ആദ്യമായി ശബരിമലയ്‌ക്ക് പോയതിന്റെ പേരിൽ ക്രൂശിക്കപ്പെട്ടുകൊണ്ടിരുന്ന യേശുദാസിനെ രക്ഷിച്ചത് ഒരു വികാരി

Monday 02 December 2024 2:29 PM IST

അയ്യപ്പന്റെ ഉണർത്തുപാട്ടും നട അടയ‌്ക്കുന്നതിന് മുമ്പുള്ള ഹരിവരാസനവും ഗാനഗന്ധർവൻ യേശുദാസിന്റെ ശബ്‌ദത്തിൽ പതിറ്റാണ്ടുകളായി ശബരില സന്നിധിയിലെത്തുന്ന ഓരോ ഭക്തനും ഹൃദ്യമായ അനുഭവമാണ് നൽകുന്നത്. അനേകം തവണ യേശുദാസ് ശബരിമലയിൽ എത്തി തത്സമയം തന്നെ ഹരിവരാസനം ആലപിച്ചിട്ടുമുണ്ട്. എന്നാൽ ആദ്യമായി യേശുദാസ് ശബരിലയിൽ പോയപ്പോൾ ക്രിസ്തീയ മതവിഭാഗത്തിൽ നിന്ന് ചില എതിർപ്പുകൾ അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. ചെറിയൊരു കാലയളവിലായിരുന്നെങ്കിൽ പോലും വലിയ വിമർശനമാണ് ഗാനഗന്ധർവന് അന്ന് കേൾക്കേണ്ടി വന്നത്.

ആ സമയത്ത് ഒരു വികാരിയാണ് അദ്ദേഹത്തിന് രക്ഷകനായി മാറിയത്. പൈതലാം യേശുവേ എന്ന എവർഗ്രീൻ ക്രിസ്തീയ ഗാനത്തിന്റെ ശിൽപി കൂടിയായ ഫാ. ജസ്‌റ്റിൻ പാണക്കൽ ആയിരുന്നു അത്. ആ സന്ദർഭത്തെ കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെ-

''1978 കാലഘട്ടത്തിൽ കുവൈറ്റിലുള്ള ഒരു ബിഷപ്പ് എന്നെ പുസ്തക രചനയുമായി ബന്ധപ്പെട്ട് അങ്ങോട്ടേക്ക് ആവശ്യപ്പെട്ടിരുന്നു. അവിടെ നടന്ന ഒരു ചടങ്ങിൽ യേശുദാസിന്റെയും ലത മങ്കേഷ്‌കറിന്റെയും സ്വരമാധുര്യത്തെ കുറിച്ച് ഞാൻ സംസാരിക്കുകയുണ്ടായി. യേശുദാസിനെ കുറിച്ചാണ് കൂടുതലായി പ്രസംഗിച്ചത്. ആ ഇടയ്‌ക്കായിരുന്നു യേശുദാസ് ശബരിമലയിൽ പോയതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉണ്ടാകുന്നത്. വലിയൊരു വിഭാഗം അദ്ദേഹത്തെ ക്രൂശിച്ചുകൊണ്ട് രംഗത്തുവന്നു. ആ ചടങ്ങിൽ യേശുദാസിന്റെ ട്രൂപ്പിൽ വായിക്കുന്ന ആളും എത്തിയിരുന്നു. എന്നെക്കുറിച്ച് അറിഞ്ഞ യേശുദാസ് കാണാൻ വന്നു. തൊട്ടടുത്ത ദിവസങ്ങളിൽ നടക്കുന്ന പരിപാടിയിലേക്ക് ക്ഷണിക്കുകയും ചെയ‌്തു. എന്റെ വാക്കുകൾ ഒരുപാട് ശ്രദ്ധിച്ചിരുന്നു. അത് വലിയൊരു ആശ്വാസമാണ് യേശുദാസിന് അക്കാലത്ത് നൽകിയത്''.