'സിനിമയിൽ കാണിക്കുന്നത് തള്ളിയിടുന്നതും വിയർപ്പ്  ഇറ്റുവീഴുന്നതുമൊക്കെ അല്ലേ? അതാണോ പീഡനം, ആളുകൾക്ക് സ്വീറ്റ് ആയി തോന്നും'

Thursday 05 December 2024 12:44 PM IST

തമാശ, ഫിക്ഷൻ എന്നിവയിൽ പൊളിറ്റിക്കൽ കറക്‌ട്‌നെസ് കൊണ്ടുവരാൻ സാധിക്കില്ല. പൊളിറ്റിക്കൽ കറക്‌ട്‌നെസ് കൊണ്ടുവന്നാൽ അത് കണ്ടീഷൻഡ് വർക്ക് ആയി മാറുമെന്ന് നടൻ സാബുമോൻ. സിനിമയിൽ വയലൻസ് കാണിക്കുമ്പോൾ വയലന്റ് ആയിട്ടുള്ളയാളെ അങ്ങനെ തന്നെ കാണിക്കണ്ടേയെന്നും സാബുമോൻ ചോദിച്ചു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.

'സിനിമയിൽ വയലന്റ് ആയിട്ടുള്ളയാളെ വയലന്റ് ആയി തന്നെ കാണിക്കേണ്ടെ? ഒരു പീഡോഫൈലിനെ കാണിക്കുമ്പോൾ പീഡോഫൈൽ എന്താണെന്ന് ആളുകൾക്ക് മനസിലാക്കിക്കൊടുക്കേണ്ടെ? കുറുവാ സംഘം വീടിനുള്ളിൽ വന്ന് വീട്ടുകാരെ തലയ്ക്കടിച്ച് കൊന്നിട്ട് കവർച്ച നടത്തുമ്പോൾ അത് കാണിക്കേണ്ടെ? റോസാപ്പൂവിന്റെ തണ്ടുകൊണ്ട് അവർ തലയ്ക്ക് അടിച്ചതല്ലല്ലോ കാണിക്കേണ്ടത്. അവിടെ വയലൻസ് ആണ്, വയലൻസ് പ്രൊമോട്ട് ചെയ്യുന്നു എന്നുപറഞ്ഞാൽ പിന്നെ എങ്ങനെയാണ് ക്രീയേറ്റീവായ പ്രോഡക്‌ടുകൾ ഉണ്ടാകുന്നത്?

റേപ്പ് കാണിക്കാൻ പാടില്ല, വയലൻസ് കാണിക്കാൻ പാടില്ല എന്ന് കണ്ടീഷൻ ചെയ്ത് വച്ചിരിക്കുകയാണ്. റേപ്പ് റേപ്പായി കാണിക്കണ്ടേ? ആളുകൾ ഭയക്കില്ലേ അത് കാണുമ്പോൾ? ഇത്രയും ക്രൂരമായ ഒരു ആക്‌ട് ആണ് എന്നുള്ളത് കാണുമ്പോൾ ഭയക്കില്ലേ? അത് കണ്ടാലല്ലേ അതിന്റെ തീവ്രത മനസിലാവുകയുള്ളൂ? സിനിമയിൽ കാണിക്കുന്നത് തള്ളിയിടുന്നതും ശരീരത്തിലേയ്ക്ക് കേറുന്നതും പൂവിരിയുന്നതും വിയർപ്പ് ഇറ്റുവീഴുന്നതുമാണ്. അതാണോ പീഡനം? പീഡനം വളരെ ബ്രൂട്ടൽ ആണ്. അത് കണ്ടാൽ ഏത് മനുഷ്യൻ അങ്ങനെ ചെയ്യും? അങ്ങനെ ചെയ്താൽ അപ്പോൾ തന്നെ പിടിച്ച് ജയിലിൽ ഇടണ്ടേ?

അങ്ങനെ ഒരു ആഗ്രഹം വരുന്നവനെ തന്നെ കൊണ്ടുപോയി ചികിത്സിക്കണം. നിങ്ങൾ പറഞ്ഞ് സോഫ്‌ടാക്കി സോഫ്‌ടാക്കി അളുകൾക്ക് അത് സ്വീറ്റ് ആയിട്ടുള്ള കാര്യമല്ലേ എന്ന തോന്നൽ വന്നു. അങ്ങനെയുള്ള ചിന്തയാണ് പക‌ർന്ന് നൽകുന്നത്. ക്രൂരത കണ്ടാൽ ആളുകൾ കോപ്പി ചെയ്യില്ല. ഭയമായിരിക്കും തോന്നുന്നത്. വയലൻസ് ആളുകളെ സ്വാധീനിക്കുന്നത് കുറവാണ്, ആളുകൾ അറച്ച് പോവുകയേയുള്ളൂ'- സാബുമോൻ പറയുന്നു.