കെഎസ്ആർടിസി ബസും ആംബുലൻസും കൂട്ടിയിടിച്ച് അപകടം, പത്തുപേർക്ക് പരിക്ക്
പത്തനംതിട്ട: കലഞ്ഞൂരിൽ കെഎസ്ആർടിസി ബസും ആംബുലൻസും കൂട്ടിയിടിച്ച് അപകടം. പത്തുപേർക്ക് പരിക്കേറ്റു. ഇതിൽ ഡ്രൈവറുൾപ്പെടെ ആംബുലൻസിൽ വന്ന നാലുപേരെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. കെഎസ്ആർടിസി ഡ്രൈവറുടെ വാരിയെല്ലുകൾക്ക് പരിക്കേറ്റുവെന്നാണ് റിപ്പോർട്ട്.
പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കലഞ്ഞൂർ സ്കൂൾ ജംഗ്ഷനിൽ ഇന്ന് രാവിലെയായിരുന്നു അപകടമുണ്ടായത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്ന് രോഗിയുമായി പോയ ആംബലുൻസാണ് അപകടത്തിൽപ്പെട്ടത്. കൂട്ടിയിടിയിൽ രണ്ടുവാഹനങ്ങളുടെയും മുൻവശം ഏറക്കുറെ പൂർണമായും തകർന്നിട്ടുണ്ട്. ബസ് ഫുട്‌പാത്തിലെ വേലിയിലേക്കും പോസ്റ്റിലേക്കും ഇടിച്ചുകയറുകയായിരുന്നു. പാെലീസിനൊപ്പം നാട്ടുകാരും വഴിയാത്രക്കാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
സ്ഥിരം അപകടമേഖലയാണ് കലഞ്ഞൂർ സ്കൂൾ ജംഗ്ഷൻ എന്നാണ് നാട്ടുകാർ പറയുന്നത്. റോഡിലെ വളവാണ് അപകടക്കെണിയാവുന്നത്. നിർമാണത്തിലെ അശാസ്ത്രീയതയാണ് അപകടകാരണമെന്നും പ്രശ്നങ്ങൾ ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കമെന്നും നിരന്തരം ആവശ്യപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നീക്കവും ഇതുവരെ ഉണ്ടായിട്ടില്ലെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. പലപ്പോഴും സ്ഥലത്തെക്കുറിച്ച് പരിചയമില്ലാത്തവരാണ് അപകടത്തിൽപ്പെടുന്നത്.