ബസ് ഷെൽട്ടർ പൊളി​ച്ചു... കോൺവെന്റ് ജംഗ്ഷനിൽ ബസ് കാത്തി​രി​പ്പ് കഠി​നം

Tuesday 03 December 2024 2:05 AM IST

കൊല്ലം: കോൺവെന്റ് ജംഗ്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചതോടെ വെയി​ലും മഴയുമേറ്റ് നി​ൽക്കേണ്ട ഗതി​കേടിൽ യാത്രക്കാർ. ആധുനിക രീതി​യി​ൽ പുനർ നി​ർമ്മി​ക്കാനാണ് ഒരാഴ്ച മുമ്പ് ഇത് പൊളി​ച്ചു മാറ്റി​യത്.

പൊളി​ച്ച ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ അവശിഷ്ടങ്ങൾ അവി​ടെത്തന്നെ കി​ടക്കുകയാണ്. ഇവ നീക്കം ചെയ്യാനോ യാത്രക്കാർക്ക് വെയിലും മഴയുമേൽക്കാതെ ബസ് കാത്ത് നിൽക്കാൻ സംവി​ധാനമൊരുക്കാനോ അധികൃതർ തയ്യാറായിട്ടില്ല. വർഷങ്ങൾക്ക് മുൻപ് പാർവതി മില്ലിന് മുന്നിലെ ബസ് ഷെൽട്ടർ മേൽപ്പാലത്തിന് വേണ്ടി പൊളിച്ചി​രുന്നു. പിന്നീട് നിർമ്മിച്ചു നൽകുമെന്നായി​രുന്നു വാഗ്ദാനം. പക്ഷേ, ഇതുവരെ യാതൊരു നടപടി​യും ഉണ്ടായി​ട്ടി​ല്ല.

മഴയിൽ നിന്നും വെയിലിൽ നിന്നും രക്ഷനേടാൻ മേൽപ്പാലത്തിന്റെ അടിവശമാണ് നി​ലവി​ൽ യാത്രക്കാരുടെ അഭയകേന്ദ്രം. കോൺവെന്റ് ജംഗ്ഷനിലെ ബസ് കാത്തിരിപ്പ്‌ കേന്ദ്രത്തിനോട് ചേർന്നുളള സ്‌കൂളിലെ വിദ്യാർത്ഥികളും യാത്രക്കാരുമാണ് ഏറെ ബുദ്ധിമുട്ടിലായത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ നടപ്പാതയിൽ കെട്ടിക്കി​ടക്കുന്നതിനാൽ വിദ്യാർത്ഥികൾ റോഡിലേക്കിറങ്ങി ബസ് കാത്ത് നിൽക്കേണ്ട സ്ഥിതിയാണ്. ഇത് അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നുണ്ട്. അവശിഷ്ടങ്ങൾ കാണാതിരിക്കാൻ പച്ച നിറത്തിലുള്ള വല പുറമേ മറച്ചിട്ടുള്ളതല്ലാതെ ഒന്നുമുണ്ടായി​ല്ല. അവശിഷ്ടങ്ങളിൽ നിന്നുള്ള പൊടിയും യാത്രക്കാരെ വലയ്ക്കുന്നുണ്ട്.

ചെലവ് 40 ലക്ഷം

കോർപ്പറേഷന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 40 ലക്ഷം രൂപ ചെലവിൽ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കുന്നത്. കോൺവെന്റ് ജംഗ്ഷന് പുറമേ ഹൈസ്‌കൂൾ ജംഗ്ഷൻ, കളക്ടറേറ്റ്, കാവനാട്, എക്സൈസ് ഓഫീസിന് മുൻവശം, കടവൂർ, കടപ്പാക്കട എന്നിവിടങ്ങളിൽ ആധുനിക ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കാൻ പദ്ധതിയുണ്ട്. സ്‌കൂളിന് മുന്നിലുള്ള കേന്ദ്രമായതിനാൽ വിദ്യാർത്ഥികളാണ് ഇവിടെ ബസ് കാത്തു നി​ൽക്കുന്നവരി​ൽ ഭൂരി​ഭാഗവും. അതിനാൽ എത്രയും വേഗം നിർമ്മാണം പൂർത്തി​യാക്കണമെന്നാണ് ആവശ്യം.

ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കും. കോർപ്പറേഷന്റെ മേൽനോട്ടത്തിലായിരിക്കും നിർമ്മാണപ്രവർത്തനങ്ങൾ. ആധുനിക സൗകര്യങ്ങൾ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഒരുക്കും

കോർപ്പറേഷൻ അധികൃതർ