടത്തിവരികയാണ്.