ശബരിമല തീർത്ഥാടകർക്ക് സഹായവുമായി സ്വാമി ചാറ്റ്‌ബോട്ട്

Wednesday 04 December 2024 12:33 AM IST

കൊച്ചി: ശബരിമല ഭക്തർക്ക് മികച്ച തീർത്ഥാടന അനുഭവം സമ്മാനിക്കുന്നതിനായി പത്തനംതിട്ട ജില്ലാ ഭരണകൂടവും മുത്തൂറ്റ് ഫിനാൻസും സംയുക്തമായി സ്വാമി ചാറ്റ്‌ബോട്ട് എന്ന എ.ഐ അസിസ്റ്റന്റ് സംവിധാനം പുറത്തിറക്കി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്വാമി ചാറ്റ്‌ബോട്ട് ലോഗോ അനാവരണം ചെയ്തു. ദേവസ്വം സ്‌പെഷ്യൽ സെക്രട്ടറി ടി.വി. അനുപമ, ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി എസ്. കാർത്തികേയൻ, പത്തനംതിട്ട ജില്ല കളക്ടർ എസ്. പ്രേംകൃഷ്ണൻ, മുത്തൂറ്റ് ഫിനാൻസ് പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു.
ശബരിമലയിലെയും അനുബന്ധവുമായ ഒട്ടേറെ കാര്യങ്ങളിൽ വിവരം തേടാനും സഹായം ലഭിക്കാനും സ്വാമി ചാറ്റ്‌ബോട്ട് ഉപയോഗിക്കാം. ക്ഷേത്രങ്ങൾ തുറക്കുന്ന സമയം, ഭക്ഷണത്തിന്റെ നിരക്ക്, ബസ്, ട്രെയിൻ സമയങ്ങൾ, മറ്റ് സേവനങ്ങൾ, ഹെൽപ്പ് ലൈൻ നമ്പറുകൾ തുടങ്ങി എന്താവശ്യത്തിനും ചാറ്റ്‌ബോട്ടിന്റെ സഹായം തേടാം. പോലീസ്, വനംവകുപ്പ് തുടങ്ങിയ പ്രധാന വിഭാഗങ്ങളുടെ സേവനങ്ങൾ കാര്യക്ഷമമായി സ്വാമി ചാറ്റ്‌ബോട്ടിലൂടെ ലഭിക്കുന്നതിനാൽ അപകടരഹിതവും കൃത്യവുമായ തീർഥാടന അനുഭവം ഭക്തർക്ക് ഉറപ്പ് വരുത്താനാകും. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ, തമിഴ് എന്നീ ആറ് ഭാഷകളിൽ സമഗ്ര സേവനം ഇതിലൂടെ ലഭ്യമാക്കുന്നു. +91 6238008000 എന്നതാണ് സ്വാമി എ.ഐ ചാറ്റ്‌ബോട്ട് വാട്‌സ്ആപ്പ് നമ്പർ.