സ്റ്റേജിൽ മാത്രമല്ല,​ റീൽസിലും താരമാണ് മഹേഷ് നായർ,​ വൈറലായി പാട്ടുകൾ

Monday 02 December 2024 5:30 PM IST

മൊബൈൽ ഫോണിൽ റീൽസുകളിൽ അമരനിലെ ഹേയ് മിന്നലേ എന്ന ഗാനം മുഴങ്ങുന്നു. മഹേഷ് നായർ പാടുകയാണ്. പിന്നാലെ എ,​ആർ.എമ്മിലെ അഴകേ ചങ്കുലയ്ക്കണ ചോദ്യമിതെന്തേ എന്ന ഗാനത്തിന്റെ വരികളും മഹേഷിന്റെ മധുരശബ്ദത്തിൽ ഒഴുകിയെത്തുന്നു. സ്റ്റേജ് ഷോകളിലെ സ്റ്റാർ പെർഫോർമറായ മഹേഷ് നായർ എന്ന മഹേഷ് കുമാർ എം സോഷ്യൽ മീഡിയയിലും തിളങ്ങുകയാണ്.

ഐ.ടിയിൽ ബി.ടെക്ക് ഉള്ള എറണാകുളം സ്വദേശിയായ മഹേഷ്‌ തിരുവനന്തപുരത്ത് യു.എസ്.ടിയിൽ ടാലന്റ് അക്വിസിഷൻ ടീം മാനേജരാണ്. സംഗീതം പഠിച്ചിട്ടില്ലെങ്കിലും പാട്ടിന്റെ വഴികളിലേക്ക് ഒരു നിമിത്തം പോലെ വന്നെത്തുകയായിരുന്നു. മഹേഷ് പറയുമ്പോലെ പാട്ടാണ് തന്റെ ശ്വാസവും ജീവിതവും. ഐ.ടി രംഗത്തെ ജോലിക്കിടയിലും 13 വർഷമായി സംഗീതം എന്ന പാഷൻ വിടാൻ മഹേഷിന് കഴിയാത്തതും അതു കൊണ്ടു തന്നെയാണ്. കവർ സോംഗുകളും ജിങ്കിൾസും,ഒറിജിനൽസും സ്റ്റേജ് ഷോയും ഒക്കെ ചെയ്യുമ്പോഴും സിനിമയിൽ മികച്ച ഒരു പിന്നണി ഗാനത്തിനായി കാത്തിരിക്കുകയാണ് മഹേഷ്. ടെഡി എന്ന തമിഴ് ചിത്രത്തിൽ അനിരുധ് പാടിയ "നൻബിയെ" എന്ന സൂപ്പർഹിറ്റ് ഗാനത്തിന്റെ മലയാളം വേർഷൻ "ചെല്ലത്തുമ്പിയെ" എന്ന ഗാനത്തിനു പിന്നിലെ ശബ്‍ദം മഹേഷിന്റെതാണ്.നിരവതി സിനിമകളിൽ ട്രാക്കുകളും പാടിയിട്ടുണ്ട്.

എറണാകുളം നോർത്ത് പറവൂരിലെ സ്കൂൾ പഠനകാലത്ത് മ്യൂസിക് ടീച്ചറാണ് പാട്ടിന്റെ വഴികളിലേക്ക് എത്തിച്ചത്. സ്കൂൾ കലോത്സവങ്ങളിലൂടെയായിരുന്നു തുടക്കം.പ്ലസ് ടു- കോളേജ് കാലത്ത് ഗാനമേള ട്രൂപ്പുകളിലൊക്കെ പാടാൻ പോകുമായിരുന്നു. അന്ന് ഗാനമേളകളിൽ പാടിയ പരിചയമാണ് പിന്നീട് സ്റ്റേജ് ഷോകളിൽ തന്നെ മികച്ച പെർഫോർമർ ആക്കിയതെന്ന് മഹേഷ് പറയുന്നു.

