മേഘയാനം

Sunday 08 December 2024 3:12 AM IST

മേഘരൂപൻ എന്നായിരുന്നു,​ കവി പി. കുഞ്ഞിരാമൻ നായരുടെ വിശേഷണം. ചീത്തപ്പേരാണെങ്കിൽ വേണ്ടത്ര! വീട്ടിൽ വരാത്തയാൾ,​ ഭാര്യയേയും മക്കളെയും ഓർക്കാത്തയാൾ,​ കുടിയൻ,​ ചെല്ലുന്നേടം വീടാക്കുന്നയാൾ... അങ്ങനെ പലതും! കേട്ടതു പലതും ശരിയായിരുന്നില്ലെന്നും,​ അങ്ങനെ കേട്ട് കവിയെക്കുറിച്ച് എഴുതിയവരും പ്രസംഗിച്ചവരും സിനിമയെടുത്തവരും കരുതിയതായിരുന്നില്ല അച്ഛനെന്നും,​ ഓർമ്മകളിൽ നിറയുന്ന വേദനയോടെ പറയുകയാണ്,​ പി. കുഞ്ഞിരാമൻ നായരുടെ മകൾ ലീല ടീച്ചർ.

തെണ്ണൂറ്റിയഞ്ചു വയസായി,​ ടീച്ചർക്ക്. പ്രായക്കൂടുതലിന്റെ പ്രയാസങ്ങളുണ്ട്. ഒരു കണ്ണിൽ ഇരുട്ട് കൂടുകെട്ടി. ഓർമ്മയും ശരിക്കില്ല. കാഴ്ചയും ഓർമ്മയും പൂർണമായും കെട്ടുപോകും മുമ്പ് ടീച്ചർക്ക് ഒരാഗ്രഹം ബാക്കിയുണ്ട്: അച്ഛനെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റി,​ സത്യം എല്ലാവരോടും പറയണം.

?​ ടീച്ചർ അടുത്തിടെ അച്ഛനെക്കുറിച്ചൊരു പുസ്തകം (ഓർമകളിലെ കവിയച്ഛൻ)​ എഴുതിയല്ലോ. ഈ പ്രായത്തിൽ പുസ്തകമെഴുതാൻ...

 സിനിമയിലൂടെയും ചില എഴുത്തുകളിലൂടെയും പ്രഭാഷണങ്ങളിലൂടെയുമെല്ലാം കവിയെ വീണ്ടും മോശമായി ചിത്രീകരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ്, ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ടുപോയ അച്ഛനെപ്പറ്റി ഇനിയെങ്കിലും എഴുതണമെന്നു തോന്നിയത്.

?​ ഇതുവരെയുണ്ടായ എഴുത്തുകളിലെല്ലാം കവി തെറ്റിദ്ധരിക്കപ്പെട്ടിരുന്നു എന്നാണോ.

 എന്നു പറയാൻ പറ്റില്ല. ചില എഴുത്തുകളിൽ മാത്രം. എഴുതിയവരെയും കുറ്റം പറയാനാവില്ല. അവർക്കു കിട്ടിയ അറിവ് അങ്ങനെയാവാം. പക്ഷേ,​ എഴുതും മുൻപ് കവിയുടെ കുടുംബത്തോടൊന്ന് അന്വേഷിക്കാൻ പോലും പലരും തയ്യാറായില്ല. അച്ഛനെക്കുറിച്ച് സിനിമയെടുത്തവരും ലേശം മസാല കൂടി ചേർത്ത് അതിന് കൊഴുപ്പു കൂട്ടിയതല്ലാതെ സത്യം അന്വേഷിക്കാനൊന്നും മെനക്കെട്ടില്ല. അതാണ് വലിയ സങ്കടം.

?​ ടീച്ചർക്ക് കുറേക്കൂടി നേരത്തേ എഴുതാമായിരുന്നു...

