ഏറിത്തിരി ക്രൂരമായിപ്പോയി ആർച്ചറേ

Sunday 18 August 2019 10:09 PM IST
jofra archer bouncer

ആർച്ചറുടെ ബൗൺസറേറ്റ സ്റ്റീവൻസ്മിത്തിന്

മൂന്നാം ടെസ്റ്റിൽ കളിക്കാൻ കഴിഞ്ഞേക്കില്ല

ഏറുകൊണ്ട് കുഴഞ്ഞുവീണ സ്മിത്തിനെ തിരിഞ്ഞുനോക്കാത്ത ആർച്ചറുടെ പെരുമാറ്റത്തിന് വിമർശനം.

ലണ്ടൻ : കരീബിയൻ പൈതൃകവുമായി ഇംഗ്ളീഷ് ടീമിലെത്തിയ പേസർ ജൊഫ്രെ ആർച്ചർ ലോഡ്സിൽ തന്റെ ടെസ്റ്റ് അരങ്ങേറ്റം നടത്തിയപ്പോൾ ശ്രദ്ധ നേടിയത് വിക്കറ്റുകൾ നേടിക്കൊണ്ടല്ല, ബൗൺസറുകൾ കൊണ്ടാണ്. തന്റെ ബൗൺസർ ഏറ്റ എതിർ ബാറ്റ്സ്മാൻഗ്രൗണ്ടിൽ കുഴഞ്ഞുവീണിട്ടും ഒന്നും സംഭവിക്കാത്തതുപോലെ തിരിഞ്ഞു നടന്ന ആർച്ചറുടെ പെരുമാറ്റം വിമർശനം ക്ഷണിച്ചുവരുത്തുകയും ചെയ്തു.

ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിന്റെ നാലാം ദിവസമായ ശനിയാഴ്ചയായിരുന്നു ആർച്ചറിന്റെ മാരക ഏറ്. നിരന്തരം ബൗൺസറുകൾ കൊണ്ട് ആസ്ട്രേലിയൻ ബാറ്റ്സ്മാൻമാരെ വിരട്ടുകയായിരുന്നു ആർച്ചർ. ഇൗ ബൗൺസറുകളെ അതിജീവിച്ച് ആസ്ട്രേലിയയ്ക്കുവേണ്ടി ഒറ്റയാൻ പോരാട്ടം നടത്തുകയായിരുന്നു മുൻ നായകൻ സ്റ്റീവൻസ്മിത്ത്. ലഞ്ചിന് ശേഷം സ്മിത്ത് 80 റൺസിൽ നിൽക്കുമ്പോൾ ആർച്ചറുടെ ഒരു ബൗൺസർ പിൻ കഴുത്തിലേറ്റ് വേദന സഹിക്കാനാകാതെ സ്മിത്ത് ഗ്രൗണ്ടിൽ വീഴുകയും ചെയ്തു. ഹെൽമറ്റിന്റെ സംരക്ഷണമെത്താത്ത ഭാഗത്താണ് ഏറ് കൊണ്ടതെന്നതിനാൽ ബോധക്കേട് സംഭവിക്കാൻ

സാദ്ധ്യതയുണ്ടായിരുന്നു. ഫീൽഡർമാരും സഹ ബാറ്റ്സ്മാൻ കമ്മിൻസും സ്മിത്തിന് അരികിലേക്ക് ഒാടിയെത്തിയെങ്കിലും പന്തെറിഞ്ഞ ആർച്ചർക്ക് പ്രത്യേക ഭാവഭേദം ഒന്നുമുണ്ടായില്ല. അടുത്ത പന്തെറിയാനായി തിരിഞ്ഞുനടക്കുകയും ചെയ്തു.

തല കറക്കമുണ്ടായതിനെതുടർന്ന് ബാറ്റിംഗിന് കഴിയാതെ വന്ന സ്മിത്ത് റിട്ടയേഡ് ഹർട്ടായി തിരിച്ചുനടക്കുകയായിരുന്നു. പത്തോവറുകൾക്ക് ശേഷം പീറ്റർ സിഡിൽ പുറത്തായപ്പോൾ തിരിച്ചെത്തിയ സ്മിത്ത് 12റൺസ് കൂടി നേടിയാണ് പുറത്തായത്.

ആർച്ചറുടെ ബൗൺസറിനെക്കാൾ മാരകമായത് തന്റെ ഏറുകൊണ്ട് വീണയാളെ തിരിഞ്ഞുപോലും നോക്കാതെ നടന്ന പെരുമാറ്റമാണെന്ന് മുൻതാരങ്ങൾ വിമർശനവുമായെത്തി. അതിവേഗതയ്ക്കും ബൗൺസറുകൾക്കും പേരുകേട്ട മുൻ പാകിസ്ഥാനി പേസർ ഷൊയ്സ് അക്‌തർ ആർച്ചറെ നിശിതമായാണ് വിമർശിച്ചത്.

