പത്ത് മിനിട്ടിനിടെ നഷ്‌ടമായത് കൊഹ്‌ലിയുടേതടക്കം മൂന്ന് വിക്കറ്റുകൾ,​ പിങ്ക് ബോളിൽ പതറി ഇന്ത്യ

Friday 06 December 2024 1:02 PM IST

അഡ്‌ലെയ്‌ഡ്: അഡ്‌ലെയ്‌ഡ് ഓവലിൽ പിങ്ക് ബോൾ ടെസ്‌റ്റിനിറങ്ങിയ ഇന്ത്യൻ ബാറ്റിംഗ് നിര ഓസ്‌ട്രേലിയയോട് പതറുന്നു. അഞ്ച് മത്സര പരമ്പരയിലെ രണ്ടാം മത്സരത്തിൽ കേവലം 10 മിനിട്ടിനിടെ ഇന്ത്യയുടെ മൂന്ന് വിക്കറ്റുകളാണ് വീണത്. രാഹുൽ (37), കൊഹ്‌ലി (7), ഗിൽ (31) എന്നിവരാണ് തുടരെ പുറത്തായത്.

മദ്ധ്യനിരയിലിറങ്ങിയ നായകൻ രോഹിത്ത് ശർമ്മ (3), ആദ്യ പന്തിൽ പുറത്തായ ഓപ്പണർ യശസ്വി ജെയ്‌സ്വാൾ എന്നിവരും നിരാശപ്പെടുത്തി. ആദ്യ സെഷൻ ഒരുഘട്ടത്തിൽ രാഹുലും ഗില്ലും മികച്ച രീതിയിൽ കളിച്ചതോടെ ഇന്ത്യ മുന്നോട്ട്‌പോകും എന്ന് സൂചനകളുണ്ടായിരുന്നു. എന്നാൽ ഓസ്‌ട്രേലിയൻ പേസർമാർ ആ ശ്രമം തകർത്ത് സെഷൻ തങ്ങൾക്ക് അനുകൂലമാക്കി.

100 റൺസ് നേടാനാകും മുൻപ് അഞ്ച് വിക്കറ്റുകളാണ് ഇന്ത്യയ്‌ക്ക് നഷ്‌ടമായത്. സ്‌റ്റാർക്ക് മൂന്നും സ്‌കോട്ട് ബോളണ്ട് രണ്ടും വിക്കറ്റുകൾ നേടി. ഹെയ്‌സൽവുഡിന് പകരം കളിക്കാനെത്തിയ ബോളണ്ട് തന്റെ പ്രകടനം മികച്ചതാക്കി. അഞ്ച് ടെസ്റ്റുകളുള്ള പരമ്പര നിലവിൽ ഇന്ത്യ 1-0ന് മുന്നിലാണ്. ഇന്ത്യ ഇതുവരെ നാല് പിങ്ക് ബാൾ ടെസ്റ്റുകൾ കളിച്ചു. ഇതിൽ നാട്ടിൽ കളിച്ച മൂന്നിലും ജയിച്ചപ്പോൾ ഓസ്‌ട്രേലിയയോട് ഇതേ വേദിയിൽ തോറ്റു. ഓസ്‌ട്രേലിയ ഇതുവരെ കളിച്ച 12 പിങ്ക് ബാൾ ടെസ്റ്റിൽ 11ലും ജയിച്ചു.