 ആലോചിച്ചതാണ്. പലവട്ടം ഒരുങ്ങുകയും ചെയ്തു. അച്ഛനെക്കുറിച്ച് രണ്ടുവാക്ക് പറയാമോ എന്ന് പല ചടങ്ങിലും പലരും ചോദിച്ചപ്പോഴൊക്കെ ഒഴിഞ്ഞുമാറുകയായിരുന്നു. ഓർമകളിൽ നിറഞ്ഞുനിൽക്കുന്ന ആ വലിയ സാന്നിദ്ധ്യത്തെ ഒരു ചെറിയ പറച്ചിലിൽ ഒതുക്കുന്നത് എങ്ങനെയാണ്! അതുകൊണ്ടാണ് പെട്ടെന്നുതന്നെ പുസ്തകമെഴുതിയത്. ഞാൻ ഓർമ്മയിൽ നിന്ന് ചികഞ്ഞെടുത്തു പറയുന്നതൊക്കെ മകൾ ജയശ്രീ ഒപ്പമിരുന്ന് എഴുതിയെടുക്കുകയായിരുന്നു.

?​ കുഞ്ഞിരാമൻ നായർ കുടുംബം നോക്കാത്തവനും മദ്യപനുമൊക്കെ ആണെന്നാണല്ലോ പൊതുവെയുള്ള ധാരണ.

 അതൊന്നും ശരിയല്ല. പത്തു വർഷത്തോളം അച്ഛനും അമ്മയും കണ്ണൂർ കൂടാളിയിൽ താമസിച്ചിരുന്നു. വന്നുംപോയും ഞങ്ങൾ മൂന്നു മക്കളും. ഒരുദിവസംപോലും ഞങ്ങളാരും അച്ഛനെ മദ്യപിച്ചു കണ്ടിട്ടില്ല. തനിച്ചുള്ള താമസത്തിനിടയിലെപ്പോഴോ കൂടെക്കൂടിയ ശീലമായിരുന്നിരിക്കണം. എന്തായാലും മദ്യം ഒരിക്കലും അച്ഛന്റെ കവിതയെ ബാധിച്ചിരുന്നില്ല. യാത്രകൾ പോകുമ്പോൾ ഒരിക്കലും അമ്മയെ തനിച്ചാക്കിയിട്ടില്ല. ഞാനോ രവിയോ രാധയോ (മറ്റൊരു മകൾ) ഇല്ലെങ്കിൽ അയൽപക്കത്തെ പത്തു വയസുകാരനെ വീട്ടിലാക്കിയിട്ടേ അച്ഛൻ പോകൂ. 'കുടുംബമുള്ള കവി" തന്നെയായിരുന്നു അച്ഛൻ.

അച്ഛന് എന്നെ വലിയ ഇഷ്ടമായിരുന്നു. എന്നും പ്രോത്സാഹിപ്പിച്ചിട്ടേയുള്ളൂ. കൂടാളി സ്‌ക്കൂളിലെ ഒരു സംഭവം 'ഓർമ്മകളിലെ കവിയച്ഛനിൽ" ഞാൻ പറഞ്ഞിട്ടുണ്ട്. ക്രാഫ്റ്റ് മാഷ് ദീർഘലീവിൽ പോയപ്പോൾ ആ പീരിയഡിന്റെ ചാർജുംകൂടി എനിക്കായി. ആകെയൊരു വെപ്രാളവും പേടിയും. വീട്ടിലെത്തിയ ഞാൻ അമ്മയോട് സങ്കടം പറഞ്ഞു; അമ്മ അച്ഛനോടും. 'അവൾക്ക് അതൊക്കെ നന്നായി ചെയ്യാൻ പറ്റു"മെന്ന് അച്ഛൻ പറഞ്ഞ മറുപടി എനിക്ക് ഒരുപാട് ആത്മവിശ്വാസം തന്നു.

?​ പുരോഗമനവാദിയായിരുന്നോ അച്ഛൻ.

