ഓട്ടോയിൽ സഞ്ചരിക്കാറുണ്ടോ? എങ്കിൽ വണ്ടിയിൽ കയറിയ ഉടൻ നിങ്ങൾ ഡ്രൈവറോട് ഒരു കാര്യം പറയണം

Saturday 07 December 2024 12:51 PM IST

കൊച്ചി: ഒരേ ദൂരത്തിന് പല നിരക്ക് വാങ്ങി എറണാകുളം നഗരത്തിലെ ഓട്ടോ ഡ്രൈവർമാർ. അമിത യാത്രാക്കൂലി മൂലം തർക്കവും പരാതികളും പതിവാകുന്നു. സിഗ്നലിൽ എത്തുമ്പോൾ ഹോം ഗാർഡോ ട്രാഫിക് പൊലീസോ പരിശോധിക്കുന്നുണ്ടെങ്കിൽ മാത്രം മീറ്റർ പ്രവർത്തിപ്പിക്കുന്നവരാണേറെയും.

സംസ്ഥാനത്തെ എല്ലാ ഓട്ടോ സ്റ്റാൻഡുകളിലും യാത്രക്കാർക്ക് നിരക്ക് തിരിച്ചറിയുന്നതിന് ബോർഡുകൾ സ്ഥാപിക്കണമെന്ന് മോട്ടോർവാഹന വകുപ്പ് നിർദ്ദേശം നൽകിയിരുന്നു. ഇപ്പോഴും അതിൽ നടപടിയുണ്ടായിട്ടില്ല. ഓട്ടോകളിൽ യാത്രക്കാർ കാണുന്നവിധം നിരക്കുപട്ടിക പ്രദർശിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.

മോട്ടോർവാഹന വകുപ്പിന്റെ പുതുക്കിയ ഓട്ടോ യാത്രാനിരക്കാണ് പ്രദർശിപ്പിക്കേണ്ടത്. ഒന്നരക്കിലോമീറ്ററിന് 30 രൂപ എന്ന ഏറ്റവും കുറഞ്ഞ നിരക്ക് മുതൽ 26 കിലോമീറ്ററിനുള്ള 397.50 രൂപ എന്ന നിരക്ക് വരെയാണ് പട്ടികയിലുണ്ടാകേണ്ടത്. കൃത്യമായ യാത്രക്കൂലി എത്രയെന്ന് യാത്രക്കാർക്ക് അറിയാൻ കഴിയാത്തതിനാൽ പലപ്പോഴും ഓട്ടോ ഡ്രൈവർമാർ അമിത യാത്രക്കൂലിയാണ് യാത്രക്കാരിൽ നിന്നും ഈടാക്കുന്നത്. എന്നാൽ,​ മീറ്റർ പ്രവർത്തിപ്പിച്ച മാന്യമായ ഓട്ടോക്കൂലി വാങ്ങുന്ന ഓട്ടോഡ്രൈവർമാരുമുണ്ട്.

പൊതുജനം പരാതിപ്പെടണം

നഗരത്തിൽ കഴുത്തറപ്പൻ കൂലിയാണ് വാങ്ങുന്നതെന്ന് പൊതുവേ പരാതിയുണ്ട്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് അമ്മൻകോവിൽ വരെ സാധാരണ നിരക്ക് 50-60 വരെയാണ്. കഴിഞ്ഞ ദിവസം യാത്രക്കാരനിൽ നിന്ന് ഈടാക്കിയത് 80 രൂപ. മീറ്റർ പോലുമില്ലാത്ത ഓട്ടോ. ചോദ്യം ചെയ്ത യാത്രക്കാരനോട് റോഡ് മോശം, തന്റെ കൈ വയ്യ എന്നിങ്ങനെ കാരണങ്ങളുടെ കെട്ടഴിച്ചു. വൈപ്പിനിൽ നിന്ന് പാലാരിവട്ടത്തേക്ക് ഓട്ടംവിളിച്ച യാത്രക്കാരനിൽനിന്ന് 340 രൂപയുടെ ഓട്ടത്തിന് 60 രൂപ അധികമായി ഈടാക്കിയതിന് ഓട്ടോ ഡ്രൈവർക്കെതിരെ മോട്ടോർ വാഹനവകുപ്പ് നടപടി സ്വീകരിച്ചിരുന്നു. പൊതുജനം പരാതി പറയാത്തതാണ് പ്രശ്നം. പലരും അഞ്ച് രൂപയോ 10 രൂപയോ അല്ലേയെന്ന് പറഞ്ഞ് വിട്ടുകളയുകയാണ്. ജനം പരാതി പറഞ്ഞാലുടൻ നടപടി എടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറയുന്നു.

ഓട്ടോയിൽ കയറിയാൽ മീറ്റർ ഇടാൻ പറയണം. മീറ്റർ ഇല്ലെങ്കിൽ അപ്പോൾത്തന്നെ അതിന്റെ ഫോട്ടോ എടുത്ത് പരിവാഹൻ സൈറ്റിൽ കയറി പരാതി അറിയിക്കാം. അത് പറ്റിയില്ലെങ്കിൽ ഓട്ടോയുടെ നമ്പർ മോട്ടോർ വാഹന വകുപ്പിനെ അറിയിച്ചാലും മതി.

ടി.എം. ജേഴ്സൺ

ആർ.ടി.ഒ

എറണാകുളം

എല്ലാ ഓട്ടോ സ്റ്റാൻഡുകളിലും നിരക്ക് ബോർഡുകൾ സ്ഥാപിക്കണം. അല്ലാത്ത പക്ഷം നഗരത്തിൽ പുതുതായി എത്തുന്ന യാത്രക്കാ‌ർ പറ്റിക്കപ്പെടാൻ സാദ്ധ്യതയുണ്ട്.

രാമകൃഷ്ണൻ

നഗരവാസി