കർഷക രക്ഷയ്ക്കുള്ള 'കേര' മുടക്കാൻ ഉദ്യോഗസ്ഥർ
1677കോടി തരാൻ ലോകബാങ്ക് റെഡി
തടസമായി തസ്തിക നിർണയ തർക്കം
തിരുവനന്തപുരം: സ്‌മാർട്ട് കൃഷിരീതി, മൂല്യവർദ്ധിത ഉത്പന്ന നിർമ്മാണം, വിപണം എന്നിവയിലൂടെ കർഷകർക്ക് രക്ഷപ്പെടാനുള്ള അവസരം ഉദ്യോഗസ്ഥർ ഇല്ലാതാക്കുന്നു. കേന്ദ്രാനുമതിയോടെയുള്ള പദ്ധതിയായ കേര നടപ്പാക്കുന്നതിൽ വിവിധ വകുപ്പുകളിലെ തർക്കമാണ് പ്രശ്നം.
നടത്തിപ്പിന് വേണ്ടത് 2390.86 കോടി. ഇതിൽ 1677.85 കോടിയും വായ്പതരാൻ ലോക ബാങ്ക് തയ്യാർ. പക്ഷേ, 36 ഉയർന്ന തസ്തികകൾ ഏതുവകുപ്പിന്റെ കീഴിലാവണമെന്നാണ് തർക്കം. ചീഫ്സെക്രട്ടറിയുമായി കൂടിയാലോചിച്ച് തസ്തിക സൃഷ്ടിക്കാനായിരുന്നു മന്ത്രിസഭാ യോഗ നിർദ്ദേശം. കൃഷി, വ്യവസായം, ഐ.ടി, പ്ലാന്റേഷൻ, ധനം, പൊതുഭരണ വകുപ്പുകളിൽ നിന്നുള്ളവരെ തിരഞ്ഞെടുക്കണം. ഇതിലാണ് തർക്കം നീളുന്നത്.
ഫയൽ ഒന്നരമാസമായി ഷട്ടിലടിക്കുകയാണ്. നിയമനം ഡെപ്യൂട്ടേഷനിലായതിനാൽ സർക്കാരിന് അധിക ബാദ്ധ്യതയില്ല.
വായ്പ ഘട്ടംഘട്ടമായി
'കേര"യിൽ (കേരള ക്ലൈമറ്റ് റിസിലിയന്റ് അഗ്രി-വാല്യുചെയിൻ മോഡണൈസേഷൻ പ്രോജക്ട്) 1677.85 കോടി ലോകബാങ്ക് വായ്പയും 713.06 കോടി സംസ്ഥാന വിഹിതവുമാണ്. 5 വർഷ കാലാവധി
പദ്ധതിക്ക് കഴിഞ്ഞ മാർച്ചിൽ കേന്ദ്ര ധനമന്ത്രാലയവും ഒക്ടോബറിൽ ലോകബാങ്കും അനുമതി നൽകി. കരാർ ഒപ്പിട്ടാൽ വരുന്ന മാർച്ചിനുള്ളിൽ 70 കോടി ലഭിക്കും. അടുത്തഘട്ടം 400 കോടി
പ്രകൃതിദുരന്തം, പെരുമഴ, വരൾച്ച, കാലാവസ്ഥാവ്യതിയാനം എന്നിവ കാരണമുള്ള കൃഷിനാശത്തിന് സഹായമായി 25.17കോടിയും ലോകബാങ്ക് മുൻകൂർ നൽകും
കൂടുതൽ നിക്ഷേപം വരും
1 കൃഷിയിലും അനുബന്ധ മേഖലയിലും കൂടുതൽ നിക്ഷേപത്തിന് വഴിയൊരുങ്ങും. 250 ചെറുകിട, ഇടത്തരം അഗ്രിവ്യവസായങ്ങൾക്ക് സാമ്പത്തിക, സാങ്കേതിക സഹായമുണ്ട്
2 കാർഷിക വിതരണശൃംഖല ശക്തമാക്കും. വിപണികളുടെ അടിസ്ഥാനസൗകര്യമുയർത്തും. മികച്ച കയറ്റുമതി വിപണികൾ കണ്ടെത്താൻ ക്രെഡിറ്റ് സഹായം
3 റബർ, ഏലം, കാപ്പി അടക്കം തോട്ടവിളകൾക്കും സഹായം. വനിതാ കർഷകർക്കും വനിതാസംരംഭങ്ങൾക്കും 150 സ്റ്റാർട്ടപ്പുകൾക്കും മുൻഗണന
4 ജലസേചനവും വളപ്രയോഗവും നവീകരിക്കും. കാലാവസ്ഥാ മാറ്റത്തെ പ്രതിരോധിക്കാനും ലഘൂകരിക്കാനുമുള്ള സ്മാർട്ട് കൃഷിരീതികൾ നടപ്പാക്കും
906കോടി
മൂല്യവർദ്ധിത കൃഷിക്ക്
805.34കോടി
കാലാവസ്ഥാ പ്രതിരോധ കൃഷിക്ക്
511.72കോടി
അഗ്രി ബിസിനസിന്
167.78കോടി
നിർവഹണത്തിന്
2390.86
ആകെ ചെലവ്