സന്നാഹത്തിൽ സെഞ്ച്വറിയുമായി ചേതേശ്വർ പുജാര

Sunday 18 August 2019 9:57 PM IST

പോർട്ട് ഒഫ് സ്പെയ്ൻ : വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് വിൻഡീസ് ടീമിനെതിരെ ത്രിദിന പരിശീലന മത്സരത്തിനിറങ്ങിയ ഇന്ത്യയ്ക്കായി സെഞ്ച്വറി നേടി ചേതേശ്വർ പുജാര. പുറത്താകാതെ 100 റൺസ് നേടിയ പുജാരയുടെയും അർദ്ധ സെഞ്ച്വറി നേടിയ രോഹിത് ശർമ്മയുടെയും (68) ബാറ്റിംഗ് മികവിൽ ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ 297/5 എന്ന സ്കോറിൽ ഡിക്ളയർ ചെയ്തു. മറുപടിക്കിറങ്ങിയ വിൻഡീസ് എ രണ്ടാംദിവസം ഒടുവിൽ വിവരം ലഭിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 32 റൺസ് എടുത്തിട്ടുണ്ട്.

ലോകേഷ് രാഹുൽ (36), മായാങ്ക് അഗർവാൾ (12), ക്യാപ്ടൻ അജിങ്ക്യ രഹാനെ (1) എന്നിവർ പുറത്തായതോടെ 53/3 എന്ന നിലയിലായിരുന്ന ഇന്ത്യയ്ക്ക് വേണ്ടി പുജാരയും രോഹിതും ചേർന്ന് നാലാം വിക്കറ്റിൽ 132 റൺസാണ് കൂട്ടിച്ചേർത്തത്. ഹനുമവിഹാരി 37 റൺസുമായി പുറത്താകാതെ നിന്നപ്പോൾ ഋഷഭ് പന്ത് 33 റൺസെടുത്ത് മടങ്ങി.

ഇന്നലെ വിൻഡീസ് എ ടീമിന്റെ രണ്ട് വിക്കറ്റുകളും വീഴ്ത്തിയത് ഇശാന്ത് ശർമ്മാണ്. സോളോ സാനോ (9), ബ്രാൻഡൺ കിംഗ് (4) എന്നിവരാണ് പുറത്തായത്.