മോട്ടോർ വാഹന വകുപ്പറിഞ്ഞില്ല; എം.വി.ഡി സൊസൈറ്റിയായത്!
തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ
എറണാകുളത്ത് വാഹന പരിശോധന നടത്തവേ,അതുവഴി വന്ന വാഹനത്തിലെ ബോർഡ് 'എം.വി.ഡി സൊസൈറ്റി' .
സ്വന്തം വകുപ്പിലെ വാഹനം പരിശോധിക്കേണ്ട കാര്യമില്ലാത്തതിനാൽ,അതു കടന്നുപോയി. പക്ഷേ, ഒരു ഉദ്യോഗസ്ഥന് സംശയം തോന്നി. ഡിപ്പാർട്ട്മെന്റിൽ അങ്ങനെ ഒരു സൊസൈറ്റി ഉണ്ടോ? ഔദ്യോഗിക വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ സംശയം ഉന്നയിച്ചു. അങ്ങനെ ഒരു സൊസൈറ്റി ഇല്ലെന്ന് സ്ഥിരീകരിച്ചതോടെ,വാഹനം ആരുടേതെന്നായി അന്വേഷണം. വാഹന ഇടനിലക്കാരുടെ സംഘടന രൂപീകരിച്ച സൊസൈറ്റിയെന്ന് കണ്ടെത്തി.
എം.വി.ഡി. സൊസൈറ്റി എന്നപേരിലാണ് ഇവർ രജിസ്‌ട്രേഷൻ എടുത്തിരിക്കുന്നത്.
ബാനറുകളിലും നോട്ടീസിലും എം.വി.ഡി. എന്ന ചുരുക്കപ്പേര് ഉപയോഗിച്ചിട്ടുണ്ടെന്നും കണ്ടെത്തി. ഈ ഇടനിലക്കാരെയാണ് ഓഫീസുകളിൽ നിന്ന് അകറ്റുമെന്ന് വകുപ്പ് മേധാവികളും മന്ത്രിയും ഇടയ്ക്കിടെ പറയുന്നത്. ഓൺലൈൻ അപേക്ഷ ഉൾപ്പെടെയുള്ള ചില പരിഷ്കാരങ്ങൾ കൊണ്ടു വരുന്നത് ഇവരുടെ ഇടപെടലുകൾ കുറയ്ക്കാനായിരുന്നു എന്നാണ് ഔദ്യോഗിക വ്യാഖ്യാനം.
ഇടനിലക്കാർക്ക് ഒട്ടേറെ സംഘടനകളുണ്ടെങ്കിലും ഇവയെല്ലാം ഓട്ടോ കൺസൾട്ടന്റ് എന്നപേരാണ് പൊതുവെ ഉപയോഗിക്കുന്നത്. ഇതിൽ ഒരു സംഘടന സൊസൈറ്റി രൂപീകരിച്ചപ്പോഴാണ് 'എം.വി.ഡി'യെ അടിച്ചു മാറ്റിയത്.
പ്രശ്നമാകുമെന്ന് അറിഞ്ഞതോടെ, ബന്ധപ്പെട്ടവർ ആ പേര് ഉപേക്ഷിച്ചു.
സൊസൈറ്റിയുടെ ഉദ്ഘാടനത്തിനും സംഘടനയുടെ സംസ്ഥാന സമ്മേളനത്തിനുമായി മോട്ടോർവാഹന വകുപ്പിലെ സംഘടനാനേതാക്കളെയും ഉന്നതോദ്യോഗസ്ഥരെയും ക്ഷണിച്ചെങ്കിലും പലരും പിന്മാറി.