തീർച്ചയായും. അച്ഛന് പെൺകുട്ടികളെക്കുറിച്ച് വലിയ സ്വപ്നങ്ങളായിരുന്നു. പെൺകുട്ടികൾ പഠിച്ച് ഒരു തൊഴിൽ കണ്ടെത്തി സ്വന്തം കാലിൽ നിൽക്കണമെന്ന് എപ്പോഴും പറയും. കൊടുവായൂരിൽ ടീച്ചേഴ്സ് ട്രെയിനിങ് കോളേജിൽ കൊണ്ടുപോയി ചേർത്തതും അച്ഛന്റെ നിർബന്ധം കൊണ്ടാണ്. വെള്ളിക്കോത്തെ തറവാട്ടിലുള്ളവർ എപ്പോഴൊക്കെ എന്റെ പഠനം മുടക്കിയിട്ടുണ്ടോ,​ അപ്പോഴൊക്കെ അച്ഛനാണ് എല്ലാവരെയും എതിർത്ത് വീണ്ടും എന്നെ സ്‌കൂളിലേക്ക് അയച്ചിരുന്നത്. എന്നെയും രവിയെയും എഴുത്തിനിരുത്തിയതു മുതൽ നല്ല വിദ്യാഭ്യാസം തന്നതുവരെ നോക്കുമ്പോൾ എല്ലാ അർത്ഥത്തിലും പുരോഗമനവാദിയായിരുന്നു,​ അച്ഛൻ.

​​​​​?​ അമ്മയോടും വലിയ സ്നേഹമായിരുന്നോ...

 കൂടാളിയിൽ താമസിക്കുമ്പോൾ ഒരിക്കൽ പൂജാമുറി വൃത്തിയാക്കുകയായിരുന്നു അമ്മ (കുഞ്ഞുലക്ഷ്മി)​. കുടുസുമുറി ആയതുകൊണ്ട് കാറ്റും വെളിച്ചെവുമൊന്നും കടക്കില്ല. ആ മുറിയുടെ വാതിൽ ഉള്ളിൽനിന്ന് അടച്ചാൽപ്പിന്നെ പുറത്തുനിന്ന് ആരെങ്കിലും തള്ളിത്തുറക്കണം. അമ്മ അറിയാതെ വാതിലടച്ചു. ഉള്ളിൽ ചന്ദനത്തിരിയുടേയും മറ്റും പുകയുള്ളതിനാൽ അമ്മക്ക് കടുത്ത ശ്വാസംമുട്ടൽ വന്നു. കുറേനേരം വാതിലിൽ മുട്ടിവിളിച്ചെങ്കിലും അച്ഛൻ കുളിമുറിയിരുന്നു. കുളികഴിഞ്ഞ് പ്രാർത്ഥിക്കാൻ പൂജാമുറിയുടെ വാതിൽ തുറന്നപ്പോൾ അമ്മ ബോധമില്ലാതെ കിടക്കുകയാണ്. അമ്മയുടെ മുഖത്ത് അച്ഛൻ വെള്ളം തളിച്ചു. ബോധംവന്ന് കണ്ണുതുറന്നപ്പോൾ അമ്മ കണ്ടത്,​ തന്നെ മടിയിൽക്കിടത്തി നെഞ്ചുതടവി കുഞ്ഞുങ്ങളെപ്പോലെ വാവിട്ടുകരയുന്ന അച്ഛനെയാണ്.

?​ ഭർത്താവിനെ എപ്പോഴും അടുത്തു കാണുക എന്നത് ഏതു ഭാര്യയുടെയും മോഹമായിരിക്കുമല്ലോ. കവിയാണെങ്കിൽ നിത്യസഞ്ചാരിയും...

 ഒരു സന്ധ്യയ്ക്കുണ്ട്,​ വെള്ളിക്കോത്തെ വീട്ടിലേക്ക് ഫോട്ടോഗ്രാഫറെയും കൂട്ടി ധൃതിയിൽ വരുന്നു,​ അച്ഛൻ, നമുക്കെല്ലാവർക്കും കൂടി ഒരു ഗ്രൂപ്പ് ഫോട്ടോ എടുക്കാമെന്നു പറഞ്ഞു. അമ്മ കുറേ ഒഴിഞ്ഞുമാറാൻ നോക്കിയെങ്കിലും അച്ഛൻ വിട്ടില്ല. ഇനി തനിക്ക് എന്നെ കാണാൻ തോന്നുമ്പോൾ ഈ ഫോട്ടോയിലേക്ക് നോക്കിയാൽ മതിയല്ലോ എന്നൊരു തമാശയും പറഞ്ഞു.

