കളർകോട് വാഹനാപകടം; കാറുടമയ്ക്കെതിരെ കേസെടുത്തു, റിപ്പോർട്ട് കോടതിയിൽ ഉടൻ നൽകും

Friday 06 December 2024 3:48 PM IST

ആലപ്പുഴ: കളർകോട് കെഎസ്ആ‌ർടിസി ബസും കാറും കൂട്ടിയിടിച്ച് ആറ് മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ വാഹന ഉടമയ്ക്കെതിരെ കേസെടുത്തു. വിദ്യാർത്ഥികൾ വാടകയ്ക്കെടുത്ത ടവേര കാറിന്റെ ഉടമ കാക്കാഴം സ്വദേശി ഷാമിൽ ഖാനെതിരെയാണ് മോട്ടോർ വാഹന നിയമപ്രകാരം കേസെടുത്തിരിക്കുന്നത്. ഇയാൾ വിദ്യാർത്ഥികൾക്ക് കാർ നിയമവിരുദ്ധമായി വാടകയ്ക്ക് നൽകിയതാണെന്ന് കണ്ടെത്തി. മോട്ടോർ വാഹന വകുപ്പ് കോടതിയിൽ റിപ്പോർട്ട് നൽകും. ആലപ്പുഴ എൻഫോഴ്സ്‌മെന്റ് ആർടിഒ ആർ രമണനാണ് കേസെടുത്തത്.

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് കേരളത്തെ നടുക്കിയ അപകടം സംഭവിച്ചത്. വണ്ടാനം മെഡിക്കൽ കോളേജിലെ ഒന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. 11 പേരായിരുന്നു കാറിലുണ്ടായിരുന്നത്. പാലക്കാട് സ്വദേശി ശ്രീദേവ് വത്സൻ, മലപ്പുറം കോട്ടക്കൽ സ്വദേശി ദേവനന്ദൻ, കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാർ, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവർ അപകട ദിവസം തന്നെ മരിച്ചിരുന്നു. പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വിദ്യാർത്ഥികളിൽ ഒരാൾ കഴിഞ്ഞ ദിവസമാണ് മരിച്ചത്. എടത്വ സ്വദേശിയായ ആൽവിൻ ജോർജാണ് മരിച്ചത്. അപകടത്തിൽ യാതൊരു പരിക്കുമേൽക്കാതെ തിരുവനന്തപുരം സ്വദേശിയും രക്ഷപ്പെട്ടിരുന്നു. ബസ് യാത്രക്കാരായ രണ്ട് സ്ത്രീകൾക്കും അപകടത്തിൽ പരിക്കേറ്റിരുന്നു.