അവയവ മാറ്റത്തിന് ക്യൂ : വൃക്ക കാത്തിരുന്ന് മരിച്ചത് 2,000 പേർ

Friday 06 December 2024 1:14 AM IST

തൃശൂർ:വൃക്ക മാറ്റിവച്ച് ജീവൻ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിൽ സ്‌റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷനിൽ (സോട്ടോ) പേര് നൽകി അഞ്ചു വർഷമായി കാത്തിരുന്ന 2,000 പേർ മരണത്തിന് കീഴടങ്ങി. രജിസ്റ്റർ ചെയ്ത 1978 പേർ കാത്തിരിപ്പിലാണ്. അതിൽ പകുതിയോളം പേർ രജിസ്റ്റർ ചെയ്തിട്ട് അഞ്ചു വർഷം കഴിഞ്ഞു.
മരണാനന്തര അവയവദാനത്തിലൂടെ അവയവങ്ങൾ കിട്ടാത്തതാണ് പ്രശ്‌നം. കരൾ കിട്ടാതെ 122 പേരും ഹൃദയം മാറ്റിവയ്ക്കാൻ രജിസ്റ്റർ ചെയ്ത് കാത്തിരുന്ന 82 പേരിൽ 22 പേരും മരിച്ചു.

രജിസ്റ്റർ ചെയ്ത കിഡ്‌നി രോഗികളിലും പത്തിരട്ടിയാളുകൾ പുറത്തുണ്ടെന്ന് കെ സോട്ടോ വ്യക്തമാക്കി. ആയിരക്കണക്കിനാളുകളുടെ പട്ടിക കണ്ട് പലരും രജിസ്റ്റർ ചെയ്യാതെ ഡയാലിസിസ് നടത്തി ജീവിതം തള്ളി നീക്കുന്നു. ബന്ധുക്കളും സുഹൃത്തുക്കളും വഴി കിഡ്‌നി മാറ്റിവയ്ക്കുന്നവരുമുണ്ട്.

അവയവ കച്ചവടം തിരിച്ചടി

ആശുപത്രികൾ കേന്ദ്രീകരിച്ച് അവയവദാന കച്ചവടം നടക്കുന്നെന്ന പ്രചാരണമാണ് തിരിച്ചടിയായത്. പത്ത് വർഷം മുമ്പ് അവയവ ദാനത്തിൽ കേരളം മുന്നിലായിരുന്നു. അഞ്ച് വർഷമായി അവയവദാനത്തിൽ പിന്നിലാണ്. പലരും അവയവം നൽകുന്നതിൽ നിന്ന് പിന്മാറി. അപകടങ്ങളിൽ മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ അവയവം എടുക്കാൻ ബന്ധുക്കൾ പോലും സമ്മതിക്കാതായി.

മരണാനന്തര ദാനം:കേരളം പിന്നിൽ

കെ സോട്ടോയുടെ നാഷണൽ ഓർഗനൈസേഷനായ നാഷണൽ ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷനിലൂടെ മരണാനന്തര അവയവദാനത്തിന് സന്നദ്ധത അറിയിച്ചവരുടെ എണ്ണത്തിൽ കേരളം 13ാം സ്ഥാനത്താണ്. ഇതുവരെ 3124 പേർ. മുന്നിൽ രാജസ്ഥാനാണ് - 40,392. രണ്ടാം സ്ഥാനം മഹാരാഷ്ട്ര -31,183. മൂന്നാം സ്ഥാനം കർണാടക - 25,497.

ബോധവത്കരണം പരിഹാരം

ദിവസവും മൂന്നുപേരെങ്കിലും കിഡ്‌നി മാറ്റിവയ്ക്കാൻ ഓഫീസിലേക്ക് വിളിക്കാറുണ്ട്. അവയവദാനം പ്രോത്സാഹിപ്പിക്കാനുള്ള ബോധവത്കരണം ശക്തമാക്കണം. ജീവിതശൈലിയും ഭക്ഷണക്രമവും വ്യായാമം ഇല്ലായ്മയുമാണ് കിഡ്‌നി രോഗത്തിന്റെ പ്രധാന കാരണം.

- അജിത് നാരങ്ങളിൽ, വൈസ് ചെയർമാൻ ഓർഗൻ ഡോണേഴ്‌സ് അസോസിയേഷൻ
(കിഡ്‌നി 14കാരന് പകുത്തു നൽകിയ വ്യക്തി.)

ഇവരെല്ലാം ക്യൂവിൽ

കിഡ്‌നിരോഗികൾ 1978
സ്ത്രീകൾ 561
പുരുഷന്മാർ 1417


കരൾരോഗികൾ 375
സ്ത്രീകൾ 39
പുരുഷന്മാർ 336.

മരിച്ചത് 122

ഹൃദയം 82
മരിച്ചവർ 22.