ഐതിഹാസികമാകുന്നത് ഹൃദയസ്പർശിയായ കൃതികൾ: ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
തിരുവനന്തപുരം: നീതിന്യായ നിർവഹണത്തിൽ വ്യക്തിയെ അല്ല വിലയിരുത്തുന്നതെന്നും ആ വ്യക്തിയുടെ പ്രവൃത്തിയാണ് വിലയിരുത്തപ്പെടുന്നതെന്നും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. നീതി നിർവഹണത്തിൽ പലപ്പോഴും വേഗത്തിലാണ് തീരുമാനങ്ങളെടുക്കേണ്ടി വരിക. എന്നാൽ, തിടുക്കത്തിൽ തീരുമാനങ്ങൾ എടുക്കരുതെന്ന ഓർമ്മപ്പെടുത്തലാണ് പ്രഭാവർമ്മയുടെ 'രൗദ്ര സാത്വികം' എന്ന കൃതി നൽകുന്നത്. എൻ.രാമചന്ദ്രൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സരസ്വതി സമ്മാൻ പുരസ്കാര ജേതാവ് കവി പ്രഭാവർമ്മയ്ക്കുള്ള ആദര സമർപ്പണ സമ്മേളനം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹൃദയത്തെ സ്പർശിക്കുന്ന കൃതികളാണ് എപ്പോഴും ഐതിഹാസികങ്ങളായി മാറുന്നത്. തകഴിയും എം.ടിയും ബഷീറുമൊക്കെ അത്തരത്തിലുള്ള രചനകളാണ് നടത്തിയിട്ടുള്ളത്. പല കൃതികളും വായിക്കുമ്പോൾ നമ്മൾതന്നെ നമുക്കുവേണ്ടി എഴുതിയപോലെ തോന്നും. മുഖത്തടിച്ച് എഴുന്നേൽപ്പിക്കുന്നതാണ് ചില സാഹിത്യ കൃതികൾ. ചിലത് സൗമ്യമായി നമ്മെ ഉണർത്തുന്നതും.
എല്ലാക്കാലത്തും നിലനിൽക്കുന്നതാണ് ക്ളാസിക് കൃതികൾ. രൗദ്ര സാത്വികം അത്തരത്തിലൊരു സൃഷ്ടിയാണ്. മലയാളത്തിനും മലയാളിക്കും കിട്ടിയ അംഗീകാരമാണ് രൗദ്ര സാത്വികത്തിന് ലഭിച്ച സരസ്വതി സമ്മാൻ പുരസ്കാരം. എഴുതിയത് പ്രഭാവർമ്മയാണെങ്കിലും വായിച്ചു കഴിയുമ്പോൾ നമ്മുടെ ഉള്ളിലെ ചിന്തകളാണ് എഴുതിയതെന്ന് തോന്നും. അവാർഡ് തുക അല്ല പുസ്തകത്തിന്റെ മൂല്യം. 22 ഭാഷകളിലെ പത്തുവർഷകാലത്തെ കൃതികൾ വിലയിരുത്തി നൽകിയ പുരസ്‌കാരം മലയാള കൃതിക്ക് കിട്ടി എന്നതാണ് മഹത്വം.
മുൻമന്ത്രി ബാബുദിവാകരൻ അദ്ധ്യക്ഷനായി. ഏർപ്പെട്ട സമസ്ത മേഖലകളിലും തിളങ്ങാൻ കഴിയുന്ന ബഹുമുഖ പ്രതിഭയാണ് പ്രഭാവർമ്മയെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഡോ.ശശിതരൂർ എം.പി പറഞ്ഞു. ഡോ.കെ.ജി.താര പ്രശസ്തിപത്ര പാരായണം നടത്തി. കേരള സർവകലാശാല ഡീൻ ഡോ.മീനാ ടി.പിള്ള, നർത്തകി ഡോ.രാജശ്രീ വാര്യർ എന്നിവർ പ്രസംഗിച്ചു. വിശിഷ്ട വ്യക്തികൾക്ക് എൻ.രാമചന്ദ്രൻ ഫൗണ്ടേഷൻ അംഗവും കേരളകൗമുദി ഡയറക്ടറുമായ ലൈസ ശ്രീനിവാസൻ ഉപഹാര സമർപ്പണം നടത്തി. ഫൗണ്ടേഷൻ സെക്രട്ടറി പി.പി.ജയിംസ് സ്വാഗതവും അംഗം ഷെയ്ക്ക് അഹമ്മദ് നന്ദിയും പറഞ്ഞു.
എഴുത്തിൽ കാപട്യം
കാട്ടിയിട്ടില്ല: പ്രഭാവർമ്മ
അക്ഷരങ്ങളിലും എഴുത്തിലും ഒരിക്കലും താൻ കാപട്യം കാട്ടിയിട്ടില്ലെന്നും അതിന്റെ കൂടി ഫലമാണ് തന്റെ കവിതകൾക്ക് ആസ്വാദക മനസുകളിൽ കിട്ടുന്ന സ്നേഹപൂർവമായ അംഗീകാരമെന്നും കവി പ്രഭാവർമ്മ പറഞ്ഞു. വിങ്ങുന്ന മനസ് തേങ്ങിപ്പോകുമ്പോൾ അതിനെ തടയാനാവില്ല. അതുപോലെയാണ് തനിക്ക് കവിതാരചന. എഴുതിയ സൃഷ്ടികൾ വായനക്കാരുടെ മനസിൽ ഇടം കണ്ടെത്തുന്നത് വലിയ കാര്യമാണ്. കവിത സഫലമാവുന്നത് അത് വായനക്കാരന്റെ മനസിൽ പതിയുമ്പോഴാണ്.