?​ അച്ഛന്റെ പ്രകൃതി,​ സഹജീവി സ്‌നേഹത്തെക്കുറിച്ച്...

 'പൂമ്പാറ്റയോട്, കിളിക്കുഞ്ഞിനോട് ഒക്കെ തോന്നുന്ന സ്‌നേഹമാണ് എനിക്കു നിന്റെ മക്കളോടുമുള്ളത്" എന്ന അച്ഛന്റെ വാക്യം പ്രശസ്തമാണ്. അതിൽത്തന്നെയുണ്ടല്ലൊ അച്ഛന്റെ പ്രകൃതി സ്‌നേഹവും.

കൂടാളിയിലെ വീടിന്റെ ഇടനാഴിയിലെ ജനലഴികളിൽ ഇരുകൈ കൊണ്ടും പിടിച്ച്,​ താഴത്തെ ജനൽപ്പടിയിൽ ഒരു കാൽ കയറ്റിവച്ച് പുറത്തേക്കു നോക്കിനിൽക്കുന്ന അച്ഛന്റെ ശീലം നല്ല ഓർമ്മയുണ്ട്. അവിടെ നിന്നാൽ തൊടിയും കുളവും അതിനപ്പുറത്ത് പാടവുമൊക്കെ കാണാം...

അച്ഛനെ സംബന്ധിച്ച് പ്രകൃതിയിലെ സകല ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണ് ഭൂമിയിലുള്ളതെല്ലാം.
അതുകൊണ്ടാണല്ലോ വീട്ടിൽ ഞങ്ങൾക്ക് കഴിക്കാൻ ഉണ്ടാക്കിവയ്ക്കുന്നതെടുത്ത്,​ തൊടിയിൽ ആരെങ്കിലും കെട്ടിയിട്ടിട്ടു പോയ പശുവിന് കൊണ്ടുക്കൊടുക്കുന്നതും, ശർക്കരയും മുട്ടയുമൊക്കെ വാങ്ങി ഉറുമ്പുകൾക്കു തിന്നാൻ ജനൽപ്പടിയിൽ വയ്ക്കുന്നതും....

?​ അമ്മയുടെ തറവാടായ പൊന്മള വടയക്കളം വീടിനെക്കുറിച്ച്...

 മിക്ക ദിവസവും അവിടെ കലാ,​ സാഹിത്യ, രാഷ്ട്രീയ ചർച്ചകളുണ്ടാവും. അവിടത്തെ മുത്തശ്ശിയും വലിയമ്മമാരും അമ്മാവന്മാരുമൊക്കെ വലിയ സംസാരപ്രിയരായിരുന്നു. നടുത്തളത്തിലും ഉമ്മറത്തുമൊക്കെ തമാശ പറയാനും മറ്റുമായി എന്നും എല്ലാരും ഒന്നിച്ചുകൂടും. വലിയ കമ്മ്യൂണിസ്റ്റ് ബോധമുള്ളവരായിരുന്നു വടയക്കളം തറവാട്ടുകാർ. ഞാൻ ഇ.എം.എസിന്റെ ഫോട്ടോ ആദ്യം കാണുന്നത് തറവാട്ടിലെ നടുത്തളത്തിന്റെ ചുവരിലാണ്. ഇടയ്ക്ക് കുറച്ചു മാത്രം സംസാരിക്കുക എന്നല്ലാതെ ഇടയ്ക്കുകയറി സംസാരിക്കുന്ന ശീലമുണ്ടായിരുന്നില്ല അച്ഛന്.

