ഉള്ളു നിറച്ച് അമ്മച്ചിരികൾ...
കൊച്ചി: തങ്കമനസ്...അമ്മ മനസ്... പാട്ടുകാരൻ കൊച്ചിൻ മൻസൂർ ആലപിച്ചപ്പോൾ എറണാകുളം ടൗൺഹാളിൽ നിറഞ്ഞിരുന്ന പ്രായംചെന്ന അമ്മമാരുടെ കണ്ണ് നിറഞ്ഞു... ചിലർ സന്തോഷം കൊണ്ട് ചിരിച്ചു... അവരിൽ ചിലർ മൻസൂറിനെ അരികിലേക്ക് വിളിച്ച് നെറുകിൽ തലോടി. കണ്ടു നിന്നവരുടെയും അതിഥികളായെത്തിയ വിദേശികളുടെയും ഉൾപ്പെടെ മനം നിറച്ച കാഴ്ചകൾക്കാണ് വയോജന സൗഹൃദ കൊച്ചിയുടെ ആദ്യ വാർഷികാഘോഷം ' സൗഹൃദം കൊച്ചി 2024' വേദിയായത്.
പിന്നാലെ വൃശ്ചികപ്പെണ്ണേ...വേളിപ്പെണ്ണേ....പാട്ടെത്തിയപ്പോ അമ്മമാരിൽ ചിലർ ഡാൻസുമായുമെത്തി. ഒടുവിൽ യോദ്ധയിലെ പടകാളി.... പാട്ടായപ്പോഴേക്ക് അമ്മമാരുൾപ്പെടെ സദസൊന്നാകെ ഇളകി മറിഞ്ഞു.
മാജിക്‌സ് സന്നദ്ധ സംഘടന കൊച്ചി മുനിസിപ്പൽ കോർപ്പറേഷനുമായി ചേർന്നു പ്രവർത്തിക്കുന്ന സിഡാക് എന്ന സ്ഥാപനവുമായി സഹകരിച്ചായിരുന്നു പരിപാടി. മേയർ അഡ്വ.എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷീബ ലാൽ അദ്ധ്യക്ഷയായി.
കോമൺവെൽത്ത് രാജ്യങ്ങളിലെ വയോജന ക്ഷേമത്തിനായി പ്രവർത്തിക്കുന്ന പ്രസ്ഥാനമായ 'കോമൺഎയ്ജ് ' യു.കെ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളായ ആൻഡ്രൂ ലാർപെന്റ്, മൻസൂർ ദലാൽ, ഫെമട ഷമേൻ, ഡോ. രേണു വർഗീസ് എന്നിവർ മാനിഫെസ്റ്റോ സമർപ്പണം നടത്തി.
ഡെപ്യൂട്ടി കമ്മിഷണർ സുദർശൻ. കെ.എസ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ. റെനീഷ്, കൊച്ചിൻ കലാഭവൻ പ്രസിഡന്റ് ഫാ.ഡോ. ചെറിയാൻ കുനിയന്തോടത്ത് തുടങ്ങിയവർ സംസാരിച്ചു.
പങ്കാളിയായി വിദ്യാർത്ഥികൾ
പെരുമ്പാവൂർ ജയ് ഭാരത് കോളേജിലെ 60 സോഷ്യൽ വർക്ക് വിദ്യാർത്ഥികളും കൊച്ചിൻ കോളേജ്, കൈറ്റ്‌സ് ഇന്ത്യ, സെന്റ് ആൽബർട്‌സ് കോളേജ്, ഭാരത് മാത കോളേജ്, നിയോ ഫിലിംസ്, സ്വാസ് കൊച്ചിൻ, കുടുംബശ്രീ വോളന്റിയർമാരുടെയും സാന്നിദ്ധ്യം ഉണ്ടായിരുന്നു. രായമംഗലം പഞ്ചായത്തിലെ വയോജനങ്ങളും ജയ്ഭാരത് കോളേജിലെ സോഷ്യൽ വർക്ക് വിദ്യാർത്ഥികളും ചേർന്ന് നാടൻ പാട്ടുകളും നൃത്തങ്ങളും അവതരിപ്പിച്ചു. തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, കൊച്ചിൻ കോർപ്പറേഷൻ, മരട് മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ വയോജനങ്ങളുടെ കലാപരിപാടികളും അരങ്ങേറി.