അപകടത്തിനു വഴിയൊരുക്കി കുന്നിടിക്കൽ
നീലേശ്വരം: അപകടത്തിനു വഴിയൊരുക്കി റോഡിനു വീതികൂട്ടാൻ അശാസ്ത്രീയമായ രീതിയിൽ കുന്നിടിക്കുന്നു. മുക്കട - അരയാക്കടവ് തീരദേശ റോഡ് പൂർത്തീകരണത്തിന്റെ ഭാഗമായി റോഡ് വീതി കൂട്ടി വളവ് കുറക്കാനുള്ള പ്രവർത്തിയുടെ ഭാഗമായാണ് കരാറുകാരൻ അശാസ്ത്രീയമായ രീതിയിൽ പല സ്ഥലത്തും കുന്നിടിച്ച് മണ്ണ് കടത്തിയത്. കണിയാട, പെരിങ്കുളം, കിണാവൂർ എന്നിവിടങ്ങളിലാണ് കുന്നിടിച്ചിട്ടുള്ളത്.
ഇങ്ങിനെ കുന്നിടിച്ചതിനാൽ കഴിഞ്ഞ ദിവസുമുണ്ടായ കനത്ത മഴയിൽ കുന്നിൽ വിള്ളലുകളുണ്ടായി. ഇതേത്തുടർന്ന് പെരുങ്കളത്തെ കുടുംബങ്ങൾ വീട് മാറി താമസിക്കുകയായിരുന്നു. പതിനഞ്ച് വർഷം മുമ്പ് ഇവിടെ കുന്നിടിഞ്ഞ് വീട് പൂർണ്ണമായും തകർന്നിരുന്നു.
ഇപ്പോൾ ഈ ഭാഗങ്ങളിൽനിന്ന് കുന്നിടിഞ്ഞ് മണ്ണ് സമീപപ്രദേശങ്ങളിലെ പറമ്പുകളിലും വയലിലും വന്നു നിറഞ്ഞിരിക്കുകയാണ്. വേനൽകാലത്ത് മണ്ണെടുക്കുമ്പോൾ തന്നെ പ്രദേശവാസികൾ ഭവിഷ്യത്തിനെ കുറിച്ച് കരാറുകാരനോട് സൂചിപ്പിച്ചിരുന്നു. അതൊന്നും ഗൗനിക്കാതെയാണ് അശാസ്ത്രീയമായ രീതിയിൽ കുന്നിടിച്ച് മണ്ണു കടത്തിയത്.
ഹൈടെക് ക്ലാസ് മുറി ഉദ്ഘാടനം
തൃക്കരിപ്പൂർ: കുന്നച്ചേരി സ്‌കൂൾ ഹൈടെക് ക്ലാസ് മുറി ഉദ്ഘാടനവും ഉന്നത വിജയികൾക്കുള്ള അനുമോദനവും വാർഡ് മെമ്പർ ടി.വി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് കെ. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. സി. രാഘവൻ, ഇ.വി. ദിനേശൻ, എ.കെ. സുജ സംസാരിച്ചു. ടി. വിലാസിനി സ്വാഗതവും കെ.പി.ആനന്ദവല്ലി നന്ദിയും പറഞ്ഞു.