'പെട്ടിക്കകത്ത് ഒന്നുമില്ലെന്ന് തെളിഞ്ഞു'; നടന്നത് രാഷ്ട്രീയ നാടകമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

Monday 02 December 2024 5:50 PM IST

പാലക്കാട്: പെട്ടിക്കകത്ത് ഒന്നുമില്ലെന്ന് തെളിഞ്ഞെന്നും നടന്നത് രാഷ്ട്രീയ നാടകമാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഉയർന്ന നീല ട്രോളി ബാഗ് വിവാദത്തിൽ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന പൊലീസിന്റെ പ്രാഥമിക റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'പെട്ടി വിവാദം കോൺഗ്രസ് വിടില്ല. ജനങ്ങൾ പ്രബുദ്ധരാണെന്ന് സിപിഎമ്മും ബിജെപിയും മനസിലാക്കണം. വനിതാ നേതാക്കളുടെ മുറികളിലേക്ക് അതിക്രമിച്ച് കയറിയ സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകും. പെട്ടി വിവാദം സിപിഎം - ബിജെപി കൂട്ടുകെട്ടിൽ വിരിഞ്ഞ ആശയം', -രാഹുൽ വ്യക്തമാക്കി.

കോൺഗ്രസ് നേതാക്കൾ ട്രോളി ബാഗിൽ പണം എത്തിച്ചെന്ന പരാതിയിൽ തെളിവ് കണ്ടെത്തനായില്ലെന്ന അന്വേഷണ റിപ്പോർട്ടാണ് സ്‌പെഷ്യൽ ബ്രാഞ്ച് ഡിവെെഎസ്‌പി പാലക്കാട് എസ്പിക്ക് നൽകിയത്. ​ ട്രോളി വിവാദത്തിൽ തുടർനടപടി ആവശ്യമില്ലെന്നും കേസ് അവസാനിപ്പിക്കുമെന്നും എസ്‌പി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. നവംബർ ആറിന് പുലർച്ചെയാണ് കെപിഎം ഹോട്ടലിൽ കോൺഗ്രസ് നേതാക്കൾ താമസിക്കുന്ന മുറികളിൽ പൊലീസ് സംഘമെത്തി പരിശോധന നടത്തിയത്.