നയത്തിന് അംഗീകാരം,മൂന്നാറിലും പൊൻമുടിയിലും ഹെലികോപ്റ്റർ ടൂറിസം
തിരുവനന്തപുരം: സഞ്ചാരികളെ ആകർഷിക്കാൻ കഴിഞ്ഞവർഷം ഡിസംബറിൽ തുടങ്ങിയ ഹെലിടൂറിസം പദ്ധതി വിപുലമാക്കുന്ന ഹെലിടൂറിസം നയത്തിന് മന്ത്രിസഭയുടെ അംഗീകാരം.
മൂന്നാറും പൊൻമുടിയുടമക്കം പതിനൊന്ന് സ്ഥലങ്ങളിൽ ഹെലിടൂറിസം സൗകര്യങ്ങളൊരുക്കും. ടൂറിസ്റ്റ്കേന്ദ്രങ്ങളിൽ കുറഞ്ഞസമയത്തിൽ എത്താനും ആകാശകാഴ്‌ചയ്ക്കും ഹെലികോപ്റ്റർ സർവ്വീസും ഹെലി പോർട്ട്, ഹെലി സ്റ്റേഷൻ, ഹെലിപാഡ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും. ഹെലി ടൂറിസം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ച് കൂടുതൽ നിക്ഷേപം ആകർഷിക്കും. അതോടെ ടൂറിസം വരുമാനം വർദ്ധിക്കും. ഹെലികോപ്റ്ററുകൾ കമ്പനികളിൽ നിന്ന് ടെൻഡറുകൾ വഴി സ്വീകരിക്കും.
കഴിഞ്ഞവർഷം തുടങ്ങിയ പദ്ധതി അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും വനം വകുപ്പിന്റെ എതിർപ്പും കാരണം പുരോഗമിച്ചില്ല. മാസം 35മണിക്കൂറെങ്കിലും പറക്കണം എന്നാണ് കോപ്റ്റർ ഏജൻസിയുടെ ആവശ്യം. വയനാട്, മൂന്നാർ, തേക്കടി, അഷ്ടമുടി, കോവളം എന്നിവിടങ്ങളിൽ റിസോർട്ടുകളുമായുള്ള ബന്ധപ്പെടുത്തി ഏജൻസി ഹെലിപാഡുകൾ സ്ഥാപിച്ചിട്ടുണ്ട്. സ്‌കൂൾ ഗ്രൗണ്ടുകൾ ഉൾപ്പെടെ 200 സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അവിടെയെല്ലാം വികസനത്തിന് വഴിതുറന്നു.
എതിർപ്പുമായി വനംവകുപ്പ്
മലയാറ്റൂരിനും പറമ്പിക്കുളത്തിനും ഇടയിൽ വനമേഖലയായതിനാൽ അതിരപ്പിള്ളിയിലേക്ക് ഹെലികോപ്ടർ അനുവദിക്കാനാകില്ലെന്നാണ് വനംവകുപ്പിന്റെ നിലപാട്. ആതിരപ്പിള്ളിയെ ഒഴിവാക്കി. മനുഷ്യ - മൃഗ സംഘർഷ സാദ്ധ്യതയുള്ള ഹോട്ട്സ്‌പോട്ടുകളിൽ ഒന്നാണിത്. കോപ്റ്ററുകളുടെ ശബ്ദം കാരണം വന്യമൃഗങ്ങൾ നാട്ടിലിറങ്ങാമെന്നാണ് മുന്നറിയിപ്പ്. വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണ്. വനൃമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളിൽ ഹെലി ടൂറിസം വേണ്ടെന്നാണ് സിപിഐയുടെയും വനംവകുപ്പിന്റെയും മന്ത്രിമാരുടെ നിർദേശം.
11 ഹെലിപ്പാഡുകൾ
വർക്കല, ചടയമംഗലം ജഡായുപാറ, പൊന്മുടി, കൊല്ലം, മൂന്നാർ, ആലപ്പുഴ, കുമരകം, തേക്കടി, പാലക്കാട്, ബേക്കൽ (കാസർഗോഡ്),വയനാട്. ഇവിടങ്ങളിലേക്ക് റോഡുകളും വിശ്രമ കേന്ദ്രങ്ങളും താമസ സൗകര്യവും ഒരുക്കും.
കേന്ദ്ര അനുമതി വേണം
കേന്ദ്ര ആഭ്യന്തര, പ്രതിരോധ, ടൂറിസം, വനം പരിസ്ഥിതി, സിവിൽഏവിയേഷൻ മന്ത്രാലയങ്ങളുടെ അനുമതി വേണം.ഹെലിപാഡ് എവിടെയെല്ലാം എന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ തീരുമാനിക്കും.
"ഹെലി ടൂറിസം നയം ടൂറിസം ശക്തമാക്കും. രക്ഷാപ്രവർത്തനത്തിനും കോപ്റ്ററുകൾ സഹായകമാകും."
ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ്