ഗ്രാമനഗര വ്യത്യാസമില്ലാതെ എല്ലായിടവും ഒരുപോലെ വികസിക്കാൻ പോകുന്ന ഒരേയൊരു ജില്ല ഇന്ത്യയിൽ കേരളത്തിൽ നിന്നാകും

Tuesday 03 December 2024 10:49 AM IST

തിരുവനന്തപുരം: തലസ്ഥാനത്തെ അടിമുടി മാറ്റുന്ന വിഴിഞ്ഞം– നാവായിക്കുളം- വികസന ഇടനാഴി (ഔട്ടർ ഏരിയ ഗ്രോത്ത് കോറിഡോർ) യുടെ മാസ്റ്റർ പ്ലാൻ സംസ്ഥാന സർക്കാരിന് കൈമാറി. വ്യവസായ വകുപ്പിന്റെയും തദ്ദേശവകുപ്പിന്റെയും പിന്തുണയോടെ ക്യാപ്പിറ്റൽ റീജിയൻ ഡെവലപ്മെന്റ് പ്രോജക്ട്–2 (സിആർഡിപി 2) ന്റെ നേതൃത്വത്തിലാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്. വെള്ളയമ്പലത്തെ ക്യാപ്പിറ്റൽ റീജിയൻ ഡെവലപ്മെന്റ് പ്രോജക്ട്–2 ഓഫീസിൽ ഇതിന്റെ ത്രിഡി മാതൃകയും തയ്യാറാക്കിയിട്ടുണ്ട്.

വിഴിഞ്ഞത്ത് ലോജിസ്റ്റിക് ടൗൺഷിപ്പും കോവളത്ത് ഹെൽത്ത് ടൂറിസം ഹബ്ബും കാട്ടാക്കടയിൽ ​ഗ്രീൻ ആൻഡ് സ്മാർട്ട് ഇൻഡസ്ട്രി ഹബ്ബും കിളിമാനൂരിലും കല്ലമ്പലത്തും അ​ഗ്രോ ആൻഡ് ഫുഡ് പ്രോസസിങ് ഹബ്ബും ഉൾപ്പെടെ 49 വില്ലേജുകളെ അടിമുടി മാറ്റുന്ന സമ​ഗ്ര പദ്ധതിയാണിത്. വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർഥ്യമായതിന് പിന്നാലെയാണ് 34,000 കോടിയുടെ പദ്ധതി സംസ്ഥാന സർക്കാർ നടപ്പാക്കാനൊരുങ്ങുന്നത്.

വിഴിഞ്ഞംമുതൽ നാവായിക്കുളംവരെ 77 കിലോമീറ്ററിലെ റിംഗ് റോഡിന് ഇരുവശങ്ങളിലുമായി അഞ്ച് കിലോമീറ്ററോളം ചുറ്റളവിലെ തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളിലാണ് ടൗൺഷിപ്പുകളും ക്ലസ്റ്ററുകളും ഹബ്ബുകളും ഉയരുക. നഗരങ്ങളിലെയും ​ഗ്രാമങ്ങളിലെയും ജീവിതനിലവാരം മെച്ചപ്പെടുന്നതിനൊപ്പം തലസ്ഥാനമാകെ ഒരു പ്രത്യേക നിക്ഷേപമേഖലയായി മാറും. സർക്കാർ, സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുക.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, വിമാനത്താവളം, ടെക്നോപാർക്ക്, വിവിധ സർവകലാശാലകൾ, ദേശീയപാത –- 66, മലയോര, തീരദേശ ഹൈവേകൾ, ലൈറ്റ് മെട്രോ, കെ റെയിൽ തുടങ്ങിയ പദ്ധതികളുമായും ഇതിനെ ബന്ധിപ്പിക്കും. ഹരിത ഹൈഡ്രജൻ, സൗരോർജം, ഭക്ഷ്യസംസ്കരണം തുടങ്ങി സുസ്ഥിരവികസനത്തിനാണ് ഊന്നൽ നൽകുക.

ലോകോത്തര കമ്പനികളാണ് പദ്ധതിയിൽ നിക്ഷേപം നടത്താൻ സന്നദ്ധതയറിയിച്ച്‌ മുന്നോട്ട് വരുന്നത്. സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ തന്നെ വളർച്ചയ്ക്ക് പദ്ധതി കരുത്ത് നൽകും. ഭൂമി ഏറ്റെടുക്കാൻ ‘ലാൻഡ് പൂളിങ്’ രീതിയാണ് നടപ്പാക്കുക. ഒരു പ്രദേശത്തെ ഭൂമി, ഉടമകളുടെ സമ്മതത്തോടെ വികസനാവശ്യത്തിനായി വിജ്ഞാപനം ചെയ്യുന്ന രീതിയാണിത്. ഇതിനായി പുതിയനിയമം നിർമിക്കുന്നതിനുള്ള കരടും തയ്യാറായിട്ടുണ്ട്."