കളർകോട് വാഹനാപകടം: ഒരു വിദ്യാർത്ഥി കൂടി മരിച്ചു
ആലപ്പുഴ: കളർകോട് കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു മെഡിക്കൽ വിദ്യാർത്ഥി കൂടി മരിച്ചു. ഇതോടെ മരണം ആറായി. ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആലപ്പുഴ മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ് ഒന്നാംവർഷ വിദ്യാർത്ഥി എടത്വ പള്ളിച്ചിറയിൽ ആൽവിൻ ജോർജാണ് (20) ഇന്നലെ വൈകിട്ട് മരിച്ചത്.
ആൽവിന്റെ മൃതദേഹം ഇന്ന് രാവിലെ പോസ്റ്റ് മോർട്ടത്തിനു ശേഷം മെഡിക്കൽ കോളേജ് വളപ്പിൽ പൊതു ദർശനത്തിന് വയ്ക്കും. സംസ്ക്കാരംപിന്നീട്. അപകടവിവരമറിഞ്ഞ് ആൽവിൻ ജോർജിന്റെ പിതാവ് കൊച്ചുമോൻ ജോർജ് ബുധനാഴ്ച രാവിലെ ഖത്തറിൽ നിന്ന് നാട്ടിലെത്തിയിരുന്നു. അമ്മ മീന തിരുവല്ല അതിരൂപതയുടെ കീഴിലെ സ്കൂളിൽ ജീവനക്കാരിയാണ്. ഏക സഹോദരൻ കെൽവിൻ ജോർജ് (പ്ലസ് വൺ വിദ്യാർത്ഥി).