കേരളകൗമുദി ചൂണ്ടിക്കാട്ടി, സർക്കാർ ഇടപെട്ടു പദവിക്കുള്ള പിടിവലി തീർത്തു; ലോകബാങ്ക് പദ്ധതി കരാർ ഉടൻ
ഗുണംകിട്ടുക 15ലക്ഷം കർഷകർക്ക്
തിരുവനന്തപുരം: കർഷക രക്ഷയ്ക്കുള്ള 'കേര' പദ്ധതിയിലെ ഉന്നത പദവികൾക്കായുള്ള വകുപ്പുകളുടെ തമ്മിലടി തീർത്ത് തസ്തികകളിൽ സർക്കാർ തീരുമാനമായി . 1655.85കോടി ലോകബാങ്ക് വായ്പയടക്കമുള്ള 2365.5 കോടിയുടെ പദ്ധതിയിലെ തമ്മിലടി 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തതോടെ ചീഫ്സെക്രട്ടറി ശാരദാമുരളീധരൻ ഇടപെട്ട് മൂന്ന് ഐ.എ.എസുകാരെയും അഞ്ച് കെ.എ.എസുകാരെയും പദ്ധതിനടത്തിപ്പിന് ചുമതലപ്പെടുത്തി. പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി.അശോക് ഇന്നലെ ഉത്തരവിറക്കിയതോടെ, പദ്ധതിനിർവഹണ വിഭാഗം നിലവിൽവന്നു.ഡെപ്യൂട്ടേഷനിൽ ഇവരെ നിയമിക്കാൻ
ഫയൽ ഇന്നലെത്തന്നെ മുഖ്യമന്ത്രിക്കയച്ചു.പ്രോജക്ട് മാനേജ്മെന്റ് ഉത്തരവായതോടെ ലോകബാങ്കുമായി ഉടൻ കരാറൊപ്പിടാം.
അഞ്ചു ലക്ഷം കർഷകർക്ക് നേരിട്ടും 10 ലക്ഷംപേർക്ക് പരോക്ഷമായും ഗുണംലഭിക്കുന്ന പദ്ധതിയിലായിരുന്നു കസേരത്തർക്കം. ഇതുകാരണം, കേന്ദ്രസർക്കാരും ലോകബാങ്കും അംഗീകരിച്ചിട്ടും പദ്ധതി തുടങ്ങാനായിരുന്നില്ല.
പദ്ധതിയുടെ ഡയറക്ടർ കൃഷി പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി.അശോകാണ്. ഓരോ ഐ.എ.എസുകാരെ ജോയിന്റ്, അഡിഷണൽ പ്രോജക്ട് ഡയറക്ടർമാരാക്കി. അഞ്ച് കെ.എ.എസുകാർക്ക് ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടർ തസ്തിക നൽകി. ഡെപ്യൂട്ടേഷനിലാണ് എല്ലാ തസ്തികയിലും നിയമനം. 2029മാർച്ച് വരെയാണ് പദ്ധതിയുടെ കാലാവധി. പൊതുഭരണം, ധനം, കൃഷി, വ്യവസായം, ഐ.ടി, പ്ലാന്റേഷൻ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത്.
തിരുവനന്തപുരത്ത് സ്റ്റേറ്റ് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റും കോട്ടയം, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിൽ റീജിയണൽ യൂണിറ്റുകളും നിലവിൽ വരും. കാർഷിക സർവകലാശാലയും കിൻഫ്രയും സ്റ്റാർട്ടപ്പ്മിഷനും നിർവഹണ ഏജൻസികളാണ്.
തിരിച്ചടവിന് 30 വർഷം
ലോകബാങ്ക് വായ്പയ്ക്ക് ഇരുപത്തിമൂന്നര വർഷം തിരിച്ചടവ് കാലാവധിയും ആറു വർഷം മൊറട്ടോറിയവുമുണ്ട്. സംസ്ഥാന വിഹിതമായ 709.65കോടി നബാർഡ് നൽകും.
മൂല്യവർദ്ധിത ഉത്പന്നങ്ങളുണ്ടാക്കിയും ഐ.ടി സഹായത്തോടെയും കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കുന്ന കൃഷിരീതികളൊരുക്കിയും കാർഷിക മേഖലയെ സംരക്ഷിക്കുന്നതാണ് പദ്ധതി.