'ഷെയ്‌നിന് മുറിവേറ്റത് മനസിൽ, ഒരക്ഷരം പോലും മിണ്ടാനാകാതെ ഹോസ്റ്റലിലെത്തി; കളർകോട്ടപകടത്തിൽ രക്ഷപ്പെട്ടത് അവൻ മാത്രം'

Wednesday 04 December 2024 10:06 AM IST

ആലപ്പുഴ: തിങ്കളാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ കളർകോട്ട് വാഹനാപകടം സംഭവിച്ചത്. കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച അപകടത്തിൽ അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾക്കാണ് ജീവൻ നഷ്ടമായത്. അപകടത്തിൽ പരിക്കേറ്റ മറ്റ് അഞ്ച് വിദ്യാർത്ഥികളും ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതീക്ഷകളോടെ എംബിബിഎസ് സ്വന്താമക്കാനെത്തിയ പത്ത് വിദ്യാർത്ഥികളുടെ ജീവിതമാണ് ഒറ്റരാത്രികൊണ്ട് മാറിമറിഞ്ഞത്.

പത്ത് പേർ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നതെന്ന നാട്ടുകാരുടെ കണ്ടെത്തൽ തെറ്റാണെന്ന് തെളിഞ്ഞത് പരിക്കേറ്റ വിദ്യാർത്ഥിയുടെ മൊഴിയിൽ നിന്നാണ്. കാറിൽ 11 പേരുണ്ടായിരുന്നുവെന്നായിരുന്നു വിദ്യാർത്ഥിയുടെ മൊഴി. തിരുവനന്തപുരം മരിയനാട് സ്വദേശി ഷെയ്‌ൻ ഡെൻസ്റ്റർ ആയിരുന്നു പതിനൊന്നാമൻ. അപകടത്തിൽ യാതൊരു പോറലും സംഭവിക്കാതെ രക്ഷപ്പെട്ടത് ഷെയ്‌ൻ മാത്രമാണ്.

നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിൽ പോലും ഷെയ്ൻ വാഹനത്തിലുണ്ടായിരുന്നുവെന്ന സംശയം പോലും ആർക്കും ഉണ്ടായില്ല. അപകടം നടന്ന ആഘാതത്തിൽ ഒരക്ഷരം പോലും പറയാനുളള മനസും ആ ചെറുപ്പക്കാരനുണ്ടായില്ല. ഇതോടെ അതുവഴി വന്ന ഒരു വാഹനത്തിൽ കയറി ഷെയ്‌ൻ ഹോസ്റ്റലിൽ എത്തി. ആരോടും ഒന്നും മിണ്ടാതെ മുറിക്കകത്ത് കയറി വാതിലടച്ചു.പരിക്കേറ്റ വിദ്യാർത്ഥിയുടെ മൊഴിയനുസരിച്ചാണ് സുഹൃത്തുക്കൾ ഷെയ്‌നെ തിരക്കി ഹോസ്റ്റലിൽ എത്തിയത്. അപ്പോഴും ഒന്നും സംസാരിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു യുവാവ്. ഉടൻ ഷെയ്നിനെ ആശുപത്രിയിലെത്തിച്ചു. ഇപ്പോൾ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് മനസിന് മുറിവേറ്റ ഷെയ്ൻ ഉളളത്. മാനസികാഘാതം മറികടക്കാനുള്ള ചികിത്സ നൽകുന്നുണ്ടെന്ന് മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.

തിങ്കളാഴ്ച രാത്രി ഒമ്പതരയോടെ ആലപ്പുഴ കളർകോട്ട് കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. വിദ്യാർത്ഥികളുടെ ടവേര കാർ അമിത വേഗത്തിൽ മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്ത് പെട്ടെന്ന് ബ്രേക്കിട്ടതോടെ തെന്നി വലത്തോട്ട് വെട്ടിത്തിരിഞ്ഞ് എതിരെ വന്ന ബസിൽ ഇടിക്കുകയായിരുന്നു. കാറിന്റെ ഇടതുഭാഗമാണ് ബസിൽ ഇടിച്ചത്. കനത്ത മഴ അപകടത്തിന്റെ ആക്കംകൂട്ടിയെന്നും റിപ്പോർട്ടുകളുണ്ട്.

ഒന്നാംവർഷ വിദ്യാർത്ഥികളായ മലപ്പുറം കോട്ടയ്ക്കൽ ശ്രീവൈഷ്ണവത്തിൽ (പാല, മറ്റക്കര പൂവക്കുളത്ത് കുടുംബാംഗം) ദേവനന്ദൻ (20), പാലക്കാട് ശേഖരപുരം ശ്രീവിഹാർ ശ്രീദേവ് വത്സൻ (20), കോട്ടയം പൂഞ്ഞാർ ചെന്നാട് കരിങ്ങുഴിക്കൽ (കുട്ടനാട് കാവാലം സ്വദേശി ) ആയുഷ് ഷാജി (20), ലക്ഷദ്വീപ് ആൻഡ്രോത്ത് ഐലൻഡ് പക്രിച്ചിയാപുര ഹൗസിൽ മുഹമ്മദ് ഇബ്രാഹിം (20),കണ്ണൂർ വേങ്ങര മടായി പാണ്ഡ്യാല ഹൗസിൽ മുഹമ്മദ് അബ്ദുൾ ജബ്ബാർ(20) എന്നിവരാണ് മരിച്ചത്.