"അങ്ങനെ ആരുടെ മുന്നിലും കണ്ണ് നിറയുന്ന ആളല്ല"; അന്ന് ഞാൻ അത്‌ പറഞ്ഞപ്പോൾ സഖാവിന്റെ കണ്ണ് നിറഞ്ഞെന്ന് സുരേഷ് ഗോപി

Saturday 07 December 2024 4:00 PM IST

കണ്ണൂർ: ഇ കെ നായനാരുടെ ഭാര്യ ശാരദ ടീച്ചറുടെ നവതി ആഘോഷത്തിൽ പങ്കുചേർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സ്പീക്കർ എ എൻ ഷംസീർ, ഇ പി ജയരാജൻ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു. അമ്മയുടെ (ശാരദ ടീച്ചർ) മൂത്ത മകനായിട്ടാണ് താൻ വന്നിരിക്കുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു.

'നമസ്‌കാരം, കൃഷ്ണകുമാർ ഇവിടെ ദീർഘനേരം അച്ഛനെയും അമ്മയേയും കുറിച്ച് സംസാരിച്ചത് വളരെ ഹ്രസ്വമായാണ് എന്നെപ്പോലെ തന്നെ എല്ലാവർക്കും തോന്നുന്നത്. പറഞ്ഞാൽ ഒരിക്കലും അവസാനിപ്പിക്കാൻ കഴിയാത്തത്രയുമുണ്ട്.'- അദ്ദേഹം പറഞ്ഞു.

'ഞാൻ ഈ വേദിയിൽ നിൽക്കുന്നത് രാഷ്ട്രീയ പ്രവർത്തകനോ മന്ത്രിയോ സിനിമാ നടനോ അയിട്ടൊന്നുമല്ല. കല്ല്യാശ്ശേരിയിലെ വീട്ടിലെത്തിയാൽ വാരിപ്പുണർന്ന് അനുഗ്രഹം വാങ്ങി, അതിനുശേഷം ഇങ്ങനെ തൊട്ടുരുമ്മി നിൽക്കുന്നതാണ്. ഈ വേദിയിൽ അമ്മയുടെ മൂത്ത സന്താനത്തിന്റെ സ്ഥാനമാണ് ഞാനിങ്ങ് എടുത്തിരിക്കുന്നതെന്നേ എനിക്ക് പറയാനാകൂ. ഈ അമ്മയെ ഞാനിങ്ങ് എടുക്കുവാ എന്ന് പറയാതെ എടുത്ത മകനാണ് ഞാൻ. അത് കൃഷ്ണകുമാറും സഹോദരങ്ങളുമെല്ലാം അംഗീകരിച്ച കാര്യമാണ്. അതെനിക്ക് രാഷ്ട്രീയമുണ്ടാകുന്ന കാലഘത്തിനൊക്കെ മുമ്പാണ്. 1992 മുതലാണ് സഖാവുമായിട്ടുള്ള ബന്ധം തുടങ്ങുന്നത്. അദ്ദേഹം അതിതീവ്രമായി പേവാർഡിൽ കിടക്കുന്ന സമയത്ത് കാണാൻ പോയി. അന്ന് അമ്മ അടുത്തുണ്ട്. അദ്ദേഹം ജയിൽവാസക്കാലത്ത് എങ്ങനെയാണ് മഹാഭാരതം വായിച്ചത്, യുദ്ധത്തിലെ ചതിയും ചതിക്കുഴിയും ഇതൊക്കെ പറഞ്ഞു. ഇടയ്ക്ക് ചുമയ്ക്കും. അന്ന് അമ്മ പറഞ്ഞു, വർത്താനം പറയണ്ട, സുരേഷ് പറയട്ടേ എന്ന്. എന്നാൽ എന്റെ ഏറ്റവും പ്രിയപ്പെട്ട കൃഷ്ണനെ കളിയാക്കി സംസാരിച്ചു. തന്റെ കൃഷ്ണനില്ലേടോ, ഓനാണ് ഈ ലോകത്തെ ഏറ്റവും വലിയ കള്ളൻ.

ആ കൗരവന്മാർക്കൊക്കെ ഇട്ട് പണി കൊടുത്ത പെരും കള്ളനാണെന്ന് പറഞ്ഞു. അപ്പോൾ ഞാൻ ചോദിച്ചു അങ്ങ് സഖാവ് കൃഷ്ണകുമാറിന്റെ കുഞ്ഞിന്റെ അരയിൽ നൂല് കെട്ടിക്കൊടുക്കുന്ന ചടങ്ങിന്റെ ഫോട്ടോ ഞാൻ കണ്ടല്ലോ എന്ന്. ഞാൻ അങ്ങനെ പറഞ്ഞപ്പോൾ സഖാവിന്റെ കണ്ണ് നിറഞ്ഞു. എനിക്ക് തോന്നുന്നു അങ്ങനെ ആരുടെ മുന്നിലും കണ്ണ് നിറയുന്ന ആളല്ലെന്ന്. നല്ല കരുത്തനാണ്. '- സുരേഷ് ഗോപി പറഞ്ഞു.