ഇനി ബാങ്കുകളിൽ നിന്ന് കൂടുതൽ പണം ലോണെടുക്കാം,റിപ്പോ നിരക്കിൽ മാറ്റം പ്രഖ്യാപിക്കാതെ റിസർവ് ബാങ്ക്

Friday 06 December 2024 11:23 AM IST

മുംബയ്: അടിസ്ഥാന പലിശനിരക്കിൽ മാറ്റം വരുത്താതെ പണനയം പ്രഖ്യാപിച്ച് റിസർ‌വ് ബാങ്ക്. ആഭ്യന്തര വളർച്ചയിലെ മുരടിപ്പ്, ആഗോള തലത്തിൽ സാമ്പത്തികമായ അനിശ്ചിതത്വം തുടങ്ങിയവ പരിഗണിച്ചാണ് ഇത്തവണയും റിപ്പോ നിരക്കിൽ റിസർവ് ബാങ്ക് മാറ്റം വരുത്താത്തത്. നിലവിലെ 6.50 ശതമാനമായി റിപ്പോ നിരക്ക് തുടരും. രാജ്യത്തിന്റെ സാമ്പത്തിക വളർച്ച സെപ്‌തംബർ പാതത്തിലും 5.4 ശതമാനമായി താഴ്‌ന്ന സ്ഥിതിക്ക് റിസർവ് ബാങ്ക് പലിശനിരക്ക് കുറയ്‌ക്കണമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ, വാണി‌ജ്യ മന്ത്രി പീയൂഷ് ഗോയൽ എന്നിവർ ആവശ്യപ്പെട്ടിരുന്നു. എങ്കിലും ഇത്തവണയും മാറ്റമുണ്ടായില്ല. റിസ‌ർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അദ്ധ്യക്ഷനായ മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

അതേസമയം ബാങ്കുകളുടെ കരുതൽ ധനാനുപാതം (സി‌ആർ‌ആർ) നിരക്ക് 4.5 ശതമാനത്തിൽ നിന്ന് 50 ബേസിസ് പോയിന്റ് കുറച്ച് നാല് ശതമാനമാക്കി. ഇതിലൂടെ 1.16 ലക്ഷം കോടിരൂപയാണ് ബാങ്കുകൾക്ക് അധികമായി വായ്‌പ നൽകുന്നതിന് ലഭിക്കുക. ബാങ്കുകൾക്ക് കൂടുതൽ വായ്‌പ അനുവദിക്കാൻ സാധിക്കുന്നത് ഗുണകരമാണ്.

റിപ്പോ നിരക്ക് കുറയ്‌ക്കാത്തതിനാൽ നിലവിലെ ഭവന, വാഹന, വിദ്യാഭ്യാസ, കാർഷിക വായ്‌പകൾക്കും സ്വർണപ്പണയ വായ്‌പകളിലും ഇഎംഐ, പലിശ നിരക്ക് ഉയർന്നുതന്നെ നിൽക്കും. റിസർവ് ബാങ്ക് ധന നയത്തിൽ വിപണിയിലെ പണലഭ്യത ഉയർത്താൻ നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ‌ദിവസം ഓഹരികൾ തുടർച്ചയായ അഞ്ചാം ദിവസവും നേട്ടമുണ്ടാക്കി. സെൻസെക്സ് 809 പോയിന്റ് നേട്ടവുമായി 81,765.86ൽ അവസാനിച്ചു. നിഫ്റ്റി 240.95 പോയിന്റ് ഉയർന്ന് 24,708.40ൽ എത്തി. വിദേശ നിക്ഷേപകരുടെ തിരിച്ചുവരവും ആഗോള വിപണിയിലെ അനുകൂല ചലനങ്ങളും അനുകൂലമായി. ഐ.ടി, ബാങ്കിംഗ്, ഭവന, വാഹന മേഖലകളിലെ ഓഹരികളാണ് മുന്നേറ്റത്തിന് നേതൃത്വം നൽകിയത്.