500 വർക് ഷോപ്പുകളിൽ പൊലീസെത്തി, 19,000 വാഹന രജിസ്ട്രേഷൻ നോക്കി, 50,000 കോൾ ഡീറ്റെയിൽസ് പരിശോധിച്ചു
വടകര: ഒൻപത് മാസം മുമ്പ് മുത്തശ്ശിയെയും ബാലികയെയും ഇടിച്ചുതെറിപ്പിച്ച വാഹനം തിരിച്ചറിയാൻ അപകടം നടന്നതിന്റെ 40 കി.മീ ചുറ്റളവിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഫെബ്രുവരിയിൽ തന്നെ പൊലീസ് ശേഖരിച്ചിരുന്നു. സംഭവം നടന്നശേഷം 50 മീറ്റർ ദൂരത്തിനുള്ളിൽ വാഹനം ദേശീയപാതയിൽ നിന്ന് മാറി സഞ്ചരിച്ചതിനാൽ ഈ വാഹനം അതുവഴി വന്നെന്ന് കണ്ടെത്താനായില്ല.
വടകരയിൽ ഷോപ്പിംഗ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ഷജീലും കുടുംബവും അപകടം സംഭവിച്ച ഉടൻ മുട്ടുങ്ങൽ ഭാഗത്തു നിന്നു മീത്തലേഅങ്ങാടിയിലെ ഭാര്യ വീട്ടിലേക്ക് വണ്ടി കൊണ്ടുപോയി നിർത്തിയിടുകയായിരുന്നു.
കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ 500 വർക് ഷോപ്പുകളിൽ പൊലീസ് നേരിട്ടെത്തി പരിശോധന നടത്തി. 50,000 കോൾ ഡീറ്റെയിൽസ് പരിശോധിച്ചു. മാരുതി സ്വിഫ്റ്റ് കാറാണെന്ന് സൂചന ഉണ്ടായിരുന്നതിനാൽ 19,000 വാഹന രജിസ്ട്രേഷനുകളും പരിശോധിച്ചു. കേടുപാടുകൾ സംഭവിച്ചതിനാൽ ഇൻഷ്വറൻസ് ക്ലെയിം തേടിയിട്ടുണ്ടാകുമെന്ന നിഗമനത്തിൽ വിവിധ ഇൻഷ്വറൻസ് കമ്പനികളെ സമീപിച്ചത്.അതിൽ കുടുങ്ങുകയും ചെയ്തു.
ഡിവൈ.എസ്.പി ബെന്നി വി.വി യുടെ നേതൃത്വത്തിൽ എസ്.ഐ.കുഞ്ഞിബാവ.പി , എ.എസ്.ഐ സുരേഷ് ബാബു കെ.പി സ്പെഷൽ പോലീസ് ഓഫീസർമാരായ സന്തോഷ്. ജി.എൽ , ബിജേഷ് കെ ബി, ഷിനിൽ.കെ, ബിനീഷ്.ടി.എച്ച് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വിഷയത്തിൽ ഹൈക്കോടതിയും മനുഷ്യാവകാശ കമ്മിഷനുമെല്ലാം ഇടപെട്ടിരുന്നു. വാഹനം കണ്ടെത്താത്ത പൊലീസിനെതിരെ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു.