സിദ്ധാർത്ഥന്റെ മരണം: പ്രതികളെ ഡീബാർ ചെയ്തത് റദ്ദാക്കി
Thursday 05 December 2024 10:14 PM IST
കൊച്ചി: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ വിദ്യാർത്ഥികളെ കോളേജിൽ നിന്ന് പുറത്താക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി. ഇവരെ മറ്റ് കോളേജുകളിൽ ചേരുന്നതിൽ നിന്ന് മൂന്ന് വർഷത്തേക്ക് ഡീബാർ ചെയ്ത വെറ്ററിനറി സർവകലാശാലയുടെ നടപടിയും റദ്ദാക്കിയിട്ടുണ്ട്. വിദ്യാർത്ഥികൾക്കെതിരായ ആരോപണങ്ങളിൽ പുതിയ അന്വേഷണം നടത്താനും സർവകലാശാലയ്‌ക്ക് കോടതി നിർദ്ദേശം നൽകി. റാഗിംഗ് വിഷയത്തിൽ യു.ജി.സിയടക്കം നിർദ്ദേശിച്ച നടപടിക്രമങ്ങൾ പാലിക്കാതെയാണ് അച്ചടക്ക നടപടിയെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്‌മാന്റെ നടപടി.