വാഹനമിടിച്ച്  റോഡിൽ  മണിക്കൂറുകൾ കിടന്ന കേഴമാൻ ചത്തു; വനം  വകുപ്പിന്റെ  അനാസ്ഥയെന്ന് പരാതി

Saturday 30 November 2024 8:42 PM IST

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിൽ വാഹനമിടിച്ച് റോഡിൽ കിടന്ന കേഴമാൻ വനം വകുപ്പിന്റെ അനാസ്ഥമൂലം ചത്തു. അപകടത്തിൽ പരിക്കേറ്റ കേഴമാനിനെക്കുറിച്ച് നാട്ടുകാർ വിവരമറിയിച്ചിട്ടും രണ്ടുമണിക്കൂർ വെെകിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. വണ്ടിപ്പെരിയാർ - വള്ളക്കടവ് റോഡിൽ വിനോദസഞ്ചാരികളുമായി പോയ വാഹനമിടിച്ചാണ് കേഴമാന് പരിക്കേറ്റത്. സംഭവം നാട്ടുകാർ ഉടൻ തന്നെ ഒന്നര കിലോമീറ്റർ മാത്രം അകലെയുള്ള വള്ളക്കടവ് വനംവകുപ്പ് ഓഫീസിൽ വിവരമറിയിച്ചു.

എന്നാൽ എരുമേലി റേഞ്ചിന് കീഴിൽപ്പെടുന്ന സ്ഥലത്താണ് സംഭവം നടന്നതെന്നും മുറിഞ്ഞപുഴ സെക്ഷൻ ഓഫീസിൽ ബന്ധപ്പെടാനുമായിരുന്നു മറുപടി. അതിർത്തി തർക്കത്തിൽ കേഴമാന്റെ ജീവൻ നഷ്ടപ്പെടുമെന്ന് മനസിലായ നാട്ടുകാർ ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ചികിത്സയ്‌ക്കായി തേക്കടിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് കേഴമാൻ ചത്തത്. സംഭവത്തിൽ വനംവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.