പിങ്ക് ബോളില്‍ ഇന്ത്യയെ പറപ്പിച്ച് ഓസ്‌ട്രേലിയ; അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ആതിഥേയര്‍ക്ക് മേല്‍ക്കൈ

Friday 06 December 2024 6:51 PM IST

അഡ്‌ലെയ്ഡ്: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് എതിരെ ഓസ്‌ട്രേലിയക്ക് മികച്ച തുടക്കം. ഇന്ത്യയെ വെറും 180 റണ്‍സിന് ഓള്‍ ഔട്ടാക്കിയ ആതിഥേയര്‍ കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 86 റണ്‍സ് എന്ന നിലയിലാണ്. നേഥന്‍ മക്‌സ്വീനി (38*), മാര്‍ണസ് ലാബുഷെയ്ന്‍ (20*) എന്നിവരാണ് ക്രീസില്‍. ഉസ്മാന്‍ ഖ്വാജ (13)യുടെ വിക്കറ്റാണ് അവര്‍ക്ക് നഷ്ടമായത്. ജസ്പ്രീത് ബുംറയ്ക്കാണ് വിക്കറ്റ് ലഭിച്ചത്.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ യശസ്വി ജയ്‌സ്‌വാളിനെ 0(1) നഷ്ടപ്പെട്ടു. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ 22കാരന്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ കെ.എല്‍ രാഹുല്‍ (37), ശുബ്മാന്‍ ഗില്‍ (31) എന്നിവര്‍ ചേര്‍ന്ന് 69 റണ്‍സിന്റെ കൂട്ടുകെട്ട് ഇന്ത്യക്ക് പ്രതീക്ഷ നല്‍കി. എന്നാല്‍ സ്റ്റാര്‍ക്ക് ഈ കൂട്ടുകെട്ട് പൊളിച്ചതോടെ ഇന്ത്യന്‍ ബാറ്റര്‍മാരുടെ ഘോഷയാത്ര ആരംഭിച്ചു.സ്‌കോര്‍ 77ല്‍ എത്തിയപ്പോള്‍ ഗില്ലിനെ സ്‌കോട്ട് ബോളാന്‍ഡ് മടക്കി.

വിരാട് കൊഹ്ലി (7), റിഷഭ് പന്ത് (21), രോഹിത് ശര്‍മ്മ (3) എന്നിവര്‍ പെട്ടെന്ന് പുറത്തായപ്പോള്‍ 109ന് ആറ് എന്ന നിലയിലേക്ക് ഇന്ത്യ വീണു. നിതീഷ് റെഡ്ഡി (42) ആണ് ടോപ് സ്‌കോറര്‍. രവിചന്ദ്രന്‍ അശ്വിന് (22) ഒപ്പം താരം ടീമിനെ മുന്നോട്ട് നയിച്ചു. അശ്വിന് പിന്നാലെ ഹര്‍ഷിത് റാണ (0), ജസ്പ്രീത് ബുംറ (0) എന്നിവരും മടങ്ങി. സിറാജ് നാല് റണ്‍സ് നേടി പുറത്താകാതെ നിന്നു. ഓസ്‌ട്രേലിയക്ക് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക് ആറ് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, സ്‌കോട്ട് ബൊളാന്‍ഡ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും വീഴ്ത്തി.