ബൗൺസറുകൾ കളിയുടെ ഭാഗമാണ്. പക്ഷേ തന്റെ ഏറുകൊണ്ട് ബാറ്റ്സ്മാൻ വീണുകിടക്കുമ്പോൾ ഒന്നും സംഭവിക്കാത്തതുപോലെ പോകുന്നത് ശരിയല്ല. എന്റെ ബൗൺസറുകൾ ഏറ്റ് നിരവധിബാറ്റ്സ്മാൻമാർ വീണിട്ടുണ്ട്. എന്നാൽ അവരുടെ അടുക്കലേക്ക് ആദ്യം ഒാടിയെത്തുന്നത് ഞാനായിരുന്നു. ആർച്ചറുടെ പെരുമാറ്റം വളരെ ക്രൂരമായിപ്പോയി.

ഷൊയ്‌ബ് അക്‌തർ

ലബുഷാംഗെ

പകരക്കാരൻ

ബൗൺസറേറ്റ് കുഴഞ്ഞുവീഴുന്ന കളിക്കാർക്ക് പകരമിറങ്ങുന്നവർക്ക് ബാറ്റിംഗും ബൗളിംഗും ചെയ്യാൻ കഴിയുമെന്ന ഐ.സി.സി നിയമ പരിഷ്കരണത്തിന് ശേഷം ആദ്യമായി അത്തരത്തിലുള്ള സബ്സ്റ്റിറ്റ്യൂട്ടായി ആസ്ട്രേലിയൻ താരം മാർക്കസ് ലബുഷാംഗെ.

ഇന്നലെ രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ളണ്ട് ബാറ്റിംഗ് ചെയ്യവേയാണ് സ്മിത്ത് ഫീൽഡിംഗ് തുടരാൻ കഴിയാതെ മടങ്ങിയത്.

33 ഒാവറുകളോളം ഫീൽഡ് ചെയ്ത ശേഷമാണ് സ്മിത്ത് പകരക്കാരനെ ഇറക്കിയത്.

സ്മിത്തിന് മൂന്നാം ടെസ്റ്റിലും കളിക്കാൻ കഴിയില്ലെന്നാണ് സൂചനകൾ.

ആദ്യ ടെസ്റ്റിന്റെ ഇരു ഇന്നിംഗ്സുകളിലും സെഞ്ച്വറി നേടി ആസ്ട്രേലിയയ്ക്ക് വിജയം നൽകിയത് സ്മിത്താണ്.

ലോഡ്സ് ടെസ്റ്റ് സമനിലയിലേക്ക്

നീങ്ങുന്നു

ലോഡ്സ് : ഇംഗ്ളണ്ടും ആസ്ട്രേലിയയും തമ്മിലുള്ള ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് സമനിലയിലേക്ക് നീങ്ങുന്നു.

മഴ കാരണം ആദ്യദിനം മുഴുവൻനഷ്ടമായ മത്സരത്തിൽ ഒന്നാം ഇന്നിംഗ്സിൽ എട്ട് റൺസ് ലീഡ് നേടിയ ഇംഗ്ളണ്ട് അഞ്ചാംദിവസം രണ്ടാം ഇന്നിംഗ്സ് 258/5 എന്ന സ്കോറിൽ ഡിക്ളയർ ചെയ്തു. തുടർന്ന് 267 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഒടുവിൽ വിവരം ലഭിക്കുമ്പോൾഒാസീസ് 46/2 എന്ന നിലയിലാണ്.

ആദ്യ ഇന്നിംഗ്സിൽ ഇംഗ്ളണ്ട് 258 റൺസിന് ആൾ ഒൗട്ടായപ്പോൾ ആസ്ട്രേലിയയുടെ മറുപടി 250 ൽ അവസാനിച്ചിരുന്നു. തുടർന്ന് നാലാംദിവസം ചായയ്ക്ക് ശേഷം ബാറ്റിംഗിനിറങ്ങിയ ഇംഗ്ളണ്ട് 96/4 എന്ന സ്കോറിലെത്തിയിരുന്നു. അഞ്ചാം ദിവസമായ ഇന്നലെ രാവിലെ മഴകാരണം കളി തുടങ്ങാൻ വൈകി. കളി പുനരാരംഭിച്ചപ്പോൾ ബെൻ സ്റ്റോക്സും (115 നോട്ടൗട്ട്), ബട്ട്‌ലറും (31) ചേർന്ന് ലഞ്ചുവരെ വിക്കറ്റ് പോകാതെ പിടിച്ചുനിന്നു. ലഞ്ചിന് ശേഷമാണ് ബട്ട്‌ലർ പുറത്തായത്.