ആ ആശയം കൂടി ചുമത്തിയാൽ വൈദ്യുതി ബിൽ കുത്തനെ ഉയരുമായിരുന്നു: സർക്കാരിന് 'പേടി'യുള്ളത് കൊണ്ട് നടപ്പാക്കിയില്ല

Saturday 07 December 2024 4:50 PM IST

തിരുവനന്തപുരം: നിരക്ക് വർദ്ധനയോടെ കെ.എസ്.ഇ.ബി.ക്ക് ഈ വർഷം ഏകദേശം 408 കോടിയുടെ അധികവരുമാനം കിട്ടുമെന്നാണ് പ്രതീക്ഷ. അടുത്ത വർഷം 695കോടിയോളവും അധികം നേടാനായേക്കും. 800 കോടിയോളം രൂപയുടെ അധികവരുമാനമെങ്കിലും കിട്ടുന്ന തരത്തിൽ നിരക്ക് വർദ്ധന വേണമെന്നായിരുന്നു കെ.എസ്.ഇ.ബി.യുടെ ആവശ്യം.

ഈ വർഷം 1370.09കോടിയുടേയും അടുത്ത വർഷം 1108.03കോടിയുടേയും പിന്നത്തെ വർഷം 1065.95കോടിയുടേയും നഷ്ടമുണ്ടാകുമെന്നാണ് കെ.എസ്.ഇ.ബി.യുടെ കണക്ക്.ഇത് മറികടക്കാനുള്ള താരിഫ് പരിഷ്ക്കരണത്തിനാണ് അനുമതി തേടിയിരുന്നത്. ഇതിന് പുറമെ വേനൽക്കാലത്ത് വൻവില കൊടുത്ത് പുറമെ നിന്ന് വൈദ്യുതി വാങ്ങുന്ന സാഹചര്യത്തിൽ ജനുവരിമുതൽ മേയ് മാസം വരെ യൂണിറ്റിന് 10 പൈസ സമ്മർതാരിഫ് എന്ന പേരിൽ അധികം വാങ്ങാനും ലക്ഷ്യമിട്ടിരുന്നു.

ഇതിലൂടെ ഈ വർഷം 111കോടിയും അടുത്ത വർഷം 233കോടിയും കൂടുതൽ നേടാമെന്നും കെ.എസ്.ഇ.ബി.പ്രതീക്ഷിച്ചിരുന്നു. എന്നാൽ സമ്മർതാരിഫ് ആശയം റെഗുലേറ്ററി കമ്മിഷൻ തള്ളി, സമ്മർതാരിഫ് വേണ്ടെന്നായിരുന്നു സർക്കാർ നിലപാട്. ഇതുകൂടി ചുമത്തിയാൽ വൈദ്യുതി ബിൽ വേനൽക്കാലത്ത് കുത്തനെ ഉയരും. ഇത് ജനങ്ങളിൽ പ്രതിഷേധമുണ്ടാക്കുമെന്ന് സർക്കാർ ആശങ്കപ്പെട്ടു.