ബാങ്ക് മാനേജരെ മർദ്ദിച്ച കേസ്: നിശാന്തിനിക്കെതിരായ അന്വേഷണം മരവിപ്പിച്ചു

Sunday 18 August 2019 1:42 AM IST

കൊച്ചി : ബാങ്ക് മാനേജരെ മർദ്ദിച്ച കേസിൽ വനിതാ പൊലീസ് ബറ്റാലിയൻ കമൻഡാന്റ് നിശാന്തിനിക്കെതിരെ സർക്കാർ ഉത്തരവിട്ട പുതിയ അന്വേഷണം കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ മരവിപ്പിച്ചു.

പുതിയ അന്വേഷണം തന്റെ കരിയർ നശിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടി നിശാന്തിനി നൽകിയ ഹർജിയിൽ ട്രൈബ്യൂണലിലെ അഡ്മിനിസ്ട്രേറ്റീവ് അംഗം ഇ.കെ. ഭരത്‌ഭൂഷൺ, ജുഡിഷ്യൽ അംഗം ആശിഷ് കാലിയ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി തീർപ്പാകുംവരെ അന്വേഷണം മരവിപ്പിച്ചത്.

നിശാന്തിനി തൊടുപുഴയിൽ അസി. പൊലീസ് സൂപ്രണ്ടായിരിക്കെ മറ്റു പൊലീസുകാർക്കൊപ്പം യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യയുടെ ബ്രാഞ്ച് മാനേജരായിരുന്ന പേഴ്സി ജോസഫ് ഡെസ്‌മണ്ടിനെ മർദ്ദിച്ചെന്നാണ് കേസ്. 2011 ജൂലായിൽ നടന്ന സംഭവത്തിൽ എ.ഡി.ജി.പി മനോജ് എബ്രഹാമിനെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചിരുന്നു. നിശാന്തിനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവില്ലെന്നാണ് മനോജ് എബ്രഹം റിപ്പോർട്ട് നൽകിയത്. ഇതു റദ്ദാക്കിയാണ് സർക്കാർ പുതിയ അന്വേഷണത്തിന് ഉത്തരവിട്ടത്. ആൾ ഇന്ത്യ സർവീസ് ചട്ടമനുസരിച്ച് ഒരേ കുറ്റത്തിന് ഒരാൾക്കെതിരെ രണ്ടാം തവണയും അന്വേഷണം നടത്താനാവില്ലെന്നാണ് ഹർജിക്കാരിയുടെ വാദം. എന്നാൽ ഹർജിക്കാരിക്കെതിരായ ആരോപണം ഗുരുതരമാണെന്നും എ.ഡി.ജി.പിയുടെ അന്വേഷണം മതിയായതല്ലെന്നും കേസിൽ സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി. തുടർന്നാണ് വിശദമായ വാദത്തിന് ഹർജി മാറ്റിയ ട്രൈബ്യൂണൽ, ​അന്വേഷണം മരവിപ്പിച്ചത്.