തലസ്ഥാനത്ത് കിഴക്കേകോട്ടയിൽ രണ്ട് ബസുകൾക്കിടയിൽ പെട്ട് ബാങ്ക് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

Friday 06 December 2024 4:06 PM IST

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ കിഴക്കേകോട്ടയിൽ രണ്ട് ബസുകൾക്കിടയിൽ പെട്ട് ഒരാൾ മരിച്ചു. കേരള ബാങ്ക് ജീവനക്കാരനായ ഉല്ലാസാണ് മരിച്ചത്. റോഡ് മുറിച്ചുകടക്കവെയാണ് അപകടത്തിൽപെട്ടത്. ഉച്ചയ്‌ക്ക് രണ്ടരയോടെയായിരുന്നു ദാരുണ സംഭവം.

കോവളം ഭാഗത്ത് നിന്നും വന്ന കെഎസ്‌ആർ‌ടി‌സി ബസ് തിരികെ പോകാനായി യുടേൺ എടുക്കുകയായിരുന്നു. ഈ സമയം ബസിന് മുന്നിലായിരുന്നു ഉല്ലാസ്. പെട്ടെന്ന് ഒരു സ്വകാര്യബസ് കെഎസ്‌ആർ‌ടിസി ബസിന്റെ തൊട്ടുമുന്നിലൂടെ വലത്തേക്ക് തിരിച്ചു. ഈ രണ്ട് ബസുകൾക്കും ഇടയിൽ ഉല്ലാസ് അകപ്പെട്ടുപോയി. ഉടനെ പൊലീസ് ജീപ്പിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

സംഭവം കണ്ട ജനങ്ങൾ അറിയിച്ചതിനെ തുടർന്നാണ് ഫോർട്ട് പൊലീസ് സ്ഥലത്തെത്തിയതും പൊലീസ് വാഹനത്തിൽ ഉല്ലാസിനെ ആശുപത്രിയിൽ എത്തിച്ചതും. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.