?​ തിരുവന്തപുരത്ത് സി.പി സത്രത്തിലായിരുന്നല്ലോ അച്ഛന്റെ മരണം. അച്ഛനെ അവസാനമായി കണ്ട ഓർമ വല്ലതും...

 മരിക്കുന്നതിന് മൂന്നോ നാലോ മാസം മുമ്പ് അച്ഛൻ വെള്ളിക്കോത്തു വീട്ടിൽ വന്നിരുന്നു. യാത്രപറഞ്ഞ് പടികടക്കുന്നതിനു മുൻപ് അമ്മ ചോദിച്ചു: 'ഇനിയെപ്പഴാ?" അതിന് തികച്ചും നിർവികാരതയോടെയാണ് അച്ഛൻ മറുപടി പറഞ്ഞത്. 'നമ്മളൊക്കെ വഴിപോക്കരല്ലേ. എന്താ, ഏതാ എന്നൊക്കെ എങ്ങനെ പറയും?" അങ്ങനെ പറഞ്ഞു പോയതാണ് അച്ഛൻ.

ആയിടയ്ക്കുതന്നെ ഒരുദിവസം അമ്മയെ കൂടാളിയിലേക്ക് കൂട്ടിക്കൊണ്ടുപോകാനും വന്നിരുന്നു. അന്ന് എന്റെ മകൾ ജയശ്രീ കൈക്കുഞ്ഞാണ്. അമ്മ കുഞ്ഞിനെയുമെടുത്ത് പടികടന്ന് ഉമ്മറത്തേക്കു വരികയായിരുന്നു. ഞാൻ കുളിമുറിയിലും. വായ നിറയെ ചിരിച്ചുകൊണ്ട് 'എന്റെ മടിയിൽ വച്ചുതരൂ ലക്ഷ്മീ" എന്നു പറഞ്ഞ് മോളുടെ കുഞ്ഞിക്കാലുകളെടുത്ത് സ്വന്തം തലയിൽ വയ്ക്കുന്ന അച്ഛനെ കണ്ടുകൊണ്ടാണ് ഞാൻ ഉമ്മറത്തേക്കു വന്നത്. അമ്മ അച്ഛന്റെ മടിയിൽ കുഞ്ഞിനെ കിടത്തിക്കൊടുത്തു.

അപ്പോൾ കുഞ്ഞിന്റെ മുഖത്തു നോക്കി അഛൻ പറയുകയാണ്, 'ഓർത്തില്ല ലക്ഷ്മീ, ഓർത്തില്ല... തന്നെ ഇപ്പോൾ കൂടുതൽ ആവശ്യം കുഞ്ഞിനാണ്. ഞാൻ ഇനിയൊരിക്കൽ വരാം, തന്നെ കൂട്ടിക്കൊണ്ടുപോകാൻ." പിന്നീടൊരിക്കലും അമ്മയെ അച്ഛന്റെയടുത്തേക്ക് അയയ്ക്കാൻ കഴിയാതെപോയല്ലോ എന്ന സങ്കടം ഇന്നുമെന്നെ നീറ്റുന്നുണ്ട്.

?​ അച്ഛന്റെ ഭൗതിക ശരീരം കാണാൻ അമ്മ പോയില്ലല്ലോ.

 അച്ഛന്റെ മൃതദേഹം കാണാൻ തൃശൂർ സാഹിത്യ അക്കാഡമി ഹാളിലേക്ക് അമ്മ പോയില്ല. വെള്ളിക്കോത്തെ വീടിന്റെ പൂമുഖത്തെ തൂണുംചാരി ഒരേയിരിപ്പായിരുന്നു. അവസാന യാത്ര പറയുന്ന നേരത്ത് അച്ഛന്റെ മുഖത്തുണ്ടായിരുന്ന നേരിയ മന്ദഹാസത്തിനു പകരം,​ നിശ്ചലമായ ആ മുഖം ഇനി കാണേണ്ട എന്നൊരു ഉറച്ച തീരുമാനമായിരുന്നു അതെന്നു തോന്നുന്നു.

(ലേഖകന്റെ ഫോൺ: 90721 01019)​