നാട്ടിലെതാരം എന്ന റിയാലിറ്റി ഷോയാണ് മഹേഷിന് സംഗീത ജീവിതത്തിൽ കിട്ടിയ ആദ്യ വഴിത്തിരിവ്. 2008-ൽ ഈ റിയാലിറ്റി ഷോയിലെ ബെസ്റ്റ് പെർഫോർമർ ടൈറ്റിൽ നേടാൻ മഹേഷിന് കഴിഞ്ഞു. 2013-ൽ ആദ്യമായി കമ്പോസ് ചെയ്ത് പാടിയ "സോൾ മേറ്റ്സ്" എന്ന ആൽബം പുറത്തിറക്കിയിരുന്നു. 2017 മോഹൻലാലിന്റെ 38 വർഷത്തെ സിനിമാ ജീവിതം അടിസ്ഥാനമാക്കി ചെയ്ത "ഇൻവിസിബിൾ മൊഗുൾ" എന്ന മ്യൂസിക്കൽ ആൽബം യൂട്യുബിലും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു . പാട്ട് കേട്ട് മോഹൻലാൽ അഭിനന്ദിച്ചത് ഏറ്റവും വലിയ ഭാഗ്യമായി മഹേഷ്‌ കാണുന്നു. 2020 ചെയ്ത സാമജവരാഗമന എന്ന സൂപ്പർഹിറ്റ് തെലുഗു ഗാനത്തിന്റെ റിപ്രൈസ്ഡ് വേർഷൻ സിനിമയുടെ ഒഫീഷ്യൽ മ്യൂസിക് ഓഡിയോ റൈറ്റ് ഉള്ള ആദിത്യ മ്യൂസിക് എന്ന യൂട്യൂബ് ചാനലിൽ ഹിറ്റ്‌ ചാർട്ടിൽ ഇടംനേടി, 2021ൽ ചെയ്ത അവിയൽ ബാൻഡിന്റെ എട്ടാം പാട്ടിന്റെ റിപ്രൈസ്ഡ് വേർഷൻ മ്യൂസിക് വീഡിയോ യൂട്യൂബിൽ ആദ്യ 1 മില്യൺ നേടി. മോഹൻലാലിന്റെ ഗാന്ധർവ്വം എന്ന ചിത്രത്തിലെ "നെഞ്ചിൽ കഞ്ചബാണം മ്യൂസിക് വീഡിയോ സോഷ്യൽ മീഡിയയിൽ ഹിറ്റ്‌ നേടിയവയിൽ ഒന്നാണ്."ഇല്ലുമിനാറ്റി"എന്ന വൈറൽ ഗാനം ആവേശത്തിലെ രംഗ യായി പാടി അഭിനയിച്ച റീൽ സിനിമയുടെ ഓഡിയോ പാർട്ണർ ആയ ThinkMusicIndia ഷെയർ ചെയ്തതോടെ വലിയ സ്വീകരണം കിട്ടിയിരുന്നു. mahi_singer_official എന്ന തന്റെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ 12,000 ഫോളോവഴ്‌സുമായി സംഗീത യാത്ര തുടരുന്നു.

ജീവിതത്തിലെ പല സാഹചര്യങ്ങൾ കൊണ്ട് സംഗീതം പഠിക്കാൻ സാധിച്ചിട്ടില്ലെങ്കിലും തന്റെ കഴിവിന്റെ മാക്സിമം ഹാർഡ്‌വർക്ക് ചെയ്തും തന്റെതായ ഒരു ഐഡന്റിറ്റിയും,സ്റ്റൈലും താൻ പാടുന്ന പാട്ടുകളിലൂടെ കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ടെന്ന് മഹേഷ് വ്യക്തമാക്കി. ഒരു versatile സിങ്ങർ ആയി അറിയപ്പെടാനും പ്രൊഫഷനും പാഷനും ഒരുമിച്ചു കൊണ്ടുപോകണം എന്നാണ് ആഗ്രഹം . മഹേഷ്‌ പറയുന്നു.. അതിന് യു.എസ്.ടി മാനേജ്‌മെന്റ് നൽകുന്ന അകമഴിഞ്ഞ പിന്തുണയ്ക്കും മഹേഷ് നന്ദി പറഞ്ഞു.

മഹേഷ്‌ പാടിയ കവർ സോങ്‌സ് കേട്ട് മലയാള സിനിമയിലെ പ്രശസ്ത സംഗീത സംവിധായകരായ ദീപക്ദേവ്,​ രഞ്ജിൻ രാജ്,​ രാഹുൽരാജ് എന്നിവർ അഭിനന്ദിച്ചിരുന്നു. സംഗീത രംഗത്ത് മഹേഷ്‌ ഏറ്റവും ആരാധിക്കുന്ന ഗായകൻ മധു ബാലകൃഷ്ണനാണ്. ഒരു ജ്യേഷ്ഠതുല്യനെ പോലെ അദ്ദേഹത്തിന്റെ കുടുംബമായും വളരെ അടുത്ത സൗഹൃദം കാത്തു സൂക്ഷിക്കുന്നു.

നിരവധി പ്രശസ്ത പിന്നണി ഗായകരുടെ കൂടെ സ്റ്റേജിൽ പാടുവാനും സംഗീത ഇതിഹാസമായ ഓസ്കാർ ജേതാവ് എ.ആർ. റഹ്മാനെ കാണാനും അദ്ദേഹത്തിന്റെ അനുഗ്രഹം ലഭിച്ചതും സംഗീത ജീവതത്തിൽ കിട്ടിയ ഏറ്റവും വലിയ ഒരു ഭാഗ്യമായി കാണുന്നുവെന്നും മഹേഷ് പറഞ്ഞു. മ്യൂസിക് മോജോ സീസൺ 6,​ സീ കേരളത്തിലെ റിയാലിറ്റി ഷോ സരിഗമപ സീസൺ 2-ൽ ഗ്രാൻഡ് ജൂറി അംഗമായും മഹേഷ് പ്രവർത്തിച്ചു. പിന്നണി ഗായകൻ ആകണം എന്ന വലിയ സ്വപ്നത്തിന്റെ പുറകെ പരിശ്രമിച്ചുകൊണ്ടിരിക്കയാണ് മഹേഷ്‌. എല്ലാ പിന്തുണയും പ്രാർത്ഥനയുമായും മഹേഷിന്റെ കുടുംബവും.ഭാര്യ ആതിര, മക്കൾ- വേദിക, വാമിക